മലപ്പുറം: പൊതുപരിപാടിയിലെ പ്രസംഗത്തില്‍ സംഭവിച്ച പിഴവ് ഏറ്റുപറഞ്ഞ് മുസ്‌ലീം ലീഗ് നേതാവ് പി.കെ ഫിറോസ്. തെറ്റിനെ തെറ്റായി പറയുകയും അത് തിരുത്തുകയും ചെയ്യുന്നതാണ് ശരിയുടെ പക്ഷം എന്ന് കരുതുന്നെന്നും അത് കൊണ്ട് തെറ്റ് ഏറ്റു പറയുകയും അത് തിരുത്തുകയും ചെയ്യുന്നെന്നും പറഞ്ഞാണ് പി.കെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
“”ഇന്നലെ യുവജന യാത്രയുടെ പട്ടാമ്പിയിലെ സമാപന സമ്മേളനത്തില്‍ ഞാന്‍ പ്രസംഗിച്ചതില്‍ വസ്തുതാപരമായ ചില പിഴവുകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള പോസ്റ്റുകളും ട്രോളുകളുമൊക്കെ കാണുകയുണ്ടായി. ട്രോളുകളൊക്കെ നന്നായി ആസ്വദിക്കുന്ന കൂട്ടത്തിലായതു കൊണ്ട് തന്നെ എന്നെക്കുറിച്ചുള്ള ട്രോളുകളും ഞാന്‍ ആസ്വദിച്ചു.
ഒന്നാമത്തെ പിഴവ് രാഹുല്‍ ഗാന്ധിയുടെ മുതു മുത്തച്ഛനാണ് മഹാത്മാഗാന്ധി എന്നു പറഞ്ഞതാണ്. നെഹ്‌റു കുടുംബത്തിലെ കാരണവരുടെ സ്ഥാനമാണ് പലപ്പോഴും ഗാന്ധി അലങ്കരിച്ചിട്ടുള്ളത്. നെഹ്രുവിന്റെ എതിര്‍പ്പ് മറികടന്ന് ഇന്ദിര- ഫിറോസ് വിവാഹം പോലും നടത്തിക്കൊടുത്തത് മഹാത്മാ ഗാന്ധിയായിരുന്നുവെന്നും ഇന്ദിരയുടെ ഭര്‍ത്താവ് ഫിറോസ്, മഹാത്മാ ഗാന്ധിയുടെ വളര്‍ത്തു മകനായിരുന്നുവെന്നുമൊക്കെ വായനയുണ്ടെന്ന് ന്യായീകരിക്കാമെങ്കിലും അതിനൊന്നും മെനക്കെടാതെ വസ്തുതാപരമായി ഞാന്‍ പറഞ്ഞതിലെ പിഴവ് തുറന്ന് സമ്മതിക്കുകയാണ്.
രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെ കുറിച്ച് പറഞ്ഞപ്പോള്‍ ശ്രീ പെരുംപത്തൂര്‍ എന്നതിന് പകരം കോയമ്പത്തൂര്‍ എന്നു പറഞ്ഞതും പിഴവ് തന്നെയാണ്.
തെറ്റിനെ തെറ്റായി പറയുകയും അത് തിരുത്തുകയും ചെയ്യുന്നതാണ് ശരിയുടെ പക്ഷം എന്ന് കരുതുന്നു. അത് കൊണ്ട് തെറ്റ് ഏറ്റു പറയുകയും അത് തിരുത്തുകയും ചെയ്യുന്നു.
പ്രസംഗത്തില്‍ മറ്റൊരു പിഴവു കൂടിയുണ്ടായിരുന്നു. പട്ടാമ്പി കോളേജില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ യുടെ രക്തസാക്ഷി സഖാവ് സൈതാലിയെ കൊന്ന കേസിലെ പ്രതിയുടെ പേരിനെ കുറിച്ച് പറഞ്ഞതാണ്. നാരായണന്‍ എന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. യഥാര്‍ത്ഥത്തില്‍ ശങ്കര നാരായണന്‍ എന്നായിരുന്നു പറയേണ്ടിയിരുന്നത്. അദ്ദേഹമാണ് പിന്നീട് പേര് മാറ്റി ബാബു എം.പാലിശ്ശേരിയായതും സി.പി.എം എം.എല്‍.എ ആക്കിയതും. അതു ചര്‍ച്ചയായാല്‍ കുഴപ്പമാകുമോ എന്ന് കരുതിയായിരിക്കും സഖാക്കളൊന്നും അത് ചര്‍ച്ചയാക്കാതിരിക്കുന്നത്.
യുവജന യാത്രയില്‍ ഇത് വരെ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും സഖാക്കള്‍ ഉത്തരം തന്നില്ലെങ്കിലും പ്രസംഗങ്ങള്‍ ശ്രദ്ധിക്കുന്നു എന്നറിഞ്ഞതിലുള്ള സന്തോഷം അറിയിക്കുന്നു””- പി.കെ ഫിറോസ് പറഞ്ഞു.
യൂത്ത് ലീഗ് നടത്തുന്ന മാര്‍ച്ചിനോട് അനുബന്ധിച്ച പൊതുപരിപാടിയിലെ പ്രസംഗത്തിലാണ് പി.കെ ഫിറോസ് അബദ്ധങ്ങള്‍ പറഞ്ഞത്.
രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന്‍ ആണ് മഹാത്മാഗാന്ധി എന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലാണെന്നുള്ള ചരിത്ര അബദ്ധങ്ങളാണ് പി.കെ ഫിറോസ് പ്രസംഗത്തില്‍ പറഞ്ഞത്.
പ്രസംഗത്തിലെ പ്രചരിക്കുന്ന ഭാഗം ഇങ്ങനെ
“”നരേന്ദ്ര മോദിയെ താഴെയിറക്കാനായി രാഹുല്‍ ഗാന്ധിയല്ലാതെ നമുക്ക് വേറെ ആരാണുള്ളത് ? തന്റെ മുതു മുത്തച്ഛന്‍ ആര്‍.എസ്.എസുകാരുടെ വെടിയേറ്റ്, ഈ രാജ്യത്തെ ഹിന്ദു- മുസ്ലിം മതമൈത്രിക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ ആര്‍.എസ്എസുകാരന്റെ വെടിയുണ്ടയേറ്റു പിടഞ്ഞു വീണ് മരിച്ച മഹാത്മാ ഗാന്ധിയുടെ കഥകള്‍ കേട്ട് വളര്‍ന്ന രാഹുലിനെയല്ലാതെ നമ്മള്‍ ആരെയാണ് പിന്തുണക്കേണ്ടത്. തന്റെ സ്വന്തം അച്ഛന്‍ കോയമ്പത്തൂരില്‍ കഷ്ണം കഷ്ണമായി ചിന്നി ചിതറിയപ്പോ കണ്ണീരൊലിപ്പിച്ചു കൊണ്ട് മൃതദേഹം കണ്ടു നിന്ന ചെറുപ്പക്കാരന്‍, അതാണ് രാഹുല്‍ ഗാന്ധി””.