കോഴിക്കോട്: യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിനെതിരെ കേസ് എടുത്ത സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. വാര്‍ത്താസമ്മേളനത്തിലാണ് പൊലീസിന്റെ നടപടിക്ക് എതിരെ ഫിറോസ് രംഗത്തെത്തിയത്.
പേരാമ്പ്ര പളളിക്കെതിരെ കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മിനെതിരെ വ്യാപകമായി ജനവികാരം ഉണ്ടായപ്പോള്‍ അത് തിരിച്ചുവിടാനുണ്ടായ കളളക്കേസാണ് ഇതെന്ന് ഫിറോസ് ആരോപിച്ചു.
ഡി.ജി.പിയുടെ ഓഫിസില്‍ നിന്നും നിര്‍ദേശം ലഭിച്ചത് കൊണ്ടാണ് കേസെടുത്തതെന്നാണ് പൊലീസ് അറിയിച്ചത്. ഇതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇടപെട്ടതെന്നാണ് അറിയുന്നതെന്നും ഫിറോസ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിനെതിരെ പരാതി നല്‍കിയ ഡി.വൈ.എഫ്.ഐ നേതാവ് എം.എം ജിജേഷ് വിവിധ കേസുകളില്‍ പ്രതിയാണ്. ഡി.വൈ.എഫ് .ഐ പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി കൂടിയായ ഇയാള്‍ക്ക് എതിരായ കേസിന്റെ എഫ്.ഐ.ആറിന്റെ കോപ്പി കൈവശമുണ്ട്.
നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ക്ക് എങ്ങനെയാണ് ഡി.ജി.പി ഓഫീസിലും പൊലീസ് സ്റ്റേഷനിലും ഒക്കെ കയറിയിറങ്ങാന്‍ കഴിയുന്നതെന്നും ഫിറോസ് ചോദിച്ചു.
സ്വാഭാവികമായി കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റിട്ടതെന്നും തെറ്റ് മനസിലായപ്പോള്‍ തന്നെ തിരുത്തിയെന്നും നജീബ് കാന്തപുരവും പറഞ്ഞു. പോസ്റ്റിലെ വാക്കുകള്‍ എങ്ങനെയാണ് കലാപം ഉണ്ടാക്കാനുളള ശ്രമം ആകുന്നതെന്ന് പൊലീസും പരാതിക്കാരും വിശദീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാട്ടില്‍ കലാപം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ അറിഞ്ഞുകൊണ്ട് നജീബ് കാന്തപുരം തെറ്റായ പ്രവൃത്തി ചെയ്യുകയല്ല ഉണ്ടായത്. ഇട്ട പോസ്റ്റ് തെറ്റാണെന്ന് മനസിലായപ്പോള്‍ മിനിറ്റുകള്‍ക്കുളളില്‍ ബോംബല്ല, കല്ലാണ് എറിഞ്ഞതെന്നും പോസ്റ്റില്‍ തിരുത്തിയിരുന്നു. ഒരു ഫാക്ച്വല്‍ എറര്‍ ആയിരുന്നു അത്. അപ്പോള്‍ തന്നെ വളരെ കൃത്യമാണ് അങ്ങനെ ഒരു ഉദ്ദേശ്യം ഇല്ലെന്ന്. അത് ബോംബാണെന്ന് പ്രചരിപ്പിക്കാനോ, വരുത്തി തീര്‍ക്കാനോ അദ്ദേഹം ശ്രമിച്ചിട്ടില്ല. പത്ത് മിനിറ്റിനുളളില്‍ തന്നെ തിരുത്തി. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ മുഴുവന്‍ പ്രചരിപ്പിച്ചത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും സി.പി.ഐ.എമ്മുകാരുമാണ്. അങ്ങനെ ആണെങ്കില്‍ അവര്‍ക്കെതിരെയാണ് കേസെടുക്കേണ്ടത്. കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കുന്നത് വരെയുളള നിയമനടപടികളുമായി യൂത്ത് ലീഗ് പോകുമെന്നും പി.കെ ഫിറോസ് പറഞ്ഞു.
ആര്‍.എസ്.എസിന് പൊലീസ് സംരക്ഷണം കൊടുക്കുന്നു എന്നു പറയുന്നത് രാഷ്ട്രീയമായ ഒരു ആരോപണം മാത്രമല്ലെന്നും ഫിറോസ് പറഞ്ഞു. പൊലീസ് സേനയ്ക്കുള്ളില്‍ നിന്നു തന്നെ ആളുകള്‍ പറയുന്നു പൊലീസ് നിര്‍വീര്യമായിരുന്നു എന്ന്. കലാപവും ലഹളയും ഒക്കെ ഉണ്ടാക്കാന്‍ വേണ്ടി ശ്രമിക്കുന്ന ആര്‍.എസ്.എസുകാര്‍ക്ക് സംരക്ഷണം കൊടുക്കുക, സി.പി.ഐ.എമ്മിനെ വിമര്‍ശിക്കുന്നവര്‍ക്ക് എതിരെ കേസെടുക്കുക എന്ന സമീപനമാണ് പിണറായി വിജയന്റെ പൊലീസില്‍ നിന്നും ഇന്ന് കണ്ടു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിന്റെ ഈ തെറ്റായ നടപടിയില്‍ പ്രതിഷേധിച്ചു കൊണ്ട് ചൊവ്വാഴ്ച പേരാമ്പ്ര പൊലീസ് സ്റ്റേഷനിലേക്ക് മണ്ഡലം മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ഫിറോസ് അറിയിച്ചു. ഇതൊരു രാഷ്ട്രീയ പ്രശ്‌നമായി മുന്നോട്ടു കൊണ്ടു പോകാനും അതോടൊപ്പം തന്നെ നിയമപരമായ പോരാട്ടം നടത്താനും എഫ്.ഐ.ആര്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നിയമപരമായ നടപടികളിലേക്കും യൂത്ത് ലീഗ് മുന്നോട്ടു പോകുമെന്നും ഫിറോസ് പറഞ്ഞു.
കഴിഞ്ഞദിവസമായിരുന്നു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് നജീബ് കാന്തപുരത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പേരാമ്പ്രയിലെ മുസ്‌ലീം പള്ളിക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന രീതിയില്‍ പോസ്റ്റ് ഇട്ടെന്നാരോപിച്ചാണ് പൊലീസ് കേസെടുത്തത്.
ജനുവരി മൂന്നിന് സംഘ്പരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പേരാമ്പ്രയിലെ പള്ളിക്ക് നേരെ കല്ലേറുണ്ടായിരുന്നു. ഡി.വൈ.എഫ് .ഐയുടെയും യൂത്ത് കോണ്‍ഗ്രസിന്റേയും പ്രകടനത്തിനിടെ ആയിരുന്നു പള്ളിക്ക് നേരെ കല്ലേറുണ്ടായത്. സംഭവത്തെ തുടര്‍ന്ന് സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവം ചൂണ്ടിക്കാട്ടി ജനുവരി അഞ്ചിന് നജീബ് കാന്തപുരം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റിനെതിരെ ആയിരുന്നു പരാതി.
ഇരു വിഭാഗങ്ങള്‍ തമ്മില്‍ വര്‍ഗീയ ലഹള സൃഷ്ടിക്കാന്‍ ലക്ഷ്യം വച്ച് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് 153ാം വകുപ്പ് പ്രകാരമാണ് നജീബ് കാന്തപുരത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ഡി.വൈ.എഫ്.ഐ-യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന്റെ ഭാഗമായി നടന്ന കല്ലേറുമായി ബന്ധപ്പെട്ട് പള്ളിയുടേയും യൂത്ത് ലീഗ് ഓഫീസിന്റെയും ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്താണ് നജീബ് പ്രചരിപ്പിച്ചതെന്നും ഡി.വൈ.എഫ്.ഐ പരാതിയില്‍ ആരോപിച്ചിരുന്നു.
ഇരു വിഭാഗങ്ങള്‍ തമ്മില്‍ വര്‍ഗീയ ലഹള സൃഷ്ടിക്കാന്‍ ലക്ഷ്യം വച്ച് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനാണ് കേസെടുത്തതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. “05.1.2019 തിയ്യതി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായ പ്രതി സ്ഥലത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടുകൂടി സോഷ്യല്‍ മീഡിയയില്‍ എന്തിനാണ് സഖാക്കള്‍ പേരാമ്പ്രയിലെ പള്ളിക്ക് നേരെ ബോംബെറിഞ്ഞത് എന്നും മറ്റും പോസ്റ്റ് ചെയ്ത്” എന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
യൂത്ത് കോണ്‍ഗ്രസുമായുണ്ടായ സംഘര്‍ഷത്തില്‍ ദിശതെറ്റിയ കല്ല് പള്ളിയുടെ തൂണിന് കൊള്ളുകയായിരുന്നവെന്നാണ് ഡി.വൈ.എഫ്.ഐ ഇതിനെക്കുറിച്ച് പറയുന്നത്. എന്നാല്‍, മതസ്പര്‍ദയുണ്ടാക്കാന്‍ ഉദ്ദേശിച്ചാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് എഫ്ഐആറില്‍ എഴുതിയിരിക്കുന്നത്. 153(എ) വകുപ്പ് ചേര്‍ത്താണ് സി.പി.ഐ. എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെയും കേസെടുത്തത്.