| Thursday, 27th April 2023, 4:20 pm

സംഘപരിവാര്‍ സ്‌പോണ്‍സേര്‍ഡ് സിനിമ; ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം തടയണം; സംവിധായകനെതിരെ കേസെടുക്കണം: പി.കെ. ഫിറോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ഇസ്‌ലാമോഫോബിക് ഉള്ളടക്കങ്ങള്‍ കൊണ്ട് വിവാദമായ ഹിന്ദി ചിത്രം ദി കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ്. കേരളത്തെ ഇസ് ലാമിക രാഷ്ട്രമാക്കി മാറ്റുമെന്ന വ്യാജപ്രചരണത്തിന് ആക്കം കൂട്ടുന്ന ചിത്രം സംഘപരിവാര്‍ പ്രൊപ്പഗാന്‍ഡയുടെ ഭാഗമാണെന്നും പി.കെ. ഫിറോസ് ആരോപിച്ചു.

സുപ്രീം കോടതി പോലും തള്ളിക്കളഞ്ഞ ലവ് ജിഹാദ് ആരോപണത്തെ വീണ്ടും ആളിക്കത്തിച്ച് മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തിയതിന് സംവിധായകന്‍ സുദിപ്‌തോ സെന്നിനെതിരെ കേസെടുക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് സുദിപ്‌തോ സെന്‍ സംവിധാനം ചെയ്ത ദി കേരള സ്‌റ്റോറിയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്ത് വന്നപ്പോള്‍ തന്നെ വലിയ രീതിയിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കേരളത്തില്‍ നിന്ന് 32,000 സ്ത്രീകളെ നിര്‍ബന്ധപൂര്‍വ്വം മതം മാറ്റി ഐ.എസില്‍ ചേര്‍ക്കാന്‍ സിറിയയിലേക്കും യെമനിലേക്കും അയച്ചെന്ന ആരോപണമാണ് ചിത്രം ഉയര്‍ത്തുന്നത്. ഇതില്‍ വിമര്‍ശനവുമായാണ് യൂത്ത് ലീഗ് നേതാവിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ദി കേരള സ്റ്റോറി’ എന്ന പേരില്‍ സുദിപ്‌തോ സെന്നിന്റെ ഒരു പ്രൊപ്പഗണ്ട സിനിമ ഇറങ്ങുന്നതിന്റെ ചര്‍ച്ചകളാണ് എങ്ങും. ഇന്ത്യയില്‍ വിശിഷ്യാ കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാന്‍ വേണ്ടി മുസ്‌ലിങ്ങള്‍ രാഷ്ട്രീയമായി പണിയെടുക്കുന്നുവെന്ന വ്യാജ ആരോപണമാണ് സിനിമയുടെ ട്രെയിലറിലുള്ളത്.

ലവ് ജിഹാദെന്ന ഉണ്ടയില്ലാ വെടി സാക്ഷാല്‍ സുപ്രീം കോടതി പോലും തള്ളിക്കളഞ്ഞതാണ്.
പക്ഷെ ഹിന്ദുക്കളായ സ്ത്രീകളെ വശീകരിച്ച് മതം മാറ്റി കല്യാണം കഴിച്ച് തീവ്രവാദത്തിലേക്ക് കടത്തുകയും ഇക്കോലത്തില്‍ കേരളത്തില്‍ മുപ്പത്തിനായിരത്തിലേറെ പേരെ വഞ്ചിക്കുകയും ചെയ്തുവെന്ന ഗുരുതരമായ ആരോപണമാണ് ഇതിലുള്ളത്.

ഇസ്‌ലാം മതം പോലും ഇത്തരം വശീകരണ തന്ത്രങ്ങള്‍ നിഷിദ്ധമായി കാണുമ്പോള്‍ മതാനുശാസനം അനുസരിച്ച് വിശ്വാസത്തിന്റെ ഭാഗമായി മുസ്‌ലിങ്ങള്‍ എന്തോ പുണ്യപ്രവൃത്തി പോലെ ഇത് ചെയ്യുന്നുവെന്ന് വിശ്വസിക്കാന്‍ ആരെങ്കിലും തയ്യാറാവുമോ?

ഇരുപത് വര്‍ഷങ്ങള്‍ കൊണ്ട് ഇതൊരു മുസ്ലിം രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വര്‍ഗ്ഗീയ പ്രസ്താവനയും സപ്പോര്‍ട്ടീവ് റഫറന്‍സായി ട്രെയിലറിലുണ്ട്.

അറിഞ്ഞിടത്തോളം മനുഷ്യരെ മതത്തിന്റെ പേരില്‍ ചേരിതിരിക്കാനുള്ള സംഘപരിവാര്‍ സ്‌പോണ്‌സേര്‍ഡ് സിനിമയാണിത്. അങ്ങിനെയെങ്കില്‍ ഇത് ആവിഷ്‌കാര സ്വാതന്ത്ര്യമോ സിനിമയോ അല്ല. വിവിധ മതവിശ്വാസികള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവുമുണ്ടാക്കുന്നതിന് സംവിധായകനെതിരെ കേസെടുക്കണം. പ്രദര്‍ശനത്തിന് യാതൊരു കാരണവശാലും അനുമതി നല്‍കാന്‍ പാടില്ല.

Content Highlight: pk firose facebook post on the kerala story

We use cookies to give you the best possible experience. Learn more