ജലീലിനെ വിടാതെ പി.കെ ഫിറോസ്; അദീബിന്റെ ശമ്പള കണക്ക് പുറത്ത്
Kerala News
ജലീലിനെ വിടാതെ പി.കെ ഫിറോസ്; അദീബിന്റെ ശമ്പള കണക്ക് പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd November 2018, 5:58 pm

കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ വിടാതെ യൂത്ത് ലീഗ്. മന്ത്രിയുടെ ബന്ധു കെ.ടി അദീബ് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിന്ന് രാജിവെച്ചെങ്കിലും നിയമനം മന്ത്രിയുടെ അറിവോടെ തന്നെയായിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍ പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പുറത്ത് വിട്ടു.

സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ഒരു ലക്ഷം രൂപയിലേറെ ശമ്പളം ലഭിച്ചിരുന്ന കെ.ടി അദീബ് വെറും 85664 രൂപയ്ക്കാണ് ഡെപ്യൂട്ടേഷനില്‍ ന്യൂനപക്ഷ ധനാകാര്യ കോര്‍പ്പറേഷനില്‍ ജോലി ചെയ്യുന്നത് എന്നായിരുന്നു ഇത് സംബന്ധിച്ച് മന്ത്രിയും കോര്‍പ്പറേഷന്‍ അധികൃതരും ആദ്യം മുതല്‍ പറഞ്ഞിരുന്നത്. മറ്റ് അലവന്‍സുകളൊന്നും അനുവദിക്കുന്നില്ലെന്നും പറഞ്ഞിരുന്നു.

ALSO READ: ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല; പത്രസമ്മേളനവും നടത്തില്ല; മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് കുമാരസ്വാമി

എന്നാല്‍, അത് തെറ്റാണെന്നും തനിക്ക് പെട്രോള്‍ അലവന്‍സ് ഉള്‍പ്പെടെ മുമ്പ് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ അനുവദിച്ചിരുന്ന അലവന്‍സുകളെല്ലാം അനുവദിച്ച് തരണമെന്നും ചൂണ്ടിക്കാട്ടി അദീബ് കോര്‍പ്പറേഷന് നല്‍കിയ കത്ത് ഇന്ന് പി.കെ ഫിറോസ് പുറത്തുവിട്ടു. ഇതോടെ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യാന്‍ അദീബ് സമ്മതിക്കുകയായിരുന്നുവെന്ന മന്ത്രിയുടെ വാദമാണ് പൊളിഞ്ഞത്.

മാസത്തില്‍ 100 ലിറ്റര്‍ പെട്രോള്‍ അടിക്കാനുള്ള തുക, വിനോദത്തിനുള്ള അലവന്‍സ്, വര്‍ഷത്തില്‍ വാഹനം നന്നാക്കാനുള്ള തുക തുടങ്ങി വിചിത്രമായ വിവിധ ആവശ്യങ്ങളാണ് അദീബ് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടത്. യൂത്ത്‌ലീഗ് വിഷയം ഉയര്‍ത്തിക്കൊണ്ട് വന്നില്ലെങ്കില്‍ ഇതൊക്കെ അനുവദിച്ച് കൊടുക്കാനും സര്‍ക്കാര്‍ മടിക്കില്ലായിരുന്നുവെന്ന് പി.കെ ഫിറോസ് പറഞ്ഞു.

ALSO READ: വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെടുമെന്ന് കാന്തപുരത്തിന് നേരത്തെ അറിയാമായിരുന്നു: അവകാശവാദവുമായി ശിഷ്യന്‍

വിവരാവകാശ നിയമപ്രകാരം നിയമന രേഖ ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാന്‍ തയ്യാറാവുന്നില്ല, പകരം അത് കോര്‍പറേഷന്റെ കീഴിലാണുള്ളതെന്ന മറുപടിയാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്നും ഫിറോസ് ചൂണ്ടിക്കാട്ടുന്നു. ഇത് വിവരാവകാശ നിയമത്തിന്റെ ലംഘനം കൂടിയാവുമെന്നിരിക്കെ ബന്ധു നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് പോവുന്നത്.

ധനകാര്യ വകുപ്പില്‍ നിന്നുള്ള രേഖകള്‍ കൂടി ലഭിച്ചുകഴിഞ്ഞാല്‍ നിയമനടപടികളിലേക്കു കടക്കുമെന്നും ഫിറോസ് പറഞ്ഞു.

WATCH THIS VIDEO: