കൊച്ചി: കെ.ടി ജലീലിന്റെ രാജിയില്‍ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഗത്യന്തരമില്ലാതെയാണ് കെ.ടി ജലീല്‍ രാജിവെക്കാന്‍ തയ്യാറായതെന്ന് പി.കെ ഫിറോസ് പറഞ്ഞു.
കോടതിയില്‍ വാദമുഖങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ അവിടെ ഹാജരായ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മറ്റു പി.എമാരും വാദം എതിരാകുമെന്ന് മന്ത്രിയെ വിളിച്ച് അറിയിച്ചപ്പോഴാണ് രാജിവെക്കാന്‍ വേണ്ടി തയ്യാറായത്.
സ്‌റ്റേ ലഭിക്കില്ലെന്നുറപ്പായ ഘട്ടത്തില്‍ രാജിവെച്ചപ്പോള്‍ അപ്പോഴും നുണപറയാനാണ് മന്ത്രി ശ്രമിച്ചത്. മുന്‍കാലങ്ങളിലെല്ലാം ഒരുപാട് തവണ നുണ പറഞ്ഞ മന്ത്രി രാജിവെക്കുമ്പോഴെങ്കിലും സത്യസന്ധത പാലിക്കുമെന്നാണ് കേരളീയ പൊതുസമൂഹം വിശ്വസിച്ചത്.
എന്നാല്‍ രാഷ്ട്രീയധാര്‍മികതയുടെ പേരിലാണ് രാജിയെന്നാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. ഇത് രാഷ്ട്രീയധാര്‍മ്മികതയുടെ പേരിലല്ല. ലോകായുക്തയുടെ വിധി എതിരായപ്പോഴും ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ ലഭിക്കില്ലെന്ന് ബോധ്യം വന്നപ്പോഴുമാണ്.
2018 നവംബര്‍ മാസം 2ാം തിയതിയാണ് ഈ ആരോപണം ആദ്യമായി യൂത്ത് ലീഗ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നത്. ധാര്‍മികതയുടെ പേരിലാണെങ്കില്‍ അന്ന് രാജിവെക്കണമായിരുന്നു. അതിന് ശേഷം നവംബര്‍ 12ാം തിയതി ബന്ധുവായ കെ.ടി അദീബ് രാജിവെച്ചു. അന്നെങ്കിലും രാജിവെക്കാന്‍ മന്ത്രി തയ്യാറാകണമായിരുന്നു.
അന്നൊന്നും രാജിവെക്കാതെ ആ ആരോപണം ഉന്നയിച്ച എനിക്കെതിരെ വ്യക്തിപരമായ ആക്ഷേപങ്ങളും പരിഹാസങ്ങളും ഉന്നയിക്കാനാണ് മന്ത്രി ശ്രമിച്ചത്. ലോകായുക്ത വിധി വന്നപ്പോള്‍ ആ വിധിയെ അംഗീകരിക്കുന്ന നിലപാടായിരുന്നില്ല ജലീല്‍ സ്വീകരിച്ചത്. അപ്പോഴും കള്ളം പറഞ്ഞു. ഹൈക്കോടതിയും ഗവര്‍ണറും തള്ളിയ ഒരു കേസിലാണ് ലോകായുക്ത വിധി പറഞ്ഞിരിക്കുന്നതെന്നും അതുകൊണ്ട് അത് അംഗീകരിക്കേണ്ടതില്ലെന്ന നിലപാടുമാണ് മന്ത്രി സ്വീകരിച്ചത്.
ഏതെങ്കിലും നിലയ്ക്ക് കച്ചിത്തുരുമ്പ് കിട്ടുമോ എന്നറിയാനാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിക്കില്ലെന്ന് ഇന്ന് വാദം തുടങ്ങിയപ്പോള്‍ തന്നെ മനസിലാകുകയും മന്ത്രി രാജിവെക്കുകയും ചെയ്തു.
രാജിവെക്കുമ്പോള്‍ പോലും മന്ത്രി തെളിയിച്ചത് താന്‍ ഒരു നുണയനാണെന്നാണ്. രാജിവെക്കുമ്പോഴെങ്കിലും സത്യസന്ധത പാലിക്കാന്‍ മന്ത്രി തയ്യാകണമായിരുന്നു. എന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തത്ക്കാലം ആശ്വസിക്കാം എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി.
ജലീലിന്റെ രക്തം ഊറ്റിക്കുടിക്കാന്‍ ആരും ശ്രമിച്ചിട്ടില്ല. മന്ത്രി നികുതിപ്പണം ഊറ്റിയെടുക്കാന്‍ ശ്രമിച്ചത് കണ്ടെത്തിയതാണ് പ്രശ്‌നം. ഞാനും നിങ്ങളും കൊടുക്കുന്ന നികുതി പണം ബന്ധുവഴി ഊറ്റിയെടുക്കാന്‍ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും അധികാര ദുര്‍വിനിയോഗവും നടത്തിയത് ലോകായുക്ത കണ്ടെത്തിയതാണ് മന്ത്രിയുടെ രാജിക്ക് കാരണമായത്.
അല്ലാതെ മന്ത്രിയുടെ രക്തം ഊറ്റിക്കുടിക്കാന്‍ ആരും ശ്രമിച്ചതല്ലെന്ന് കെ.ടി ജലീല്‍ ഇനിയെങ്കിലും സമ്മതിക്കണം. ഇതിനെല്ലാം കൂട്ടുനിന്ന ഒരാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹമാണ് ആദ്യം മുതല്‍ ജലീലിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചത്. ഇ.പി ജയരാജന് ലഭിക്കാത്ത ആനുകൂല്യം ജലീലിന് ഇത്രയും കാലം എന്തുകൊണ്ട് കൊടുത്തുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പി.കെ ഫിറോസ് പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് കെ.ടി ജലീല്‍ മന്ത്രി സ്ഥാനം രാജിവെച്ചത്. രാജിക്കത്ത് മുഖ്യമന്ത്രിയ്ക്ക് കൈമാറുകയായിരുന്നു. ബന്ധു നിയമന വിവാദത്തില്‍ കെ.ടി ജലീല്‍ കുറ്റക്കാരനെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമുള്ള ലോകായുക്തയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് രാജി.
ജലീല്‍ സ്വജന പക്ഷപാതം കാണിച്ചെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയ കെ.ടി ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്ത പറഞ്ഞിരുന്നു. ജലീലിനെതിരെ മുഖ്യമന്ത്രി യുക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് ലോകായുക്ത ഉത്തരവില്‍ വിശദീകരിക്കുന്നത്.
ന്യൂനപക്ഷ കോര്‍പറേഷന്റെ ജനറല്‍ മാനേജര്‍ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു ലോകായുക്തയുടെ വിധി. മന്ത്രിയുടെ ബന്ധുവായ കെ. ടി അദീപിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ ആയി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്. ബന്ധുവിന് വേണ്ടി യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീപിനെ നിയമിക്കുകയും ചെയ്തുവെന്നാണ് പരാതി.
വി.കെ മുഹമ്മദ് ഷാഫി എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും സത്യമാണെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തല്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക