| Wednesday, 19th August 2020, 6:16 pm

ആ ഡിസ്‌ലൈക്കുകള്‍ ഈ സര്‍ക്കാറിനുള്ള യുവാക്കളുടെ മറുപടിയാണ്, പി.എസ്.സി വിവാദത്തില്‍ പി.കെ ഫിറോസ് സംസാരിക്കുന്നു

പി.കെ ഫിറോസ്‌

പി.എസ്.സി നിയമനങ്ങളുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. കൃത്യമായി നിയമനങ്ങള്‍ നടത്തുന്നില്ലെന്നും താല്‍ക്കാലിക നിയമനം സ്ഥിരപ്പെടുത്തി റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെ പുറത്തുനിര്‍ത്തുകയാണെന്നും റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി നല്‍കില്ലെന്നുമുള്ള ഉദ്യോഗാര്‍ത്ഥികളുടെ പരാതിക്ക് പിന്നാലെ പ്രതിപക്ഷവും വിഷയത്തില്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ പി.എസ്.സി വിവാദങ്ങളെക്കുറിച്ച് യൂത്ത് ലീഗ് നോതാവ് പി.കെ ഫിറോസ് ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു

ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന് ശേഷം പി. എസ്. സിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിലവില്‍ പി.എസ്.സിക്കെതിരെയുള്ള വലിയ വിമര്‍ശനങ്ങളാണ് നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികള്‍ക്ക് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉന്നത റാങ്ക ലഭിച്ചതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിവാദം നമുക്കറിയാമല്ലോ, പഠിച്ച് പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരുടെ അവസരങ്ങളെ ഇല്ലാതാക്കിക്കൊണ്ടാണ് ഇത്തരത്തിലുള്ളവര്‍ ഭരണകൂടത്തിന്റെ സഹായത്തോടെ അട്ടിമറി നടത്തി റാങ്ക് ലിസ്റ്റില്‍ ഇടം നേടുന്നത്. ഈ വിഷയങ്ങള്‍ ഇന്നും അവസാനിക്കാത്തതാണ്.

മറ്റൊന്ന്, പിന്‍വാതില്‍ നിയമനങ്ങള്‍ക്കാണ് ഈ സര്‍ക്കാര്‍ പ്രാധാന്യം കൊടുക്കുന്നത് എന്നതാണ്. മന്ത്രിയുടെ ബന്ധുക്കള്‍ക്കും പാര്‍ട്ടിക്കാരുടെ സ്വന്തക്കാര്‍ക്കും വേണ്ടി നിയമനങ്ങള്‍ ഒരുക്കുന്നത് എന്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്, നിയമവിരുദ്ധമായി ഇടപെടുന്നതിനപ്പുറം കഴിവുള്ള ഉദ്യോഗാര്‍ത്ഥികളുടെ അവസരം കൂടിയാണ് ഇത്തരം പിന്‍വാതില്‍ നിയമനങ്ങളിലൂടെ നടക്കുന്നത്. തന്റെ ബന്ധുവിന് പി.എസ്.സി നിയമനം നേടികൊടുക്കാന്‍ ശ്രമിച്ച ഇ.പി ജയരാജന് രാജിവെക്കേണ്ടി വന്നതുവരെ നമുക്കറിയാം. എന്നാല്‍ പിന്നീട് ജയരാജന്‍ അധികാരസ്ഥാനത്തേക്ക് മടങ്ങിവരുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ പി.എസ്.സിയിലുള്ള വിശ്വാസം കൂടിയാണ് അവിടെ നഷ്ടപ്പെടുന്നത്.

