| Wednesday, 3rd May 2023, 12:43 pm

'മൂടി വെക്കാനാകില്ല ഈ അഴിമതി'; എ.ഐ. ക്യാമറ കൊട്ടകൊണ്ട് മൂടി പി.കെ; യൂത്ത് ലീഗ് സമരത്തിന്റെ ചിത്രം വൈറല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എ.ഐ. ക്യാമറയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ മുസ്‌ലിം യൂത്ത് ലീഗിന്റെ വ്യത്യസ്തമായ സമരത്തിന്റെ ചിത്രം പങ്കുവെച്ച് സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ക. ഫിറോസ്.

യൂത്ത് ലീഗ് കൊച്ചിയില്‍ നടത്തിയ സമരത്തിന്റെ ഭാഗമായി എ.ഐ. ക്യാമറ താന്‍
കൊട്ടയിട്ടു മൂടി പ്രതിഷേധിക്കുന്ന ചിത്രമാണ് ഫിറോസ് പങ്കുവെച്ചത്. ‘മൂടി വെക്കാനാകില്ല ഈ അഴിമതി’ എന്ന ക്യാപ്ഷനോടെയാണ് എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുള്ള ചിത്രം പി.കെ. ഫിറോസ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. മറൈന്‍ഡ്രൈവിലായിരുന്നു കഴിഞ്ഞ ദിവസം സമരം സംഘടിപ്പിച്ചത്.



സൂചനാ സമരം കണ്ട് സര്‍ക്കാര്‍ കണ്ണ് തുറക്കുന്നില്ലെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ എ.ഐ. ക്യാമറകളും കൊട്ട കമഴ്ത്തി, പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത വിധമാക്കുമെന്ന് സമരം ഉദ്ഘാടനം ചെയ്ത് ഫിറോസ് പറഞ്ഞു. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് പി.എ. സലിം അധ്യക്ഷത വഹിച്ചു.

അതേസമയം, എ.ഐ. ക്യാമറ അഴിമതിയാരോപണത്തില്‍ മുഖ്യമന്ത്രിക്കെതിരെ വീണ്ടും വിമര്‍ശനമുന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഇന്നും രംഗത്തെത്തി. എ.ഐ. ക്യാമറ കരാര്‍ ആദ്യാവസാനം വരെ  തട്ടിപ്പാണെന്നും ഗൂഢാലോചനയോടെയാണ് കരാര്‍ തുടങ്ങിയതെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

ആരോപണം മുഖ്യമന്ത്രിയുടെ മുറിയ്ക്കകത്തേക്കും വീടിനകത്തേക്കും വരെ എത്തി, മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്ക് അവസാനമായി ഒരു അവസരം കൂടി നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: PK Firos share a picture muslim youth league’s Protest against A.I camera

We use cookies to give you the best possible experience. Learn more