| Monday, 29th May 2017, 12:06 pm

'ലീഗ് വില നല്‍കേണ്ടിവരും എന്ന് പേടിപ്പിക്കുന്നതിനു പകരം വിദ്യാര്‍ത്ഥികളുടെ നഷ്ടത്തിന് വില നല്‍കി പ്രശ്‌നം പരിഹരിക്കൂ'; കാരന്തൂര്‍ മര്‍കസ് സമരത്തില്‍ പി.കെ ഫിറോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കാരന്തൂര്‍ മര്‍കസിനു മുന്നില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന്റെ യാഥാര്‍ത്യവും തങ്ങളുടെ നിലപാടും വ്യക്തമാക്കി മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. “കാരന്തൂര്‍ മര്‍കസിനു മുന്നിലെ വിദ്യാര്‍ത്ഥി സമരം വാസ്തവമെന്ത്?” എന്ന പേരില്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് ഫിറോസ് സംഭവത്തില്‍ ലീഗ് വില നല്‍കേണ്ടിവരുമെന്ന് പറഞ്ഞ് പേടിപ്പിക്കുന്നതിന് പകരം വിദ്യാര്‍ത്ഥികളുടെ നഷ്ടത്തിന് വില നല്‍കണമെന്ന് ആവശ്യപ്പെട്ടത്.


Also read മലയാളിയ്ക്ക് ഇവിടെ മാത്രമല്ലാ അങ്ങ് സ്‌പെയിനിലുമുണ്ടെടാ പിടി; ഡാനി ആല്‍വ്‌സിന്റെ ഫോട്ടോയില്‍ കുരുങ്ങിയ ‘മലപ്പുറത്തുകാരന്‍ കാമുകനെ’ തേടി സോഷ്യല്‍ മീഡിയ


മര്‍കസിനു മുന്നില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിദ്യാര്‍ത്ഥികള്‍ സമരത്തിലാണെന്ന് പറയുന്ന ഫിറോസ് മര്‍കസിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ടെക്‌നോളജിയില്‍ നിന്നും മൂന്ന് വര്‍ഷത്തെ കോഴ്‌സ് കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികളാണ് സമരമാരംഭിച്ചതെന്നും എ.ഐ.സി.ടിയുടെയും പി.എസ്.സി, യു.പി.എസ്.സി എന്നിവയുടെയും അംഗീകാരമുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ പോളി ടെക്‌നിക്ക് വഴി നടത്തുന്ന ഡിപ്ലോമ കോഴ്‌സിനു തുല്യമാണെന്നുമൊക്കെയുള്ള പത്രപ്പരസ്യം കണ്ടിട്ടാണ് വിദ്യാര്‍ത്ഥികള്‍ ഈ കോഴ്‌സിന് ചേര്‍ന്നതെന്നും പറയുന്നു.

ഈ പത്ര പരസ്യങ്ങളും ഫിറോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. സ്ഥാപനത്തില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനം കഴിഞ്ഞപ്പോഴാണ് ഈ അംഗീകാരങ്ങളൊന്നും കോഴ്‌സിന് ലഭിച്ചിട്ടില്ലെന്ന് മനസിലാകുന്നതെന്നും അതേ തുടര്‍ന്ന് പല തവണ മാനേജ്‌മെന്റുമായി സംസാരിച്ചെങ്കിലും മാന്യമായ മറുപടി ലഭിച്ചിരുന്നില്ലെന്നും പറയുന്ന ഫിറോസ് അങ്ങിനെയാണ് വിദ്യാര്‍ത്ഥി സംഘടനകളെ അവര്‍ സമീപിക്കുന്നതെന്നും വ്യക്തമാക്കി.

” എം.എസ്.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതാക്കളാണ് തുടക്കത്തില്‍ മാനേജ്‌മെന്റുമായി സംസാരിച്ചത്. തീരുമാനമാകാത്തതിനെ തുടര്‍ന്ന് മണ്ഡലം യൂത്ത് ലീഗ് നേതാക്കള്‍ മാനേജ്‌മെന്റുമായി സംസാരിച്ചു. കുന്ദമംഗലം സബ് ഇന്‍സ്‌പെക്ടറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായി. എന്ത് നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കുമെന്നത് മര്‍കസ് മാനേജ്‌മെന്റ് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് മര്‍കസിനെ പ്രതിനിധീകരിച്ച് സി. ഫൈസി ഒപ്പിട്ട എഗ്രിമെന്റില്‍ വ്യക്തമാക്കി. എന്നാല്‍ പിന്നീട് ഈ കരാറില്‍ നിന്നും ഒളിച്ചോടുന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്.” അദ്ദേഹം വിശദീകരിച്ചു.


