| Monday, 3rd February 2020, 7:09 pm

എസ്.ഡി.പി.ഐയെ പടിക്കുപുറത്താക്കിയവരാണ് മഹല്ല് കമ്മിറ്റികള്‍; എന്നാല്‍ അവരെ അകറ്റി ഒരു പഞ്ചായത്ത് ഭരണമെങ്കിലും വേണ്ടെന്ന് വെക്കാന്‍ സി.പി.ഐ.എമ്മിന് കഴിയുമോ?: പി.കെ ഫിറോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ എസ്.ഡി.പി.ഐ നുഴഞ്ഞു കയറി അക്രമമുണ്ടാക്കുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ രൂക്ഷ വിമര്‍ശനവുമായി കേരള മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.

കേരളത്തിലെ മഹല്ല് കമ്മിറ്റികളെ അപമാനിക്കുകയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സമരങ്ങളെ ഒറ്റിക്കൊടുക്കുകയും ചെയ്യുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതെന്നും പി.കെ ഫിറോസ് പറഞ്ഞു.

മഹല്ല് കമ്മിറ്റികള്‍ എസ്.ഡിപി.ഐയെയും മറ്റു തീവ്രവാദ സംഘടനകളെയും പടിക്ക് പുറത്ത് നിര്‍ത്തിയതാണെന്നും അങ്ങനെയുള്ളവര്‍ക്ക് നുഴഞ്ഞു കയറാന്‍ സാധിക്കാത്ത വിധം മഹല്ലിന്റെ കോട്ടകള്‍ ഭദ്രമാണെന്നും പികെ ഫിറോസ് പറഞ്ഞു. ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എസ്.ഡി.പി.ഐയെ അകറ്റി നിര്‍ത്താന്‍ ഒരു പഞ്ചായത്ത് ഭരണമെങ്കിലും വേണ്ടെന്ന് വെക്കാനുള്ള മനസ്സ് കാണിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഉപദേശിക്കണം. അതാണല്ലോ യഥാര്‍ത്ഥ ഹീറോയിസമെന്നും പി.കെ ഫിറോസ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ നേതൃത്വം നല്‍കുന്ന മഹല്ല് കമ്മിറ്റികളും മുജാഹിദ് പ്രസ്ഥാനങ്ങള്‍ നേതൃത്വം നല്‍കുന്ന മഹല്ല് കമ്മിറ്റികളുമൊക്കെ നാളിതു വരെയായി എസ്.ഡി.പി.ഐയെയും അത്തരം തീവ്രവാദ ചിന്താഗതിക്കാരെയും പടിക്കു പുറത്ത് നിര്‍ത്തിയവരാണ്. മഹല്ല് കമ്മറ്റി അംഗമായി പോലും ഇത്തരം ആശയക്കാര്‍ വരാതെ ശ്രദ്ധിക്കുന്നവരാണ്. അങ്ങിനെയുള്ളവര്‍ക്ക് നുഴഞ്ഞ് കയറാനാവാത്ത വിധം അവരുടെ കോട്ട ഭദ്രവുമാണ്,’ പികെ ഫിറോസ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തെ താറടിക്കാന്‍ ആര്‍.എസ്.എസ് നടത്തുന്ന നുണ പ്രചാരണങ്ങളാണ് മുഖ്യമന്ത്രി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഇത് അദ്ദേഹത്തിന്റെ പദവിക്ക് ചേര്‍ന്നതല്ലെന്നും ഫിറോസ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മഹല്ലുകളില്‍ നിന്നും എസ്.ഡി.പി.ഐയെ പുറത്താക്കാന്‍ കമ്മിറ്റികള്‍ കാണിച്ച ധീരത അങ്ങയുടെ പാര്‍ട്ടി പ്രവര്‍ത്തകരോട് മാതൃകയാക്കാന്‍ പറയണമെന്നും പികെ ഫിറോസ് പറഞ്ഞു.

ചോദ്യോത്തര വേളയില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടത്തിയതിന്റെ പേരില്‍ പൊലീസ് നിരവധിപേര്‍ക്കെതിരെ കേസെടുക്കുന്നു എന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടി നല്‍കവെയായിരുന്നു മുഖ്യമന്ത്രി എസ്ഡിപിഐയെ വിമര്‍ശിച്ച് സംസാരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തിലെ മഹല്ല് കമ്മിറ്റികളെ അപമാനിക്കുകയും പൗരത്വ ഭേഭഗതി നിയമത്തെ എതിർക്കുന്ന സമരങ്ങളെ ഒറ്റിക്കൊടുക്കുകയും ചെയ്യുന്ന പ്രസ്താവനയാണ് കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിയമസഭയിൽ നടത്തിയത്.

