|

തന്റെ പേരില്‍ മതവിദ്വേഷം പടര്‍ത്തുന്ന വ്യാജ പോസ്റ്റ്; സി.പി.ഐ.എമ്മിനെതിരെ നിയമനടപടിക്കൊരുങ്ങി പി.കെ ഫിറോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സോഷ്യല്‍മീഡിയയിലൂടെ തന്റെ പേരില്‍ മതവിദ്വേഷം പടര്‍ത്തുന്ന വ്യാജ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തവര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി യൂത്ത് ലീഗ് സെക്രട്ടറി പി.കെ ഫിറോസ്. വ്യാജ പോസ്റ്റുകള്‍ക്ക് പിന്നില്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണെന്നും ഫിറോസ് പറഞ്ഞു.

പച്ചക്കൊടിയും തക്ബീറും ഇനിയും മുഴങ്ങും. തടയാന്‍ ഒരു കമ്യൂണിസ്റ്റുകാരനും ആര്‍.എസ്.എസുകാരനും ആയിട്ടില്ല. നാളെ മലപ്പുറം സിവില്‍ സ്റ്റേഷനില്‍ മുസ്‌ലീം ലീഗിന്റെ ഹരിത പതാക പാറിക്കും. ആരും കുരച്ചിട്ട് കാര്യമില്ല. ഇത് മുസ്‌ലീം ലീഗിന്റെ പച്ചമണ്ണാണ്. ഇവിടെ പച്ചയാണ്. ഇത് മുസ്‌ലീം ആധിപത്യമുള്ള പച്ചമണ്ണാണ്’ എന്നായിരുന്നു ഫിറോസിന്റെ പേരിലുള്ള വ്യാജ പോസ്റ്റില്‍ എഴുതിയിരുന്നത്.

ഇത് വലിയ രീതിയില്‍ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു. വിഷയം വിവാദമായതോടെ ഫിറോസ് പോസ്റ്റുമുക്കിയെന്നായിരുന്നു ചിലര്‍ ആരോപിച്ചത്. ഇതിന് പിന്നാലെയാണ് തന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജപോസ്റ്റാണെന്നും ഇതിന് പിന്നില്‍ സി.പി.ഐ.എം ആണെന്നും ആരോപിച്ച് ഫിറോസ് രംഗത്തെത്തിയത്.

‘പിണറായി വിതച്ച വര്‍ഗ്ഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാന്‍ അണികള്‍ നല്ലോണം പണിയെടുക്കുന്നുണ്ട്. ജാഗ്രതൈ..

പിന്‍: നിയമ നടപടി പിന്നാലെ വരുന്നുണ്ട്. പിണറായിയുടെ പോലീസ് എന്ത് ചെയ്യുമെന്ന് നോക്കാം’ എന്നായിരുന്നു പി.കെ ഫിറോസ് ഫേസ്ബുക്കില്‍ എഴുതിയത്’.

തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി സ്ഥാനാര്‍ത്ഥി സത്യപ്രതിജ്ഞാ ചടങ്ങിനിടെ ജയ് ശ്രീറാം വിളിച്ചതിനെതിരെ അള്ളാഹു അക്ബര്‍ വിളികളുമായി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

മഞ്ചേശ്വരം മണ്ഡലത്തിലെ മംഗല്‍പാടി പഞ്ചായത്ത് ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് സംഭവം. പഞ്ചായത്തിലെ 17ാം വാര്‍ഡായ അടുക്കയില്‍ നിന്നു ജയിച്ച ബി.ജെ.പി അംഗവും യുവമോര്‍ച്ച പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയുമായ ബി കിഷോര്‍ കുമാര്‍ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ‘ജയ് ശ്രീറാം’ വിളി നടത്തുകയായിരുന്നു.

ഇതില്‍ പ്രതിഷേധിച്ച് ചടങ്ങില്‍ ഉണ്ടായിരുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അള്ളാഹു അക്ബര്‍ വിളികളുമായി രംഗത്ത് എത്തി. എന്നാല്‍ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടി എ മൂസ ഇടപ്പെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.

അതേസമയം പാലക്കാട് അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം പാലക്കാട് സി.പി.ഐ.എം- ബി.ജെ.പി കൗണ്‍സിലര്‍മാരുടെ പ്രതിഷേധം നടന്നിരുന്നു. ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ച സി.പി.ഐ.എം പ്രവര്‍ത്തകരെ പൊലീസ് നഗരസഭയ്ക്കുള്ളില്‍ നിന്ന് പുറത്തേക്ക് മാറ്റുകയായിരുന്നു.

ഇതിന് പിന്നാലെ നഗരസഭയ്ക്ക് പുറത്ത് ദേശീയ പതാക പിടിച്ചുകൊണ്ട് സി.പി.ഐ.എം മുദ്രാവാക്യം വിളിച്ചു. എന്നാല്‍ തൊട്ടുപിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭയ്ക്ക് പുറത്ത് ജയ് ശ്രീറാം വിളികളുമായി എത്തുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PK Firoz Against CPIM Fake Post