പിതൃതുല്യരായ പാര്‍ട്ടി നേതൃത്വമെടുത്ത തീരുമാനമായി കണ്ടാല്‍ മതി; പിരിച്ചുവിട്ട ഹരിത നേതാക്കളോട് പി.കെ. ഫിറോസ്
Kerala News
പിതൃതുല്യരായ പാര്‍ട്ടി നേതൃത്വമെടുത്ത തീരുമാനമായി കണ്ടാല്‍ മതി; പിരിച്ചുവിട്ട ഹരിത നേതാക്കളോട് പി.കെ. ഫിറോസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th September 2021, 6:11 pm

കോഴിക്കോട്: എം.എസ്.എഫ് വിദ്യാര്‍ത്ഥിനി വിഭാഗമായ ഹരിത പിരിച്ചുവിട്ട നടപടിയെ പിന്തുണച്ച് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. പാര്‍ട്ടി നേതൃത്വമെടുത്ത തീരുമാനം അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് പി.കെ. ഫിറോസ് പറഞ്ഞു.

‘നിരന്തരമായ ചര്‍ച്ചകള്‍ക്കൊടുവില്‍ പാര്‍ട്ടി നേതൃത്വം ഒരു തീരുമാനമെടുത്തു. ആ തീരുമാനം അംഗീകരിക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഒരു സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിന് അച്ചടക്കം പരമപ്രധാനമാണ്,’ ഫിറോസ് കൂട്ടിച്ചേര്‍ത്തു.

കുട്ടികളുടെ കാര്യത്തില്‍ മുതിര്‍ന്നവര്‍ എടുത്ത തീരുമാനം എന്ന നിലക്ക് ഉള്‍ക്കൊണ്ട് പോവുകയാണ് ശരിയായ നിലപാടെന്നും അതിന് മറ്റ് മാനങ്ങള്‍ നല്‍കി ചര്‍ച്ചയാക്കുന്നത് ഒട്ടും ആശാവഹമല്ലെന്നും അദ്ദേഹം പറഞ്ഞു.

നടപടിക്ക് വിധേയരായവര്‍ പിതൃതുല്യരായ പാര്‍ട്ടി നേതൃത്വം എടുത്ത തീരുമാനമായി അതിനെ കണ്ടാല്‍ മതിയെന്നും ഫിറോസ് പറഞ്ഞു.

അതേസമയം ഹരിത നേതാക്കളെ പിന്തുണച്ച ഫാത്തിമ തഹ്ലിയയെ എം.എസ്. എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. ഹരിത വിവാദത്തില്‍ ഫാത്തിമ തഹ്ലിയ നടത്തിയത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് ലീഗ് പറഞ്ഞു.

പിരിച്ചുവിട്ട ഹരിത സംസ്ഥാന കമ്മറ്റിക്ക് പകരമായി പുതിയ കമ്മറ്റി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫാത്തിമ തഹ്ലിയയെ സ്ഥാനത്ത് നിന്ന് മാറ്റിയത്. 2016 മുതല്‍ ഹരിതയുടെയും എം.എസ്.എഫിന്റെയും മുഖമായി പാര്‍ട്ടിയില്‍ ഉള്ള വ്യക്തിയാണ് ഫാത്തിമ തഹ്ലിയ

നേരത്തെ ഹരിത വിവാദത്തില്‍ ഫാത്തിമ തഹ്ലിയ പത്രസമ്മേളനം നടത്തിയിരുന്നു. എം.എസ്.എഫ് നേതാക്കളുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതികരിച്ചതുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ ക്രൂരമായ വ്യക്തിഹത്യയ്ക്ക് ഹരിത നേതാക്കള്‍ ഇരയാകുന്നുവെന്നും തങ്ങളുന്നയിച്ച വിഷയങ്ങളില്‍ മാതൃകാപരമായ നടപടി ലീഗ് നേതൃത്വം സ്വീകരിക്കുമെന്നുറപ്പുണ്ടെന്നും തഹ്ലിയ പറഞ്ഞിരുന്നു.

ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പിച്ചതിന് പിന്നാലെയായിരുന്നു തഹ്ലിയയുടെ വാര്‍ത്താസമ്മേളനം. ഇത് ഗുരുതര അച്ചടക്ക ലംഘനമായിട്ടാണ് ലീഗ് വിലയിരുത്തുന്നത്.

പിരിച്ചുവിട്ട ഹരിത സംസ്ഥാന കമ്മറ്റിക്ക് പകരം ഞായറാഴ്ചയാണ് പുതിയ സംസ്ഥാന കമ്മറ്റി ലീഗ് പ്രഖ്യാപിച്ചത്. ലീഗ് സെക്രട്ടറി പി.എം.എ. സലാമാണ് ഹരിതയുടെ പുതിയ കമ്മറ്റി പ്രഖ്യാപിച്ചത്.

