| Friday, 2nd June 2023, 5:40 pm

'മുസ്‌ലിം ലീഗിനെതിരെ സംഘ് കേന്ദ്രങ്ങള്‍ നടത്തുന്നത് വിദ്വേഷ പ്രചരണം; മാറാട് കലാപത്തിലേക്ക് ലീഗിനെ വലിച്ചിഴക്കുന്നതില്‍ വസ്തുതയില്ല'

സഫ്‌വാന്‍ കാളികാവ്

കോഴിക്കോട്: മുസ്‌ലിം ലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടിയാണെന്നുള്ള
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന മുന്‍നിര്‍ത്തി ലീഗിനെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നടത്തുന്ന പ്രചരണങ്ങള്‍ വ്യാജമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ്. മാറാട് കലാപത്തില്‍ ഉള്‍പ്പെടെ ലീഗിനെ പ്രതിക്കൂട്ടിലാക്കി നടക്കുന്ന പ്രചരണത്തില്‍ വസ്തുതയുടെ പിന്‍ബലമില്ലെന്ന് ഫിറോസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘സംഘപരിവാര്‍ എല്ലാകാലത്തും ചെയ്തുകൊണ്ടിരിക്കുന്ന വിദ്വേഷ പ്രചരണം ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു, എന്ന് മാത്രം. മുസ്‌ലിം ലീഗിനെയും മുസ്‌ലിങ്ങളെയും ചൂണ്ടിക്കാണിച്ച് എല്ലാക്കാലത്തും അവര്‍ വിദ്വേഷ പ്രചരണത്തിന് ശ്രമിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏഴര പതിറ്റാണ്ട് കാലം ലീഗ് ഇവിടെ പ്രവര്‍ത്തിക്കുന്നത് മതേതര മേഖലയെ ശക്തിപ്പെടുത്തുന്ന നിലപാട് ഉയര്‍ത്തിപ്പിടിച്ചാണ്. എന്നാല്‍, ഈ പ്രചരണം നടത്തുന്നവര്‍ ഇന്ത്യയില്‍ നൂറുകണക്കിന് കലാപം നടത്തിയവരാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും വലിയ വര്‍ഗീയ കലാപകങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കിയിട്ടുണ്ട്,’ ഫിറോസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സംഘപരിവാര്‍ കേന്ദ്രങ്ങളുടെ പ്രചരണങ്ങള്‍ മതേതര വിശ്വാസികള്‍ ചെവികൊള്ളില്ലെന്നും സൗഹൃദം പുനസ്ഥാപിക്കാനുള്ള ശ്രമമാണ് മാറാട് കലാപ സമയത്ത് ലീഗ് സ്വീകരിച്ചതെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.

‘മാറാട് കലാപത്തിലടക്കം ലീഗ് സ്വീകരിച്ച സമീപനം, അവിടെ സൗഹൃദം ഉണ്ടാക്കാനുള്ള ശ്രമം നടത്തിയെന്നതാണ്. ബാക്കിയുള്ളതൊക്കെ ബി.ജെ.പിയുടെയും സംഘപരിവാരത്തിന്റെയും കള്ളപ്രചരണമാണ്. മാറാട് കലാപവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്തണമെന്നുള്ള നിലപാടാണ് എല്ലാകാലത്തും ലീഗ് സ്വീകരിച്ചത്.

സംഘപരിവാര്‍ പ്രചരണങ്ങള്‍ക്ക് മതേതര വിശ്വാസികള്‍ ഒരിക്കലും ചെവികൊടുക്കാന്‍ പോകുന്നില്ല. സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ഒരുപക്ഷേ ഇതൊക്കെ വിശ്വസിച്ചേക്കാം.

