| Saturday, 5th September 2020, 4:54 pm

ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം വേണം; 2015 ല്‍ തുടങ്ങിയ മണിഎക്‌സ്‌ചേഞ്ച് കമ്പനിയുടെ രേഖകളുമായി പി.ക ഫിറോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മയക്കു മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണത്തെ നിഷേധിച്ചു കൊണ്ട് ബിനീഷ് കോടിയേരി നടത്തിയ വാദങ്ങള്‍ കള്ളമെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. ഒപ്പം 2015 ല്‍ ബിനീഷ് കോടിയേരി തുടങ്ങിയെന്ന് പറയുന്ന ഒരു മണി എക്‌സ്‌ചേഞ്ച് കമ്പനിയുടെ രേഖകളും പി.കെ ഫിറോസ് മാധ്യമങ്ങളെ കാണിച്ചു.

‘മയക്കു മരുന്ന് മാഫിയയുമായി ബിനീഷ് കോടിയേരിക്കുള്ള പങ്ക് കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. ഒന്ന് അദ്ദേഹം പറഞ്ഞത് ഞാന്‍ മാത്രമല്ല പലരും പണം കടം കൊടുത്തിട്ടുണ്ട് എന്നാണ്. എന്നാല്‍ ബിനീഷ് കോടിയേരിയുടെ സാമ്പത്തിക സഹായത്തോടെയാണ് റെസ്‌റ്റോറന്റ് തുടങ്ങിയതെന്ന് അനൂപിന്റെ മൊഴിയിലൂടെ വ്യക്തമായി,’ പി,കെ ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു.

‘രണ്ടാമത്തെ കാര്യം കുമരകത്ത് ഇക്കഴിഞ്ഞ ജൂണ്‍ മാസം നൈറ്റ് പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടില്ലെന്നും കുമരകത്തേ പോയിട്ടില്ലെന്നും പറഞ്ഞു.
കുമരകത്തെ ലൊക്കേഷനില്‍ ഇക്കഴിഞ്ഞ ജൂണ്‍ പത്തൊമ്പതാം തിയ്യതി വെള്ളിയാഴ്ച എന്ന ദിവസം തന്നെ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ തെളിവായി നമുക്ക് കാണാന്‍ സാധിച്ചു. മൂന്നാമതായി ഫോണ്‍ കോണ്‍ടാക്ടുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞത് അനൂപ് മോഹനനെ വല്ലപ്പോഴുമേ വിളിക്കാറുള്ളൂ എന്നാണ്. എന്നാല്‍ വല്ലപ്പോഴുമല്ല ഒരുപാട് തവണ അദ്ദേഹത്തിന്റെ അനൂപ് കോണ്‍ടാക്ട് ചെയ്തിട്ടുണ്ട് എന്ന് വ്യക്തമായി. മാത്രമല്ല ദീര്‍ഘ നേരം അദ്ദേഹം ആരുമായും സംസാരിക്കില്ല എന്നു പറഞ്ഞു തെറ്റാണ്. ഫോണ്‍കോള്‍ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ മാത്രം അനൂപ് മോഹനനുമായി തന്നെ ദീര്‍ഘനേരം സംസാരിച്ചിന്റെ തെളിവുകള്‍ പറത്തു വന്നു. ഇപ്പോള്‍ പുറത്തു വരുന്നത് അദ്ദേഹം തന്റെ രണ്ടാമത്തെ ഫോണ്‍ കത്തിച്ചു കളഞ്ഞു എന്നാണ് ഇക്കാര്യത്തിലും ഗൗരവമായ അന്വേഷണം നടത്തിക്കഴിഞ്ഞാല്‍ ജൂലൈ 10 ലെ ഫോണ്‍വിളിയെ സംബന്ധിച്ച് ഇതുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തു വരുമെന്നാണ് യൂത്ത് ലീഗ് വിശ്വസിക്കുന്നത്,’ പി,കെ ഫിറോസ് പറഞ്ഞു.

ഒപ്പം 2015 ല്‍ ബിനീഷ് കോടിയേരി ബംഗ്‌ളൂരില്‍ ആരംഭിച്ച മണി എക്‌സചേഞ്ച് കമ്പനിയുടെ രേഖകളും ഫിറോസ് പത്രസമ്മേളനത്തില്‍ കാണിച്ചു. ലഹരി കടത്തിലൂടെയുള്ള വിദേശകറന്‍സി മാറാന്‍ വേണ്ടിയാണ് ഈ സ്ഥാപനം തുടങ്ങിയതെന്നും ഫിറോസ് ആരോപിച്ചു.

‘മയക്കു മരുന്ന് കേസില്‍ പെട്ട പ്രതികള്‍ പലരും അവരുടെ ഇടപാടുകള്‍ ഗോവയിലായിരുന്നു എന്നു വെളിപ്പെടുത്തിയിട്ടുണ്ട്. ഗോവയില്‍ വിദേശികളുമായി ബന്ധപ്പെട്ടാണ് ഈ ഇടപാടുകള്‍ നടക്കുന്നത്. ഈ ഇടപാടുകള്‍ നടത്താന്‍ വേണ്ടിയാണോ മണി എക്‌സ്‌ചേഞ്ച് കമ്പനി 2015 ല്‍ ബിനീഷ് കോടിയേരി തുടങ്ങിയതെന്ന് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുന്നു,’ പി.കെ ഫിറോസ് പറഞ്ഞു.

‘മുഖ്യമന്ത്രി പറഞ്ഞ ഒറ്റച്ചങ്ങായി ആരാണെന്ന് ഇപ്പോള്‍ വ്യക്തമാണ്. കാരണം 2015 ല്‍ ഒരു മണി എക്‌സ്‌ചേഞ്ച് കമ്പനി ഒക്കെ ആരംഭിക്കണമെങ്കില്‍ ബി.ജെ.പിയുടെ ഭരണകാലത്ത് എളുപ്പത്തില്‍ അത്തരം ലൈസന്‍സ് ലഭിക്കില്ല. ഒരു സി.പി.ഐ.എം നേതാവിന്റെ മകന് എങ്ങനെയാണ് ഇത്തരത്തിലൊരു ലൈസന്‍സ് കിട്ടിയതെന്ന് അന്വേഷിക്കണം. ഈ കമ്പനിയില്‍ എന്തായിരുന്നു ഇടപാട് നടത്തിയതെന്ന് എന്‍ഫോഴ്‌സമെന്റ് ഡയരക്ടറേറ്റ് അന്വേഷണം നടത്തണം,’ പി.കെ ഫിറോസ് ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: pk-firoz-agianst-bineesh-kodiyeri-says-enforcement-investigation-is-needed

We use cookies to give you the best possible experience. Learn more