പിരിച്ചുവിട്ട സംസ്ഥാന കമ്മറ്റിയില്‍ ട്രഷററായിരുന്ന പി.എച്ച്. ആയിഷ ബാനുവാണ് ഹരിതയുടെ പുതിയ അധ്യക്ഷ. ജനറല്‍ സെക്രട്ടറിയായി റുമൈസ റഫീഖിനെയും ട്രഷററായി നയന സുരേഷിനെയുമാണ് തെരഞ്ഞെടുത്തത്.

വൈസ് പ്രസിഡന്റുമാരായി നജ്വ ഹനീന (മലപ്പുറം), ഷാഹിദ റാഷിദ് (കാസര്‍ഗോഡ്), അയ്ഷ മറിയം (പാലക്കാട്) എന്നിവരെയും സെക്രട്ടറിമാരായി അഫ്ഷില (കോഴിക്കോട്), ഫായിസ എസ്. (തിരുവനന്തപുരം), അഖീല ഫര്‍സാന (എറണാകുളം) എന്നിവരെയും നിയമിച്ചു

ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത റുമൈസ റഫീഖ് നേരത്തെ ജില്ല ഭാരവാഹിയായിരുന്നു. എം.എസ്.എഫ് അധ്യക്ഷനടക്കമുള്ളവര്‍ക്കെതിരെ ഹരിത നേതാക്കള്‍ നല്‍കിയ പരാതിയില്‍ ട്രഷററായിരുന്ന പി.എച്ച് ആയിഷ ബാനു ഒപ്പ് വെച്ചിരുന്നില്ല.

അധ്യക്ഷന്‍ പി.കെ. നവാസിനും നേതൃത്വത്തിനും അനുകൂല നിലപാട് ആയിരുന്നു ആയിഷ സ്വീകരിച്ചിരുന്നത്.

ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് ഹരിത നേതാക്കളുടെ പരാതി. പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഹരിത നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചതോടെയാണ് വിഷയം വലിയ മാധ്യമശ്രദ്ധ നേടിയത്.

വിവാദം ശക്തമായതോടെ ഹരിത നേതാക്കളുമായി ലീഗ് നേതൃത്വം യോഗം ചേരുകയും ചെയ്തിരുന്നു. എന്നാല്‍ കുറ്റാരോപിതനായ പി.കെ. നവാസിനെതിരെ നടപടി വേണ്ടെന്നും ഖേദപ്രകടനം മതിയെന്നുമായിരുന്നു ലീഗ് നേതൃത്വത്തിന്റെ തീരുമാനം.

ഇതിനെ തുടര്‍ന്ന് പി.കെ. നവാസ് അടക്കമുള്ള നേതാക്കള്‍ ഫേസ്ബുക്കിലൂടെ ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ലീഗില്‍ നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

എം.എസ്.എഫ്. നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ കൊടുത്ത പരാതി പിന്‍വലിക്കില്ലെന്ന് ഹരിത നേതാക്കള്‍ നിലപാട് എടുക്കുകയും ചെയ്തിരുന്നു. പി.കെ. നവാസിന്റെത് ഖേദപ്രകടനമല്ലെന്നും നടപടി ഖേദപ്രകടനത്തില്‍ ഒതുക്കിയാല്‍ പോരെന്നുമാണ് ഹരിതയെടുക്കുന്ന നിലപാട്.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ. വഹാബ് എന്നിവര്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് ഹരിത നേതാക്കള്‍ പറഞ്ഞത്.

ഹരിത പിരിച്ചുവിട്ടതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഹരിത അംഗങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ വിഷയത്തില്‍ പരാതി നല്‍കിയതിന്റെ പേരില്‍ കൂട്ടായ്മ പിരിച്ചു വിടുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു പരാതി നല്‍കിയ ഹരിതയുടെ ഭാരവാഹികളായിരുന്നവര്‍ പറഞ്ഞത്.

വനിത കമ്മിഷനില്‍ നല്‍കിയ പരാതി ഒരുകാരണവശാലും പിന്‍വലിക്കില്ലെന്നാണ് ഹരിത മുന്‍ നേതാക്കളുടെ നിലപാട്.

പി.കെ. ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:

2007 ല്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പദവി ഏറ്റെടുത്ത ശേഷം ശിഹാബ് തങ്ങളെ കാണാന്‍ ചെന്നപ്പോള്‍ തങ്ങള്‍ പറഞ്ഞു ‘കോളേജുകളില്‍ ഇപ്പോളധികവും പഠിക്കാന്‍ വരുന്നത് പെണ്‍കുട്ടികളാണ്. അവര്‍ക്കും പ്രവര്‍ത്തിക്കാന്‍ അവരുടേതായ ഒരിടം ഉണ്ടാക്കാവുന്നതാണ്.’

സമാനമായ നിര്‍ദ്ദേശം പാര്‍ട്ടിയുടെ മൂര്‍ച്ചയേറിയ തൂലികയായിരുന്ന പ്രിയപ്പെട്ട റഹീം മേച്ചേരിയും മുമ്പ് പങ്കുവച്ചിരുന്നു. അന്ന് ഞാന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റാണെന്നാണ് എന്റെ ഓര്‍മ്മ. അത്തരം നിരന്തരമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് 2011 ല്‍ ഹരിത സംസ്ഥാന കമ്മിറ്റിക്ക് രൂപം നല്‍കുന്നത്.