Dont miss വിഴിഞ്ഞം: സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം സ്വാഗതാര്‍ഹം; സിറ്റിങ് ജഡ്ജിയെ കിട്ടിയില്ലെങ്കില്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറണമെന്ന് വി.എസ്


പിന്നീട് നിവൃത്തിയില്ലാതെ വന്നപ്പോഴാണ് മര്‍കസിന് മുന്നില്‍ പന്തല്‍കെട്ടി സമരം ആരംഭിച്ചതെന്നും അപ്പോഴാണ്
എം.എസ്.എഫ് ജില്ലാ നേതൃത്വവും മറ്റു വിദ്യാര്‍ത്ഥി സംഘടനകളും ഈ സമരത്തിലിടപെടുന്നതെന്നും ഫിറോസ് വ്യക്തമാക്കി. “എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ടും കെ.എസ്.യു സംസ്ഥാന പ്രസിഡണ്ടും മറ്റു വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളും മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. പിന്നീട് കലക്ടര്‍ നടത്തിയ ചര്‍ച്ചയില്‍ വിഷയം പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കുകയും ചെയ്തു.” അദ്ദേഹം പറയുന്നു.

പല വിമര്‍ശനങ്ങളുണ്ടായിട്ടും മര്‍കസിനെ മടിയില്ലാതെ പ്രശംസിച്ചവരാണ് തന്നെപ്പോലെയുള്ളവരെന്നും സമരം മര്‍കസ് എന്ന സ്ഥാപനത്തെ തകര്‍ക്കാനോ സ്ഥാപനം പ്രതിനിധീകരിക്കുന്ന സംഘടനയെ തളര്‍ത്താനോ ഉളളതാണെന്ന് പ്രചരിപ്പിച്ച് വിഷയത്തെ വഴിതിരിച്ച് വിടാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും പറഞ്ഞ ഫിറോസ് ഈ സമരം നടത്തുന്നത് സംയുക്ത സമരസമിതി ആണെന്നും വ്യക്തമാക്കി.

“അതില്‍ എല്ലാ വിദ്യാര്‍ത്ഥി സംഘടനകളുമുണ്ട്. ഇത് നീതിക്ക് വേണ്ടിയുള്ള സമരമാണ്. അത് കൊണ്ടാണ് ഏതാനും പ്രവര്‍ത്തകരാണെങ്കില്‍ പോലും എസ്.എസ് എഫിന്റെ കൊടിയും പിടിച്ച് പ്രവര്‍ത്തകര്‍ ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.” അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ സര്‍ക്കാരിന് കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് കോഴ്‌സിന് അംഗീകാരം നല്‍കണമെന്നാണെന്നും അതെങ്ങനെ പ്രായോഗികമാവുമെന്നും ഫിറോസ് ചോദിക്കുന്നു. “ഇപ്പോള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കലക്ടര്‍ പറയുന്നത് ഈ കോഴ്സിന് സര്‍ക്കാര്‍ അംഗീകാരം നല്‍കണമെന്നാണ്. അതെങ്ങിനെ പ്രായോഗികമാവും? ഇല്ലാത്ത അംഗീകാരമുണ്ടെന്ന് പറഞ്ഞ് ആരെങ്കിലും കോഴ്‌സ് നടത്തിയാല്‍ സര്‍ക്കാര്‍ പിന്നീട് അംഗീകാരം നല്‍കിയ ചരിത്രമുണ്ടോ? അത് കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ വീണ്ടും സമരവുമായി ഇറങ്ങിയത്”.


You must read this ഫോണ്‍കെണി വിവാദം: എ.കെ ശശീന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടുത്തി കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഇപ്പോള്‍ പൊലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്താനാണ് സ്ഥാപന മേധാവികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും വിദ്യാര്‍ത്ഥികളെയും യൂത്ത് ലീഗ് നേതാവിനെയും ജയിലിടച്ചെന്നും പറയുന്ന ഫിറോസ് ഭരണ സ്വാധീനത്തില്‍ സമരത്തെ അടിച്ചമര്‍ത്താമെന്നുള്ളത് വ്യാമോഹം മാത്രമാണ്. സമരം ചെയ്യുന്നവരെ മുഴുവന്‍ ജയിലിലടക്കാനാണ് ഭാവമെങ്കില്‍ സര്‍ക്കാര്‍ ഇനിയും പുതിയ ജയിലുകള്‍ പണിയേണ്ടി വരുമെന്നും പറഞ്ഞു.

ലീഗ് കനത്ത വില നല്‍കേണ്ടി വരും എന്നൊക്കെ പറഞ്ഞ് “പേടിപ്പിക്കുന്നതിന് ” പകരം വിദ്യാര്‍ത്ഥികളുടെ നഷ്ടത്തിന് വില നല്‍കി പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുകയാണ് വേണ്ടതെന്നും പറഞ്ഞാണ് ഫിറോസിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

We use cookies to give you the best possible experience. Learn more