| Wednesday, 17th February 2021, 2:37 pm

'സാധാരണ അവര്‍ വധശിക്ഷയാണ് നല്‍കാറ്'; ഫണ്ട് തിരിമറി ആരോപണത്തില്‍ കേസെടുത്തതില്‍ പ്രതികരണവുമായി പി.കെ ഫിറോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കത്‌വ ഫണ്ട് തിരിമറി ആരോപണത്തില്‍ പൊലീസ് തനിക്കെതിരെ കേസെടുത്തത് രാഷ്ട്രീയ പ്രേരിതമായെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. സി.പി.ഐ.എമ്മിന് താനും യൂത്ത് ലീഗുമുണ്ടാക്കിയ തലവേദനകള്‍ പരിഗണിക്കുമ്പോള്‍ അവര്‍ നല്‍കുന്ന ഏറ്റവും ചെറിയ ശിക്ഷയാണ് കേസെന്നും അദ്ദേഹം പറഞ്ഞു.

കത്‌വ ഫണ്ട് തിരിമറി ആരോപണത്തില്‍ കുന്ദമംഗലം പൊലീസ് കേസെടുത്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കുന്നവരെ ഇല്ലാതാക്കുന്നതാണ് സി.പി.ഐ.എമ്മിന്റെ പതിവെന്നും അങ്ങനെ നോക്കുമ്പോള്‍ അവര്‍ തനിക്ക് നല്‍കാവുന്ന ഏറ്റവും ചെറിയ ശിക്ഷയാണ് ഈ കേസെന്നും പി.കെ ഫിറോസ് പറഞ്ഞു.

സാധാരണ അവര്‍ വധശിക്ഷയാണ് നല്‍കാറുള്ളത്. എത്രത്തോളം മുമ്പോട്ട് പോവാന്‍ പറ്റുമെന്ന് അവര്‍ നോക്കട്ടെ. ഞങ്ങളും പരാതി കൊടുക്കാന്‍ പോവുകയാണ്. അഭിമന്യുവിന്റെ പേരിലും ദല്‍ഹി കലാപത്തിന് പിന്നാലെയും സി.പി.ഐ.എം പിരിവ് നടത്തിയിട്ടുണ്ട്. ഒരു വെള്ള കടലാസില്‍ ആക്ഷേപം ഉന്നയിച്ച് പരാതി കൊടുത്താല്‍ പിണറായിക്കും കോടിയേരിക്കും എതിരെ കേസെടുക്കുമോ എന്ന് നോക്കാം. അതില്‍ നിന്നും പൊലീസിന്റെ നിലപാട് വ്യക്തമാവുമല്ലോ, പി.കെ ഫിറോസ് പറഞ്ഞു.

കത്‌വ ഫണ്ട് തട്ടിപ്പ് പരാതിയില്‍ യൂത്ത് ലീഗ് നേതാക്കളായ സി കെ സുബൈര്‍, പി കെ ഫിറോസ് എന്നിവര്‍ക്കെതിരെയാണ് കുന്ദമംഗലം പൊലീസ് കേസെടുത്തത്.

യൂത്ത് ലീഗ് മുന്‍ നേതാവ് യൂസഫ് പടനിലത്തിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊതുജനങ്ങളില്‍ നിന്ന് പണം പിരിച്ച് മറ്റ് ആവശ്യങ്ങള്‍ക്കായി വകമാറ്റിയെന്നാണ് പരാതി.

ഐ.പി.സി 420 അനുസരിച്ച് വഞ്ചനാകുറ്റമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതിക്കാരനോട് തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

യൂസഫ് പടനിലം ആരോപണം ഉന്നയിച്ചതിന് പിന്നാലെ യൂത്ത് ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തുകയും പെണ്‍കുട്ടിയുടെ പിതാവിന് അഞ്ച് ലക്ഷം രൂപയും അഭിഭാഷകര്‍ക്ക് ഒമ്പതര ലക്ഷത്തോളം രൂപയും നല്‍കിയെന്നും പറഞ്ഞിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ കേസ് നടത്തിപ്പിനായി ഒരു അഭിഭാഷകനും പണം വാങ്ങിയിട്ടില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍മാരാണ് കേസ് നടത്തുന്നതെന്നും പറഞ്ഞ് അഭിഭാഷക ദീപിക സിംഗ് രജാവത്ത് രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more