മുസ്ലിം ലീഗ് പാര്‍ട്ടിയുടെ വളര്‍ച്ചയുടെ ഭാഗമായാണ് ഓരോ ഉപഘടകങ്ങളും രൂപം കൊണ്ടിട്ടുള്ളതെന്ന് അതിന്റെ വളര്‍ച്ചാ ചരിത്രം വായിക്കുന്ന ഓരോരുത്തര്‍ക്കും മനസ്സിലാവും.
ഒരുകാലത്ത് പല കാരണങ്ങള്‍ കൊണ്ടും വിദ്യഭ്യാസത്തോടു മുഖം തിരിഞ്ഞു നിന്നിരുന്ന പെണ്‍കുട്ടികളെ വിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കാനും അവര്‍ക്ക് വിദ്യാഭാസം നല്‍കാനും വലിയ പങ്ക് വഹിച്ച പാര്‍ട്ടിയാണ് മുസ്ലിം ലീഗ്.

സമുദായ സംഘടനകളും അതിനോടൊപ്പം നിലയുറപ്പിച്ചു. അതിന്റെ തെളിവാണ് അത്തരം സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.

സമീപകാലത്ത് ഹരിതയിലും എം.എസ്.എഫിലുമുണ്ടായ പ്രശ്‌നങ്ങളെ കുട്ടികള്‍ക്കിടയിലുണ്ടായ പ്രശ്‌നങ്ങള്‍ എന്ന നിലക്കാണ് പാര്‍ട്ടി കണ്ടത്. പാര്‍ട്ടിക്ക് പുറത്തേക്ക് പ്രശ്‌നങ്ങളെ എത്തിച്ചിട്ട് പോലും കുട്ടികളായത് കൊണ്ട് വളരെ അനുഭാവപൂര്‍വ്വം ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരത്തിനാണ് നേതൃത്വം ശ്രമിച്ചത്.

നിരന്തരമായ ചര്‍ച്ചകള്‍ക്കൊടുവില്‍ പാര്‍ട്ടി നേതൃത്വം ഒരു തീരുമാനമെടുത്തു. ആ തീരുമാനം അംഗീകരിക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഒരു സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിന് അച്ചടക്കം പരമപ്രധാനമാണ്. ഇവിടെ കുട്ടികളുടെ കാര്യത്തില്‍ മുതിര്‍ന്നവര്‍ എടുത്ത തീരുമാനം എന്ന നിലക്ക് അതിനെ കാണുകയും ഉള്‍ക്കൊണ്ട് പോവുകയും ചെയ്യുക എന്നത് ഏറ്റവും ശരിയായ നിലപാടാണ്. അതിന് മറ്റ് മാനങ്ങള്‍ നല്‍കി ചര്‍ച്ചയാക്കുന്നത് ഒട്ടും ആശാവഹമല്ല.

ഹരിതക്ക് ഒരു പുതിയ സംസ്ഥാന ഭാരവാഹികളെ പാര്‍ട്ടി നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നു. നടപടിക്ക് വിധേയരായവര്‍ പിതൃതുല്യരായ പാര്‍ട്ടി നേതൃത്വം എടുത്ത തീരുമാനമായി അതിനെ കണ്ടാല്‍ മതി. രാഷ്ട്രീയ എതിരാളികള്‍ പലതും പറയും. അവര്‍ ഗുണകാംക്ഷികളാണെന്ന് തെറ്റിദ്ധരിക്കരുത്. മാധ്യമങ്ങള്‍ക്ക് വാര്‍ത്തകളോട് മാത്രമാണ് താല്‍പ്പര്യവും എന്ന് മനസ്സിലാക്കണം.

അക്കൂട്ടത്തില്‍ ലീഗിനെ താലിബാനോട് പോലും ഉപമിക്കുന്നവരുടെ അജണ്ടയും കാണാതെ പോവരുത്.

നമുക്ക് ഇനിയും ഒരുപാടു ദൂരം മുന്നോട്ടു പോവാനുണ്ട്. പിന്നിട്ട വഴികള്‍ കഠിനമേറിയതാണെങ്കില്‍ അതിനേക്കാന്‍ പ്രയാസകരമായ സാഹചര്യത്തിലാണ് നമ്മള്‍ നിലകൊള്ളുന്നത്. മുസ്ലിം ലീഗ് പാര്‍ട്ടിയുടെ മഹത്തായ ആശയത്തിന് ശക്തി പകരാനും ലക്ഷ്യ പൂര്‍ത്തീകരണത്തിന് സഹായകരമായ നിലപാട് സ്വീകരിക്കാനും നമുക്ക് സാധിക്കണം.

പുതിയ ഹരിതയുടെ സംസ്ഥാന നേതൃത്വത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.


ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: PK Firos Youth League MSF Haritha Fathima Thahliya