യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന് ജാമ്യം
Kerala News
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന് ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th February 2023, 12:30 pm

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിന് ജാമ്യം. കഴിഞ്ഞമാസം 23നായിരുന്നു പാളയത്തുെവച്ച് ഫിറോസിനെ പോലീസ് അറസ്റ്റ് ചെയ്തത്. യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ് പി.കെ. ഫിറോസ്.

അറസ്റ്റിന് ശേഷം തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ഫിറോസിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

പൊതു-സ്വകാര്യ മുതലുകള്‍ നശിപ്പിച്ചു, അനുമതിയില്ലാതെ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി, പൊലീസുകാരെ ആക്രമിച്ചു, ഗതാഗത തടസ്സമുണ്ടാക്കി തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് യൂത്ത് ലീഗ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നത്.

പൊലീസിനെ ആക്രമിച്ചതിനും പൊതുഗതാഗതം തടസപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്. കേസില്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ ഫിറോസിനോട് നേരത്തെ പൊലീസ് ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ സേവ് കേരള മാര്‍ച്ച് വലിയ സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു.

സമരക്കാരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷം പൊലീസ് കണ്ണീര്‍വാതകവും ഗ്രനേഡും ലാത്തിച്ചാര്‍ജുമടക്കം പ്രയോഗിക്കുന്നതിന് വഴിവെച്ചിരുന്നു. നിരവധി പേര്‍ക്കായിരുന്നു സംഘര്‍ഷത്തില്‍ പരിക്കേറ്റത്.

കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം കെട്ടിവച്ചതിനെ തുടര്‍ന്നാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്.

Content Highlights: PK Firoz got bail