കോട്ടയം: പൂഞ്ഞാർ വിഷയത്തിലെ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ യൂത്ത് ലീഗ്. ജനങ്ങളെ തമ്മിലടിപ്പിച്ച് വോട്ട് നേടാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ആരോപിച്ചു.
കുട്ടികളെ തെമ്മാടികൾ എന്ന് വിളിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് വാർത്താ സമ്മേളനത്തിൽ പി.കെ. ഫിറോസ് പറഞ്ഞു.
‘കേരളത്തിന്റെ മുഖ്യമന്ത്രി വീണ്ടും ഒരു പ്രസ്താവനയുമായി രംഗത്ത് വന്നു ഈ കുട്ടികൾ തെമ്മാടിത്തരം കാണിച്ചു എന്ന് പറഞ്ഞിരിക്കുകയാണ്. തെമ്മാടികളാണ് തെമ്മാടിത്തരം കാണിക്കുന്നത്. കുട്ടികളെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. അത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
ഈരാറ്റുപേട്ടയിലും പരിസരത്തുമുള്ള വിവിധ മതസമൂഹങ്ങൾ ഒന്നിച്ചു പരിഹരിച്ച ഒരു വിഷയത്തെ വീണ്ടും വ്രണപ്പെടുത്തി, രണ്ട് സമുദായങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കി, അതിൽനിന്ന് വരാൻ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ നാല് വോട്ട് അധികം കിട്ടുമോ എന്ന് കണ്ണ് നട്ടു നിൽക്കുന്ന ഒരു മുഖ്യമന്ത്രിയായി, കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അധപതിച്ച കാഴ്ചയാണ് കാണാൻ സാധിച്ചത്.
മുഖ്യമന്ത്രി ഈ പ്രസ്താവന തിരുത്തണം. ഈ പ്രസ്താവന തിരുത്തി മാപ്പ് പറയാൻ തയ്യാറാകണം എന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുകയാണ്.
ഈരാറ്റുപേട്ടയെ കുറിച്ച് ഇങ്ങനെയൊരു തെറ്റിദ്ധാരണ പടർത്തുന്നത് ഇത് ആദ്യമായിട്ടല്ല. രാജ്യത്തെ സംഘപരിവാറുകാർ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളെക്കുറിച്ച് പ്രചരിപ്പിക്കുന്ന തെറ്റായ കാര്യങ്ങൾ കേരളത്തിന്റെ മുഖ്യമന്ത്രിയും ഏറ്റെടുക്കുന്ന കാഴ്ച അങ്ങേയറ്റം ദൗർഭാഗ്യകരമാണ്.
നേരത്തെ പാലക്കാട് ജില്ലയിൽ ഒരു ആന കൊല്ലപ്പെട്ടപ്പോൾ ബി.ജെ.പി നേതൃത്വം ആന കൊല്ലപ്പെട്ടത് മലപ്പുറത്താണെന്നും മലപ്പുറത്തുകാർ ഇങ്ങനെ മൃഗങ്ങളെയും അതുപോലെ മനുഷ്യരെയുമൊക്കെ ക്രൂരമായി ഉപദ്രവിക്കുന്നവരാണ് എന്നും നടത്തിയ പ്രസ്താവന നമുക്ക് മുന്നിലുണ്ട്.
ഇങ്ങനെ മുസ്‌ലിങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശങ്ങളെ ബോധപൂർവ്വം പാർശ്വവൽക്കരിക്കാനും അവർക്കെതിരെ തെറ്റായ പ്രചരണം നടത്തുവാനും സംഘപരിവാരങ്ങൾ ഒരു പ്രചരണം നടത്തുമ്പോൾ, അതിന് ഏറ്റുപിടിക്കുന്ന ഒരു സമീപനമാണ് കേരളത്തിന്റെ മുഖ്യമന്ത്രിയും സ്വീകരിക്കുന്നത്,’ ഫിറോസ് പറഞ്ഞു.
മുഖ്യമന്ത്രി പ്രസ്താവന പിൻവലിക്കണമെന്നും പി.കെ. ഫിറോസ് ആവശ്യപ്പെട്ടു.
മുസ്‌ലിം നേതാക്കൾ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലെ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ നിരവധി പേർ രംഗത്ത് വന്നിരുന്നു. പൂഞ്ഞാർ സെന്റ് പള്ളിയിൽ വൈദികൻ പ്ലസ് ടു വിദ്യാർത്ഥികളുടെ വാഹനമിടിച്ച് പരിക്കേറ്റ സംഭവത്തിൽ, എന്ത് തെമ്മാടിത്തമാണ് കുട്ടികൾ കാണിച്ചത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ചെറുപ്പക്കാരുടെ സെറ്റ് എന്ന് പറയുമ്പോൾ എല്ലാവരും ഉണ്ടെന്നാണ് കരുതുക എന്നും എന്നാൽ അവിടെ മുസ്‌ലിം വിഭാഗക്കാർ മാത്രമാണ് ഉണ്ടായിരുന്നത് എന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
Content Highlight: PK Firoz against CM on poonjar incident statement