| Thursday, 18th May 2017, 8:52 am

മന്ത്രി എ.കെ ബാലന്റെ ഭാര്യയുടെ ആരോഗ്യ വകുപ്പിലെ നിയമനം വിവാദത്തില്‍; യോഗ്യതകള്‍ പരിഗണിച്ചാണ് നിയമനമെന്ന് ആരോഗ്യവകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരില്‍ വീണ്ടും ബന്ധു നിയമനമെന്ന് ആരോപണം. ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ആര്‍ദ്രം പദ്ധതിയുടെ മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്റായി മന്ത്രി എ.കെ. ബാലന്റെ ഭാര്യയും മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടറുമായ ഡോ. പി.കെ. ജമീലയെ നിയമിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ആരോഗ്യവകുപ്പില്‍ നിന്ന് വിരമിച്ച മറ്റ് രണ്ട് പേര്‍ കൂടി ഈ തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും ഡോ. പി.കെ. ജമീല മാത്രമാണ് ഇക്കഴിഞ്ഞ 26ാം തിയതി നടന്ന അഭിമുഖത്തില്‍ പങ്കെടുത്തതെന്ന് മനോരമ ന്യസാണ് റിപ്പോര്‍ട്ട് ചെയ്തത്.


Also read പൊലീസ് സ്റ്റേഷനുകളിലെ നിര്‍ബന്ധിത യോഗ പരിശീലനം അവസാനിപ്പിച്ചു


സാധാരണക്കാര്‍ക്ക് കൂടുതല്‍ ഗുണമേന്‍മയുള്ള സേവനം പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ തന്നെ ഉറപ്പാക്കിക്കൊണ്ട് പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി വിപുലപ്പെടുത്തുന്ന പദ്ധതിയാണ് ആരോഗ്യവകുപ്പിന്റെ ആര്‍ദ്രം മിഷന്‍. ഫെബ്രുവരിയില്‍ ആരംഭിച്ച ഈ പദ്ധതിയുടെ മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്റായാണ് ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടറും മന്ത്രി എ.കെ. ബാലന്റെ ഭാര്യയുമായ ഡോ. പി.കെ ജമീലയെ നിയമിച്ചിരിക്കുന്നത്.

എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ആരോഗ്യവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ സുതാര്യ നടപടികളിലൂടെയാണ് നിയമനമെന്ന് പറഞ്ഞു.

മൂന്ന് പേരാണ് ഈ തസ്തികയിലേക്ക് അപേക്ഷിച്ചതെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. അപേക്ഷകരുടെ പട്ടികയില്‍ ഡോ. പി.കെ. ജമീലയുണ്ടെന്ന് അറിഞ്ഞതോടെ ഒരാള്‍ പിന്‍മാറിയെന്നും അഭിമുഖത്തിന്റെയന്ന് മറ്റൊരാള്‍ കൂടി എത്തിയിരുന്നെങ്കിലും മന്ത്രിയുടെ ഭാര്യയുള്ളതറിഞ്ഞ് അഭിമുഖത്തില്‍ പങ്കെടുക്കാതെ മടങ്ങുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Dont miss മോദി നമ്മുടെ രാജാവാണ്; പശുവിനെ ദേശീയ മൃഗമാക്കണം; പെഹ്‌ലു ഖാനെ കൊന്നവര്‍ സ്വര്‍ഗത്തില്‍ പോകും; സാധ്വി കമല്‍ 


നടപടി ക്രമങ്ങളെല്ലാം പാലിച്ച് തന്നെയാണ് പി.കെ.ജമീലയെ നിയമിച്ചതെന്നും നിയമനത്തിനായി പരസ്യം ക്ഷണിച്ചിരുന്നതായും രാജീവ് സദാനന്ദന്‍ വ്യക്തമാക്കി. കഴിഞ്ഞ 26ന് തിരുവനന്തപുരം എന്‍.എച്ച്.എം ആസ്ഥാനത്ത് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തന്നെയായിരുന്നു അഭിമുഖം. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ് മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്റിന്റെ ചുമതല.

We use cookies to give you the best possible experience. Learn more