ആലപ്പുഴ: സാലറി ചാലഞ്ചില്‍ സുപ്രീംകോടതിയില്‍ നിന്ന് സര്‍ക്കാറിനേറ്റ തിരിച്ചടി അയ്യപ്പന്റെ കളിയാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം കൃഷ്ണദാസ്. കമ്യൂണിസത്തെ സൈദ്ധാന്തികമായി തകര്‍ക്കുന്ന അയ്യപ്പ ദര്‍ശനത്തെ ഇല്ലാതാക്കാനാണു സി.പി.ഐ.എം ശ്രമിക്കുന്നതെന്നും ഈ നടപടിയുമായി പിണറായി വിജയന്‍ മുന്നോട്ടു പോയാല്‍ അതു സര്‍ക്കാരിന്റെ നാശത്തിലേക്കു നയിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.
“സാലറി ചാലഞ്ചില്‍ സുപ്രീംകോടതിയില്‍ സംഭവിച്ച തിരിച്ചടി ആദ്യത്തേതാണ്. ഇതു തുടരും. എല്ലാം അയ്യപ്പന്റെ കളിയാണ്”. കൃഷ്ണദാസ് പറഞ്ഞു.
“സര്‍ക്കാരിനെ പിരിച്ചു വിടുകയല്ല, ജനങ്ങളുടെ സഹായത്തോടെ താഴെയിറക്കുകയാണു ബി.ജെ.പി നിലപാട്. അതാണു ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. ബുദ്ധദേവ് ഭട്ടാചാര്യയ്ക്കും മണിക് സര്‍ക്കാരിനും സംഭവിച്ചതു പിണറായി വിജയനും സംഭവിക്കും. പിണറായി 1000 ജന്മമെടുത്താലും ശബരിമലയില്‍ ആചാര ലംഘനം അനുവദിക്കില്ല. പൊലീസുകാര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. നിലയ്ക്കലില്‍ നടന്ന നടപടികള്‍ക്കിടയിലെ പൊലീസിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സമൂഹമാധ്യമങ്ങളിലും തുറന്നു കാണിക്കും”. അദ്ദേഹം വ്യക്തമാക്കി.
മന്ത്രി ജി.സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്രയും വേഗം ഊളംപാറയില്‍ അയക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.