|

ബി.ജെ.പി നേതാക്കള്‍ക്കെതിരായ പണമിടപാടുകള്‍ ഗൗരവമുള്ളത്; കേസ് അട്ടിമറിക്കാതിരിക്കാന്‍ കേരള സമൂഹം ജാഗ്രത കാണിക്കണം: പി.കെ ഫിറോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ബി.ജെ.പിക്കെതിരായി ഉയരുന്ന പണമിടപാട് കേസുകളെ ഗൗരവമായി കാണണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ്. ബി.ജെ.പിയുമായി ബന്ധപ്പെട്ട പണമിടപാട് കേസുകള്‍ അട്ടിമറിച്ചതുപോലെ ഈ കേസും മായാതിരിക്കാന്‍ കേരള പൊതു സമൂഹത്തിന്റെ ജാഗ്രത അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സി.കെ ജാനുവിന് പത്തുലക്ഷം നല്‍കി എന്‍.ഡി.എയിലേക്ക് തിരികെ കൊണ്ടുവരാന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നടത്തുന്ന ശ്രമങ്ങളുടെ തെളിവായി പുറത്ത് വന്ന ഓഡിയോ സന്ദേശം ഗൗരവത്തോടയാണ് കാണേണ്ടത്. ഇവര്‍ക്ക് എവിടെ നിന്നാണ് ഇതിനൊക്കെ കോടിക്കണക്കിന് രൂപ ലഭിക്കുന്നതെന്ന പഴുതടച്ച അന്വേഷണം ഈ വിഷയത്തിലുണ്ടാവണം.

ഏതൊരു രാഷ്ട്രീയ ചര്‍ച്ച നടക്കുമ്പോഴും ഉത്തരം കിട്ടാതെ അളമുട്ടുന്ന നേരത്ത് പലപ്പോഴും എതിരാളികളെ ഹവാല, കുഴല്‍പ്പണ ഏജന്റുമാരും രാജ്യദ്രോഹികളുമാക്കി ചിത്രീകരിച്ച് രംഗത്ത് നിന്ന് തടിയൂരുന്നവരാണ് ബി.ജെ.പി നേതാക്കള്‍. നിലവിലെ കുഴല്‍പ്പണ വിവാദത്തില്‍ അവരുടെ സംസ്ഥാന, ദേശീയ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ന്യായമായും സംശയിക്കാന്‍ വകയുണ്ടെന്നും പി. കെ ഫിറോസ് പറഞ്ഞു.

ബി.ജെ.പിയുടെ പേരിലായി വരുന്ന പണമിടപാടു കേസുകള്‍ സത്യമാണെങ്കില്‍ അത് രാജ്യദ്രോഹക്കുറ്റമാണെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് പി. പി മുകുന്ദന്‍ നേരത്തെ പറഞ്ഞിരുന്നു. കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും എന്‍.ഡി.എയുടെ ഭാഗമാവുന്നതിനുമായി 10 ലക്ഷം രൂപ സി.കെ ജാനുവിന് കെ.സുരേന്ദ്രന്‍ നല്‍കിയെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രസീതയായായിരുന്നു വെളിപ്പെടുത്തിയത്.

ഇതിന് പിന്നാലെ പ്രതികരണവുമായി സി. കെ. ജാനു രംഗത്തെത്തിയിരുന്നു. അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നും പാര്‍ട്ടി പിടിച്ചടക്കാനുള്ള നടപടിയാണിതെന്നുമാണ് സി. കെ. ജാനു പറഞ്ഞത്.

കൊടകര കുഴല്‍പ്പണ കേസിലും ബി.ജെ.പിക്ക് കുരുക്ക് മുറുകുകയാണ്. കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസിലെ പ്രതികള്‍ തൃശ്ശൂര്‍ ബി.ജെ.പി. ഓഫീസില്‍ എത്തിയെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പ്രതികളായ ദീപക്, രഞ്ജിത്ത് എന്നിവരാണ് തൃശ്ശൂര്‍ പാര്‍ട്ടി ഓഫീസില്‍ എത്തിയത്. ഇവരെ നേതാക്കള്‍ വിളിച്ചുവരുത്തിയതാണോയെന്ന് അന്വേഷിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഏതൊരു രാഷ്ട്രീയ ചര്‍ച്ച നടക്കുമ്പോഴും ഉത്തരം കിട്ടാതെ അളമുട്ടുന്ന നേരത്ത് പലപ്പോഴും എതിരാളികളെ ഹവാല, കുഴല്‍പ്പണ ഏജന്റുമാരും രാജ്യദ്രോഹികളുമാക്കി ചിത്രീകരിച്ച് രംഗത്ത് നിന്ന് തടിയൂരുന്നവരാണ് ബി.ജെ.പി നേതാക്കള്‍. നിലവിലെ കുഴല്‍പ്പണ വിവാദത്തില്‍ അവരുടെ സംസ്ഥാന, ദേശീയ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ന്യായമായും സംശയിക്കാന്‍ വകയുണ്ട്.

സി.കെ ജാനുവിന് പത്തുലക്ഷം നല്‍കി എന്‍.ഡി.എയിലേക്ക് തിരികെ കൊണ്ടുവരാന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നടത്തുന്ന ശ്രമങ്ങളുടെ തെളിവായുള്ള ഓഡിയോ സന്ദേശം ഗൗരവത്തോടയാണ് കാണേണ്ടത്. ഇവര്‍ക്ക് എവിടെ നിന്നാണ് ഇതിനൊക്കെ കോടിക്കണക്കിന് രൂപ ലഭിക്കുന്നതെന്ന പഴുതടച്ച അന്വേഷണം തന്നേ ഈ വിഷയത്തിലുണ്ടാവണം.

കെ.സുരേന്ദ്രന്റെയും ശോഭാ സുരേന്ദ്രന്റെയും ഇഷ്ടക്കാര്‍ പ്രതികളായ കൊടുങ്ങല്ലൂര്‍ കള്ളനോട്ട് കേസ് അട്ടിമറിച്ചത് പോലെ, ബി.ജെ.പി നേതാക്കള്‍ പ്രതികളായ മെഡിക്കല്‍ കോഴ കേസ് മായ്ച്ചുകളഞ്ഞതു പോലെ, വിദ്യാലയങ്ങളിലെ ആര്‍.എസ്.എസ് ആയുധ പരിശീലനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മടിക്കുന്നതുപോലെ ഈ കേസും മായാതിരിക്കാന്‍ കേരളീയ പൊതു സമൂഹത്തിന്റെ ജാഗ്രത അത്യാവശ്യമാണ്.!

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: PK Firoz about BJP hawala cases in Kerala