മഹാത്മാഗാന്ധിയുടെ കൊച്ചുമകനാണ് രാഹുല്‍ഗാന്ധി, രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരില്‍; പ്രസംഗത്തിനിടെ അബദ്ധം പിണഞ്ഞ് പി.കെ ഫിറോസ് (വീഡിയോ)
Social Tracker
മഹാത്മാഗാന്ധിയുടെ കൊച്ചുമകനാണ് രാഹുല്‍ഗാന്ധി, രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരില്‍; പ്രസംഗത്തിനിടെ അബദ്ധം പിണഞ്ഞ് പി.കെ ഫിറോസ് (വീഡിയോ)
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th December 2018, 2:39 pm

കോഴിക്കോട്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛനാക്കി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. യൂത്ത് ലീഗ് നടത്തുന്ന മാര്‍ച്ചിനോട് അനുബന്ധിച്ച പൊതുപരിപാടിയിലെ പ്രസംഗത്തിലാണ് പി.കെ ഫിറോസ്  അബദ്ധങ്ങള്‍ പറഞ്ഞത്.

രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന്‍ ആണ് മഹാത്മാഗാന്ധി എന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലാണെന്നുള്ള ചരിത്ര അബദ്ധങ്ങളാണ് പി.കെ ഫിറോസ് പ്രസംഗത്തില്‍ പറയുന്നത്.

ALSO READ: മധ്യപ്രദേശില്‍ ഗവര്‍ണറെ കോണ്‍ഗ്രസ് സന്ദര്‍ശിച്ചു; എം.എല്‍.എമാരുടെ പട്ടിക കൈമാറി

പ്രസംഗത്തിലെ പ്രചരിക്കുന്ന ഭാഗം ഇങ്ങനെ

“”നരേന്ദ്ര മോദിയെ താഴെയിറക്കാനായി രാഹുല്‍ ഗാന്ധിയല്ലാതെ നമുക്ക് വേറെ ആരാണുള്ളത് ? തന്റെ മുതു മുത്തച്ഛന്‍ ആര്‍.എസ്.എസുകാരുടെ വെടിയേറ്റ്, ഈ രാജ്യത്തെ ഹിന്ദു- മുസ്‌ലിം മതമൈത്രിക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ ആര്‍.എസ്എസുകാരന്റെ വെടിയുണ്ടയേറ്റു പിടഞ്ഞു വീണ് മരിച്ച മഹാത്മാ ഗാന്ധിയുടെ കഥകള്‍ കേട്ട് വളര്‍ന്ന രാഹുലിനെയല്ലാതെ നമ്മള്‍ ആരെയാണ് പിന്തുണക്കേണ്ടത്. തന്റെ സ്വന്തം അച്ഛന്‍ കോയമ്പത്തൂരില്‍ കഷ്ണം കഷ്ണമായി ചിന്നി ചിതറിയപ്പോ കണ്ണീരൊലിപ്പിച്ചു കൊണ്ട് മൃതദേഹം കണ്ടു നിന്ന ചെറുപ്പക്കാരന്‍, അതാണ് രാഹുല്‍ ഗാന്ധി””.

ALSO READ: കര്‍ഷകരും തൊഴിലാളികളും വര്‍ഗബോധത്തോടെ സംഘടിച്ചുകഴിഞ്ഞു; ഇടതുപക്ഷ ഐക്യത്തിന്റെ ആവശ്യകത വിളിച്ചോതുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് വി.എസ്

നെഹ്‌റു കുടുംബത്തില്‍ ജനിച്ച രാഹുലിനെയാണ് ഫിറോസ് പേരിലെ ഗാന്ധി കൊണ്ട് രാഷ്ട്രപിതാവുമായി ബന്ധപ്പെടുത്തുന്നത്. ഇന്ദിരഗാന്ധി – ഫിറോസ്ഗാന്ധി ദമ്പതികളാണ് രാഹുലിന്റെ മുത്തശ്ശനും മുത്തശ്ശിയും.

രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധി ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെടുന്നത് കോയമ്പത്തൂരിലാണ് എന്നതും തെറ്റാണ്. ശ്രീപെരുമ്പത്തൂരില്‍വെച്ചാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്.


എന്നാല്‍ നേതാവ് അബദ്ധം പറഞ്ഞിട്ടും അണികള്‍ നിറഞ്ഞ കൈയടിയാണ് നല്‍കുന്നതെന്നും വീഡിയോയില്‍ വ്യക്തമാണ്.

WATCH THIS VIDEO: