| Sunday, 16th February 2020, 9:11 pm

'സുരേന്ദ്രന്റെ തിട്ടൂരത്തിനനുസരിച്ച് സമരം നടത്തേണ്ട ഗതികേട് യൂത്ത് ലീഗിനില്ല'; മറുപടിയുമായി പി.കെ ഫിറോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: യൂത്ത് ലീഗ് കോഴിക്കോട് നടത്തുന്ന പൗരത്വ പ്രതിഷേധത്തെ അധിക്ഷേപിച്ച് സംസാരിച്ച ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന് മറുപടിയുമായി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. ബി.ജെ.പി അല്ല, യൂത്ത് ലീഗാണ് സമരം നടത്തുന്നത്. സുരേന്ദ്രന്റെ തിട്ടൂരത്തിനനുസരിച്ച് സമരം നടത്തേണ്ട ഗതികേട് യൂത്ത് ലീഗിനില്ലെന്നും പി.കെ ഫിറോസ് പറഞ്ഞു. നിയമം അനുസരിച്ചാണ് തങ്ങള്‍ സമരം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് കടപ്പുറത്ത് കഴിഞ്ഞ കുറച്ചു ദിവസമായി തീവ്രവാദികള്‍ ഷാഹീന്‍ബാഗ് സ്‌ക്വയര്‍ എന്നൊക്കെ പറഞ്ഞ് വിഷലിപ്തമായ സമരം നടത്തിക്കൊണ്ടിരിക്കുകയാണ് എന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്. ‘ഞാന്‍ കോര്‍പറേഷനില്‍ അന്വേഷിച്ചപ്പോള്‍ ഒരു അനുമതിയും സമരത്തിന് കൊടുത്തിട്ടില്ല എന്നാണ് അറിഞ്ഞത്. അവിടെ തീവ്രവാദികള്‍ അഴിഞ്ഞാടുകയാണ്. കോര്‍പറേഷനോ പൊലീസ് ഉദ്യോഗസ്ഥരോ അവിടെ എന്താണ് നടക്കുന്നതെന്ന് പോയി അന്വേഷിക്കാനുള്ള മര്യാദ കാണിക്കേണ്ടതായിരുന്നു. മുസ്‌ലിങ്ങളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിക്കാന്‍ വര്‍ഗീയതയും തീവ്രവാദവും ഈ നാട്ടില്‍ വളര്‍ത്താന്‍ ഗുരുതരമായിട്ടുള്ള ക്രിമിനല്‍ കുറ്റം ചെയ്യുന്ന ഈ രാജ്യദ്രോഹികളെ എന്താണ് നിലയ്ക്ക് നിര്‍ത്താന്‍ മുഖ്യമന്ത്രി ശ്രമിക്കാത്തത്?’, സുരേന്ദ്രന്‍ പറഞ്ഞു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റെടുത്തിന് പിന്നാലെ കോഴിക്കോട് നടന്ന സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.

കെ. സുരേന്ദ്രന്റെ വിവാദ പരാമര്‍ശത്തിനെതിരെ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരവും രംഗത്തെത്തിയിരുന്നു. അനുമതി വാങ്ങി പരിപാടി നടത്തേണ്ട ഗതികേട് യൂത്ത് ലീഗിനില്ലെന്നും നാളെ ആ സമരം എങ്ങനെ കൊണ്ടുപോകണമെന്ന് യൂത്ത് ലീഗ് തീരുമാനിക്കും അക്കാര്യത്തില്‍ യൂത്ത് ലീഗിന് സുരേന്ദ്രന്റെ ഉപദേശം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട അധികാരികളോട് മുന്‍കൂര്‍ അനുമതി വാങ്ങിയാണ് കോഴിക്കോട് സമരം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more