മാറാട് ഉണ്ടായത് ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് മരണപ്പെട്ടയാളുകളുടെ ബന്ധുക്കള്‍ ചേര്‍ന്ന് നടത്തിയ അക്രമമാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണ റിപ്പോര്‍ട്ടിലും ഇതുണ്ട്. അതിനെ മുസ്‌ലിം ലീഗിന്റെയോ മറ്റ് ഏതെങ്കിലും സംഘടനയുടെയോ തലയില്‍ കെട്ടിവെക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. ഈ പ്രചരണങ്ങള്‍ക്ക് ഒരു യാഥാര്‍ഥ്യവുമില്ലെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം.

കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിന് മറിച്ചൊരു അഭിപ്രായം ഉണ്ടോ? രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി അവരിപ്പോള്‍ അങ്ങനെയൊരു നിലപാടെടുത്തേക്കാം,’ ഫിറോസ് പറഞ്ഞു.

മാറാട് കലാപവുമായി ബന്ധപ്പെട്ട് നിരപരാധികളായ ഒരുപാട് പേരെ അറസ്റ്റ് ചെയ്തിരുന്നെന്നും അതില്‍ ലീഗുകാരും മറ്റ് പാര്‍ട്ടിക്കാരും ഉണ്ടായിരുന്നെന്നും ഫിറോസ് പറഞ്ഞു.

‘അന്ന് നിരപരാധികളായ കുറച്ച് ആളുകളെ ജയിലില്‍ അടച്ചിരുന്നു. ആ സമയത്ത് പള്ളിയില്‍ നമസ്‌കരിക്കാന്‍ പോയവരായിരുന്നു അത്. പിന്നീട് അവര്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി അവരെ വെറുതെവിട്ടു.

അതില്‍ ഉള്‍പ്പെട്ടത് ലീഗുകാര്‍ മാത്രമല്ല. സി.പി.ഐ.എം അനുഭാവികളും അതിലുണ്ട്, മറ്റ് പലപാര്‍ട്ടികളില്‍ ഉള്‍പ്പെട്ടവരും അതിലുണ്ടായിരുന്നു,’ പി.കെ. ഫിറോസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

വാഷിങ്ടണ്‍ ഡി.സിയില്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള സംവാദത്തിലായിരുന്നു മുസ്‌ലിം ലീഗുമായി ബന്ധപ്പെടുത്തിയുള്ള രാഹുലിന്റെ പരാമര്‍ശമുണ്ടായത്.

കേരളത്തിലെ കോണ്‍ഗ്രസ്- മുസ്‌ലിം ലീഗ് സഖ്യത്തെ മതേതരത്വം പറഞ്ഞ് കുറ്റപ്പെടുത്തിയ റിപ്പോര്‍ട്ടര്‍ക്ക് മറുപടി പറയുകയായിരുന്നു രാഹുല്‍. കേന്ദ്രത്തില്‍ മതേതരത്വം പറഞ്ഞ് ബി.ജെ.പിയെ കുറ്റപ്പെടുത്തുന്ന രാഹുലിന് കേരളത്തില്‍
ലീഗുമായാണ് കൂട്ട് എന്ന തരത്തിലുള്ള ചോദ്യത്തിനായിരുന്നു രാഹുലിന്റെ മറുപടി.

ലീഗ് പൂര്‍ണമായും മതേതരപാര്‍ട്ടിയാണെന്നും ആ പാര്‍ട്ടിയെ സംബന്ധിച്ച് ചോദ്യകര്‍ത്താവ് പഠിച്ചിട്ടില്ലെന്നാണ് തോന്നുന്നതെന്നുമായിരുന്നു രാഹുല്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് മാറാട് കലാപത്തില്‍ അടക്കം ലീഗിനെ പ്രതിക്കൂട്ടിലാക്കി ട്വിറ്ററില്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരണം ആരംഭിച്ചിത്.

Content Highlight: PK Firos’s responds  sangh parivar’s Propaganda in the Sangh Parivar Centers against the Muslim League

സഫ്‌വാന്‍ കാളികാവ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more