| Tuesday, 7th November 2017, 3:51 pm

ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ത്രീപീഡകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നു; സംസ്ഥാന വനിതാ കമ്മീഷന്‍ പിരിച്ചുവിടണമെന്നും പി.കെ ഫിറോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്‍ പിരിച്ചുവിടണമെന്ന് യൂത്ത് ലീഗ്. ഹാദിയ വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പരാജയപ്പെട്ടതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ത്രീപീഡകര്‍ക്ക് പ്രോത്സാഹനം നല്‍കുകയാണെന്നും പി.കെ ഫിറോസ് കുറ്റപ്പെടുത്തി.

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നായിരുന്നു ഇന്നലെ ഹാദിയയെ സന്ദര്‍ശിച്ചതിന് പിന്നാലെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞത്.

ഹാദിയയ്ക്ക് സുരക്ഷാഭീഷണി ഒന്നും ഇല്ലെന്നും ഹാദിയ സന്തോഷവതിയാണെന്നും അവര്‍ പറഞ്ഞിരുന്നു. ഈ മാസം 27 ാവാന്‍ ഹാദിയ കാത്തിരിക്കുയാണെന്നും ഹാദിയ പറഞ്ഞകാര്യങ്ങള്‍ താന്‍ ഇപ്പോള്‍ പുറത്തുപറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു.


Dont Miss കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ല; ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശം രാഷ്ട്രീയലക്ഷ്യത്തോടെയെന്നും എം.സി ജോസഫൈന്‍


എന്നാല്‍ കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനാണ് നടക്കുന്നതെന്ന രേഖാ ശര്‍മയുടെ പ്രസ്താവനക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ രംഗത്തെത്തിയിരുന്നു.

ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരമാര്‍ശം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന സംശയുമുണ്ടെന്നും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന കേരളം പോലെയുള്ള സംസ്ഥാനത്തെ ദേശീയ തലത്തില്‍ ഇകഴ്ത്തി കാണിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണ് രേഖാ ശര്‍മയുടെ പ്രസ്താവനയെന്നും ജോസഫൈന്‍ കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയ്ക്ക് നീതി നിഷേധിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന് നേരെ എറണാകുളം മഹാരാജാസ് കോളേജില്‍ ഇന്ന് വിദ്യാര്‍ത്ഥി പ്രതിഷേധമുണ്ടായിരുന്നു.

കോളേജില്‍ ഉദ്ഘാടനത്തിനായി എത്തിയ എം.സി ജോസഫൈന്‍ പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.

“ആര്‍.എസ്.എസിന് വിടുപണി ചെയ്യും വനിതാ കമ്മീഷന്‍ തുലയട്ടെ” എന്ന മുദ്രാവാക്യം ഉയര്‍ത്തി ഫ്രീ ഹാദിയ എന്ന ബാനറുകള്‍ പിടിച്ചുകൊണ്ടായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. സ്റ്റുഡന്റ്സ് ഫോര്‍ ഹാദിയ എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

We use cookies to give you the best possible experience. Learn more