| Monday, 27th May 2019, 3:03 pm

പി.സി ജോര്‍ജ് കേരളത്തിലെ സാക്ഷി മഹാരാജ്; കേസെടുക്കണം: വര്‍ഗീയ പരാമര്‍ശത്തിനെതിരെ പി.കെ ഫിറോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: മുസ്‌ലീം സമുദായത്തിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയതിന് പി.സി ജോര്‍ജിന്റെ പേരില്‍ കേസെടുക്കണമെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് .പി.സി ജോര്‍ജിന് ജനപിന്തുണ നഷ്ടപ്പെട്ടതിന്റെ ജാള്യതയാണെന്നും പി.കെ ഫിറോസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പി.സി. ജോര്‍ജിന്റതായി ഫോണ്‍ സംഭാഷണത്തിന്റെ ക്ലിപ്പിങ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
ഈരാറ്റുപേട്ടയിലെ മുസ്ലിങ്ങള്‍ തീവ്രവാദികളാണെന്നായിരുന്നു പി സി ജോര്‍ജിന്റെ വിവാദ ഫോണ്‍ സംഭാഷണം.

എന്നാല്‍ പി.സി ജോര്‍ജിനെതിരെ പ്രതിഷേധിച്ച മുസ്‌ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുകയാണെന്നും പൊലീസ് ലീഗ് പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും കേരളത്തിലെ സാക്ഷി മഹാരാജാണ് പി.സി ജോര്‍ജെന്നും പി.കെ ഫിറോസ് ആരോപിച്ചു.

അതേസമയം വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന രീതിയിലുള്ള ശബ്ദരേഖ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പി.സി. ജോര്‍ജ് ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് പരാതി നല്‍കിയിരുന്നു. എഴ് മിനിറ്റോളം നീളുന്ന ശബ്ദരേഖയില്‍ വന്നിട്ടുള്ള ശബ്ദം തന്റേതല്ലെന്ന് പി.സി. ജോര്‍ജ് പറഞ്ഞിരുന്നു.അത്തരത്തില്‍ ഒരു ഫോണ്‍ കാള്‍ വന്നിരുന്നെന്നും പി.സി ജോര്‍ജ് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

ആ ശബ്ദരേഖയുടെ മൂന്ന് മിനിറ്റോളം ഭാഗം തന്റതാണെന്നും അതിന് ശേഷമുള്ള ശബ്ദം തന്റേതല്ലെന്നും പി.സി ജോര്‍ജ് പറയുന്നു.
സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉള്ളതായി സംശയമുണ്ടെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

ശബ്ദരേഖയില്‍ മുസ്ലിം വിഭാഗത്തെ ആക്ഷേപിച്ച് സംസാരിച്ചതായി ആരോപണം ഉയര്‍ന്നതോടെ എം.എല്‍.എയുടെ വീട്ടിലേക്ക് മാര്‍ച്ച് നടക്കുകയും കല്ലേറ് ഉണ്ടാവുകയും ചെയ്തു. ഈ സംഭവത്തില്‍ ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more