കെ.ടി ജലീലിന്റെ കാര്യം പരിശോധിക്കുമ്പോഴും ഇത്തരത്തില്‍ തന്നെയല്ലേ സംഭവിച്ചത്. പി.എസ്.സിയില്‍ ക്രമക്കേട് നടത്തിയെന്ന കാര്യം പുറത്തുവന്നാല്‍ ഒരു രാജിക്കപ്പുറം എന്താണ് ഉണ്ടാവുന്നത്? മറ്റ് നിയമനടിപടികള്‍ക്ക്് ഇവരൊന്നും വിധേയരാവുന്നില്ലെന്നത് പി.എസ്.സിയെ സംബന്ധിച്ച് കാലാകാലങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും അടുത്ത സുഹൃത്തായ കോഴിക്കോട് കൃഷ്ണന്‍ നായരുടെ സഹോദരന്റെ പുത്രനെ ഉയര്‍ന്ന ശമ്പളത്തോടെയും പത്ത് ശതമാനം ഇന്‍ക്രിമെന്റോടെയുമാണ് നിയമിച്ചിട്ടുള്ളത്. സാധാരണയായി ഇന്‍ക്രിമെന്റ് രണ്ട് ശതമാനം ഉള്ളിടത്താണ് അധികാരത്തിലിരിക്കുന്നവരുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി എന്തും നടത്താമെന്ന അവസ്ഥയുണ്ടാവുന്നത്. നിയമനം നടത്തിയതിലും ഉയര്‍ന്ന ശമ്പളം നല്‍കുന്നതിലുമെല്ലാം വിമര്‍ശനങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഇയാളെ സ്ഥിരപ്പെടുത്താനുള്ള ശ്രമം കൂടി നടന്നുവരുന്നത്.

ലൈബ്രറി കൗണ്‍സിലില്‍ നിയമിച്ച താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതും ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ്. എ.കെ ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മനുഭൂഷന്‍ എന്ന വ്യക്തിക്ക് താല്‍ക്കാലികമായി നിയമനം നല്‍കുകയും പിന്നീട് സര്‍ക്കാര്‍ അത് സ്ഥിരപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. റൂള്‍ 39 പ്രകാരമാണ് അന്ന് മനുഭൂഷന് നിയമനം നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇത് പ്രത്യേക സാഹചര്യങ്ങളില്‍ നടത്തുന്ന നിയമനങ്ങളാണ്. നിപ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടെ മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ്, വാരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖില, കോഴിക്കോട് മാന്‍ഹോളില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിന്റെ ഭാര്യ സഫ്രീന എന്നിവര്‍ക്കെല്ലാം റൂള്‍ 39 പ്രകാരമാണ് ജോലി നല്‍കിയത്. ഈ നിയമനസാധ്യത ഉപയോഗിച്ച് എങ്ങനെയാണ് മനുഭൂഷന് ജോലി ലഭിക്കുന്നത് എന്നത് ഞാന്‍ നേരത്തേയും ഉന്നയിച്ചിട്ടുള്ള ചോദ്യമാണ്. മതിയായ വിദ്യാഭ്യാസയോഗ്യതയില്ലാത്ത നാല് പേരെ പട്ടികജാതി വര്‍ഗ വകുപ്പിന് കീഴിലുള്ള കിര്‍ത്താഡ്‌സില്‍ സ്ഥിരപ്പെടുത്തിയ വിവാദം നിലനിന്നപ്പോഴും ഈ സര്‍ക്കാര്‍ കാര്യമായ ഒരന്വേഷണവും അക്കാര്യത്തില്‍ നടത്തിയിരുന്നില്ല. ഇതിനൊന്നും ഒരന്വേഷണവും വേണ്ട എന്ന നിലപാടാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങളിലെല്ലാം എടുത്തിട്ടുമുള്ളത്.

ഇവിടെ നാം ശ്രദ്ധിക്കേണ്ട കാര്യമുണ്ട്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഭരണത്തിലിരിക്കുന്ന മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പി.എസ്.സി അനധികൃത നിയമനങ്ങളുടെ പേരില്‍ ചോദ്യം ചെയ്യപ്പെടുമ്പോഴാണ് സാധാരണക്കാരായ പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ നിരവധി പരാതികള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് ഉന്നതര്‍ തന്നെ തള്ളിക്കളയുന്നത്.

യൂണിവേഴ്‌സിറ്റി നിയമനങ്ങള്‍ മുഴുവന്‍ പി.എസ്.സിക്ക് വിടാന്‍ വേണ്ടി നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളുമാണ് നടക്കുന്നത്. സംസ്ഥാനത്തെ വിവിധ ക്ഷേമനിധി ബോര്‍ഡുകളിലേക്കും റാങ്ക്‌ലിസ്റ്റ് നിലനില്‍ക്കെ തന്നെ താല്‍ക്കാലിക നിയമനങ്ങള്‍ നടക്കുന്നുണ്ട്. അംഗീകൃത പോസ്റ്റുകളിലാണ് ഇത്തരം നിയമനങ്ങള്‍ നടക്കുന്നതെന്നാണ് സര്‍ക്കാറിന്റെ വാദം. താല്‍ക്കാലിക നിയമനങ്ങളില്‍ സംവരണം നോക്കേണ്ടതില്ലെന്നതും ചട്ടലംഘനം നടത്തിയുള്ള നിയമനങ്ങള്‍ക്ക് എളുപ്പവഴിയായി മാറിക്കൊണ്ടിരിക്കുകയാണ്. താല്‍ക്കാലിക നിയമനങ്ങള്‍ ആണെങ്കിലും യോഗ്യതയില്ലാത്ത ആളുകളെ നിയമിക്കാന്‍ കഴിയുന്നത് നിയമവിരുദ്ധം തന്നെയാണ്. എന്നാല്‍ താല്‍ക്കാലിക നിയമനങ്ങളെ സംബന്ധിച്ച് മാത്രം കൃത്യമായ അന്വേഷണം നടത്തണമെന്നാണ് എനിക്ക് പറയാനുള്ളത്.

സാമൂഹമാധ്യമങ്ങളിലൂടെ മറുപടി പറഞ്ഞതുകൊണ്ടുമാത്രം ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല. യു.ഡി.എഫ് സര്‍ക്കാര്‍ കാലത്തെ പി.എസ്.സി നിയമനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ വളരെ കുറവാണ് ഈ സര്‍ക്കാര്‍ നടത്തിയ നിയമനങ്ങളെന്ന് കണക്കുകള്‍ സഹിതം ഉമ്മന്‍ചാണ്ടി തെളിയിച്ചതിനെ അവഗണിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കണക്കുകള്‍ മറച്ചുവെക്കാന്‍ കഴിയുന്നതല്ല.

മന്ത്രിമാരുടെ ബന്ധുക്കളോ പാര്‍ട്ടി പ്രവര്‍ത്തകരോ അല്ലെങ്കില്‍ ജോലി ലഭിക്കില്ലെന്ന അവസ്ഥ ഉണ്ടാവുന്നത് എന്തൊരു അപഹാസ്യമാണ്. പി.എസ്.സി നിയമനങ്ങളുമായി ബന്ധപ്പെട്ട് എം.ബി രാജേഷ് ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഏറ്റവും കൂടുതല്‍ ഡിസ്‌ലൈക്കുകള്‍ ഉണ്ടായത് കാണിച്ചുതരുന്നത് കേരളത്തിലെ യുവജനതക്ക് പി.എസ്.സിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നതാണ്. ജനങ്ങളുടെ പ്രതിഷേധമായാണ് ആ ഡിസ്‌ലൈക്കുകളെ കാണേണ്ടത്.

ആനുപാതികമായി എല്ലാവര്‍ക്കും പി.എസ്.സി വഴി ജോലി നല്‍കാന്‍ കഴിയില്ലെന്നത് വസ്തുതയാണ്. എന്നാല്‍ അര്‍ഹതയുള്ളവര്‍ക്കുപോലും ജോലി ലഭിക്കാതെ വരുന്നതാണ് ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടുന്നത്. സി.പി.എമ്മുകാരായിട്ടുള്ളവര്‍ പോലും സമൂഹമാധ്യമങ്ങളില്‍ പി.എസ്.സി വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് കണ്ടുകൊണ്ടിരിക്കുകയാണ്. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ അവരുടെ രാഷ്ട്രീയം കൈകൊള്ളുന്നവര്‍ തന്നെ മുന്നോട്ട് വരുന്നത് വിരല്‍ചൂണ്ടുന്നത് പി.എസ്.സിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തെളിവുകള്‍ സഹിതം മറുപടി പറയണം എന്നതിലേക്കാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പി.കെ ഫിറോസ്‌

യൂത്ത് ലീഗ് നോതാവ്

We use cookies to give you the best possible experience. Learn more