| Wednesday, 10th March 2021, 12:58 pm

ഭര്‍ത്താവിന് വേണ്ടി മാറേണ്ടി വന്ന ജമീല പ്രകാശം, ഭര്‍ത്താവിനാല്‍ മാറ്റപ്പെട്ട പി.കെ ജമീല; ഇടംപിടിച്ചത് കാനത്തില്‍ ജമീല മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി പട്ടികയുടെ ചിത്രം തെളിഞ്ഞുവരികയാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് മൂന്ന് ജമീലമാരുടെ പേരുകള്‍ ചര്‍ച്ചയായി ഉയര്‍ന്നുവന്നിരുന്നു.  തരൂരില്‍ പി.കെ ജമീല, കോവളത്ത് ജമീല പ്രകാശം, കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീല എന്നിവരുടെ പേരുകളായിരുന്നു മണ്ഡലത്തിന്റെ പ്രാധാന്യം കൊണ്ടും ചില വിവാവദങ്ങള്‍ക്കൊണ്ടും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്.

എന്നാല്‍ സ്ഥാനാര്‍ത്ഥികളുടെ അന്തിമപട്ടികയുടെ രൂപം പുറത്തുവരുമ്പോള്‍ ശ്രദ്ധേയമായ മൂന്ന് സീറ്റുകളില്‍ കാനത്തില്‍ ജമീലയ്ക്ക് മാത്രമാണ് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചിരിക്കുന്നത്.

ഏറെ ശ്രദ്ധിക്കപ്പെട്ട സ്ത്രീപക്ഷ നിലപാടുകള്‍ സ്വീകരിച്ച വ്യക്തികൂടിയായ ജമീല പ്രകാശത്തിന് കോവളം സീറ്റ് നഷ്ടമായിരിക്കുകയാണ്. ശബരിമല വിവാദത്തിലും പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയത്തിലും വിട്ടുവീഴ്ചയില്ലാത്ത അവരുടെ നിലപാടുകള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജെ.ഡി.എസ് യോഗത്തില്‍ കോവളം സീറ്റിനു വേണ്ടി ശക്തമായ അവകാശവാദം ഉന്നയിച്ചെങ്കിലും ജമീല പ്രകാശത്തിന് സീറ്റ് ലഭിച്ചില്ല.

മണ്ഡലത്തില്‍ തനിക്കാണ് വിജയസാധ്യതയെന്ന് മുന്‍ എം.എല്‍.എ കൂടിയായ അവര്‍ തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ലമെന്ററി യോഗത്തില്‍ പറഞ്ഞത് വലിയ തര്‍ക്കത്തിന് ഇടയാക്കിയിരുന്നു. മണ്ഡലം കമ്മിറ്റി ജമീല പ്രകാശത്തിന്റെ ഭര്‍ത്താവുകൂടിയായ നീലലോഹിതദാസന്‍ നടാരുടെ പേരായിരുന്നു നിര്‍ദേശിച്ചത്. ചൊവ്വാഴ്ച ജെ.ഡി.എസ് ജമീല പ്രകാശമല്ല നീലലോഹിതദാസന്‍ നാടാര്‍ തന്നെയാണ് കോവളത്തെ സ്ഥാനാര്‍ത്ഥിയെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.

1977ലെ തെരഞ്ഞെടുപ്പില്‍ കോവളത്ത് നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് നാലായിരം വോട്ടുകള്‍ക്ക് വിജയിച്ച വ്യക്തിയാണ് നീലലോഹിതദാസന്‍ നാടാര്‍. 1979ലെ തെരഞ്ഞെടുപ്പില്‍ എ.എന്‍ ഗോവിന്ദന്‍നായര്‍ക്കെതിരെ വന്‍ ഭൂരിപക്ഷത്തിനാണ് അദ്ദേഹം ജയിച്ചുവന്നത്. കോവളത്ത് ഇത് ഏഴാം തവണയാണ് നീലലോഹിതദാസന്‍ മത്സരിക്കുന്നത്. ഏഴുതവണ മത്സരിച്ചതില്‍ അഞ്ച് തവണയും അദ്ദേഹം വിജയിച്ചിരുന്നു.

1991ലെ വിജയം ഹൈക്കോടതി അസാധുവാക്കുകയായിരുന്നു. 2011ല്‍ നളിനി നെറ്റോ ഐ.എ.എസിനെ അപമാനിച്ച കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് നീലന്‍ വിവാദത്തില്‍പ്പെട്ടപ്പോഴാണ് ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ആര്‍.പ്രകാശത്തിന്റെ മകളും, നീലലോഹിതദാസന്‍ നടാരുടെ ഭാര്യയുമായ പി.കെ ജമീല മത്സരിക്കുന്നത്. അന്ന് 2615 വോട്ടുകള്‍ക്കാണ് അവര്‍ വിജയിച്ചത്.

മറ്റൊരു വിവാദമായ സ്ഥാനാര്‍ത്ഥിത്വം പാലക്കാട് തരൂര്‍ മണ്ഡലത്തിലെ ഡോ.പി.കെ ജമീലയുമായി ബന്ധപ്പെട്ടതായിരുന്നു.

മന്ത്രി എ.കെ ബാലന്റെ ഭാര്യയായ പി.കെ ജമീലയെ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം പരിഗണിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജില്ലാ നേതൃത്വത്തിന്റെ ഉള്‍പ്പെടെ വിമര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ജമീലയെ ഒഴിവാക്കുകയായിരുന്നു.

സംഘടനാ രംഗത്ത് സജീവമല്ലാത്ത പി.കെ ജമീലയെ മത്സരിപ്പിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനിച്ചത്. ഇപ്പോള്‍ കൊയിലാണ്ടി മണ്ഡലത്തില്‍ കാനത്തില്‍ ജമീലയുടെ പേര് മാത്രമാണ് അന്തിമ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. സി.പി.ഐ.എമ്മിന്റെ വനിതാ നേതൃനിരയില്‍ സുപരിചിതമായ മുഖമാണ് കാനത്തില്‍ ജമീലയുടേത്. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നന്മണ്ട ഡിവിഷനില്‍ നിന്ന് 8094 വോട്ടുകള്‍ക്കാണ് ജമീല ജയിച്ചത്.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന ജോയ്ന്റ് സെക്രട്ടറിയുമാണ് അവര്‍. നേരത്തെ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PK Jameela and Jameela Prakasham  didn’t get a seat in Kerala Election 2021

We use cookies to give you the best possible experience. Learn more