| Tuesday, 19th December 2017, 12:09 pm

'ഉളുപ്പ് വേണം ഉളുപ്പ്' ഹിമാചലിലെ സി.പി.ഐ.എം ജയത്തില്‍ കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ പിണറായി വിജയനോട് പി.കെ ഫിറോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഹിമാചലിലെ തിയോഗ നിയമസഭാ മണ്ഡലത്തില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനു പിന്നാലെ കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. സി.പി.ഐ.എം സ്ഥാനാര്‍ത്ഥിക്ക് കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടായിരുന്നും മുഖ്യമന്ത്രി ഇത് നിഷേധിക്കുകയാണ് ചെയ്തിരിക്കുന്നതെന്നുമാണ് ഫിറോസ് ആരോപിക്കുന്നത്.

“ഉളുപ്പ് വേണം, ഉളുപ്പ്” എന്നു പറഞ്ഞുകൊണ്ടാണ് ഫിറോസ് മുഖ്യമന്ത്രിയുടെ നടപടിയെ വിമര്‍ശിക്കുന്നത്.

സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായ രാകേഷ് സിംഗയെ അഭിനന്ദിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് പി.കെ ഫിറോസിന്റെ പ്രതികരണത്തിന് ആധാരം. “ഹിമാചലില്‍ തിയോഗ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും എതിരിട്ട് വിജയിച്ച രാകേഷ് സിംഗയെ അഭിനന്ദിക്കുന്നു.” എന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് ഷെയര്‍ ചെയ്തുകൊണ്ടാണ് പി.കെ ഫിറോസിന്റെ പ്രതികരണം.

തിയോഗ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിപ്പോയതിനെ തുടര്‍ന്ന് സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. വസ്തുത ഇതാണെന്നിരിക്കെ ” കോണ്‍ഗ്രസിനെയും എതിരിട്ട് ” വിജയിച്ചു എന്ന് മുഖ്യമന്ത്രി കുറിച്ചതാണ് ഫിറോസിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.

പി.കെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഹിമാചല്‍പ്രദേശിലെ തിയോഗ നിയമസഭാ മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ത്ഥിക്ക് വിജയം. തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സി.പി.എമ്മിനെ പിന്തുണക്കുകയായിരുന്നു. എന്ന് വെച്ചാല്‍ കോണ്‍ഗ്രസിന്റെ കൂടി വോട്ട് വാങ്ങിയാണ് സി.പി.എം അവിടെ വിജയിച്ചത്. കാരണം മറ്റൊന്നുമല്ല മുഖ്യ ശത്രു ബി.ജെ.പിയാണ്. എന്നിട്ടും മ്മടെ മുഖ്യമന്ത്രി പറഞ്ഞത് നോക്കൂ. കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും എതിരിട്ടാണ് ജയിച്ചതത്രേ! ഉളുപ്പ് വേണം ഉളുപ്പ്

ഇനി ഗുജറാത്തിലെ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം നിലപാട് എന്തായിരുന്നു. സംശയമില്ല ബി.ജെ.പി തോല്‍ക്കണം. അപ്പോ കോണ്‍ഗ്രസോ? കോണ്‍ഗ്രസ് ജയിക്കാനും പാടില്ല. എന്താ കാരണം. നവലിബറല്‍ നയങ്ങള്‍. ഒലക്കേടെ മൂട്…..

We use cookies to give you the best possible experience. Learn more