മഹാഭൂരിപക്ഷം വരുന്ന മഹല്ല് കമ്മിറ്റികളുടെയും നേതൃത്വം വഹിക്കുന്ന സമസ്തയും അതോടൊപ്പം ബഹു. കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ നേതൃത്വം നൽകുന്ന മഹല്ല് കമ്മിറ്റികളും മുജാഹിദ് പ്രസ്ഥാനങ്ങൾ നേതൃത്വം നൽകുന്ന മഹല്ല് കമ്മിറ്റികളുമൊക്കെ നാളിതു വരെയായി എസ്.ഡി.പി.ഐയെയും അത്തരം തീവ്രവാദ ചിന്താഗതിക്കാരെയും പടിക്കു പുറത്ത് നിർത്തിയവരാണ്. മഹല്ല് കമ്മറ്റി അംഗമായി പോലും ഇത്തരം ആശയക്കാർ വരാതെ ശ്രദ്ധിക്കുന്നവരാണ്. അങ്ങിനെയുള്ളവർക്ക് നുഴഞ്ഞ് കയറാനാവാത്ത വിധം അവരുടെ കോട്ട ഭദ്രവുമാണ്.

വസ്തുത ഇതായിരിക്കെ, പൗരത്വഭേഭഗതി നിയമത്തിനെതിരെയുള്ള സമരത്തെ താറടിക്കാൻ ആർ.എസ്.എസ് നടത്തുന്ന പ്രചരണമാണ് മുഖ്യമന്ത്രി ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. പ്രിയ മുഖ്യമന്ത്രീ, ഇത് അങ്ങയുടെ പദവിക്ക് ചേർന്നതല്ല. പൗരത്വ നിയമത്തിനെതിരെ മഹല്ല് കമ്മിറ്റികൾ നടത്തിയ സമാധാനപരമായ റാലികളിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്ത പോലീസിനെ ന്യായീകരിക്കാൻ ഇത്തരം അവാസ്തവവും അപകടകരവുമായ ഒരു കാരണം കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചില്ല.

കേരളത്തിൽ സി.എ.എ വിരുദ്ധ സമരങ്ങളിൽ എവിടെയും അക്രമം റിപ്പോർട്ട് ചെയ്തിട്ടില്ല. അങ്ങയുടെ പൊലീസ് എഴുതിയുണ്ടാക്കുന്ന കള്ളക്കേസുകളാണ് എല്ലാം. പാർട്ടി ജില്ലാ ഘട്ടത്തിന്റെ നിലപാട് പോലും തള്ളി യു.എ.പി.എ ചുമത്തിയ വിഷയത്തിൽ പോലിസിനെ ന്യായീകരിച്ച നിലപാടിന്റെ തുടർച്ചയായെ ഇതിനെ കാണാൻ സാധിക്കു. ഇതെല്ലാം സംഘ് പരിവാറിന് എത്രത്തോളം ഊർജ്ജം പകരുന്നു എന്ന് അങ്ങ് ചിന്തിച്ചിട്ടുണ്ടോ ..?

മുഖ്യമന്ത്രി മിനിമം ഒരു കാര്യം ചെയ്യണം. മഹല്ലുകളിൽ നിന്നും എസ്.ഡി.പി.ഐ യെ പുറത്താക്കാൻ കമ്മിറ്റികൾ കാണിച്ച ധീരത അങ്ങയുടെ പാർട്ടി പ്രവർത്തകരോട് മാതൃകയാക്കാൻ പറയണം. ലീഗിനെ തോൽപിക്കാൻ വേണ്ടി നിങ്ങളുടെ പാർട്ടിയുടെ പതാക എസ്.ഡി.പി.ഐയുടെ പതാകയോട് ചേർത്ത് കെട്ടിയത് പഞ്ചായത്ത് ഭരണസമിതികളിൽ നിന്നെങ്കിലും ഒഴിവാക്കാൻ പറയണം.

എസ്.ഡി.പി.ഐയെ അകറ്റി നിർത്താൻ ഒരു പഞ്ചായത്ത് ഭരണമെങ്കിലും വേണ്ടെന്ന് വെക്കാനുള്ള മനസ്സ് കാണിക്കാൻ പാർട്ടി പ്രവർത്തകരെ ഉപദേശിക്കണം. അതാണല്ലോ യഥാർത്ഥ ഹീറോയിസം. ചുരുങ്ങിയത് അത്രയെങ്കിലും ചെയ്തിട്ടു മതി സമര പോരാളികളെ ചാപ്പയടിക്കൽ.

Latest Stories

We use cookies to give you the best possible experience. Learn more