| Tuesday, 2nd February 2021, 6:03 pm

അധികാരത്തിനായി പാര്‍ട്ടിയെ വഞ്ചിച്ച വ്യക്തി എന്ന ദുഷ്പേര് മാറ്റാനാണ് ഇപ്പോഴത്തെ കോപ്രായങ്ങള്‍; കത്‌വ ഫണ്ടില്‍ നിന്നും ഒരുരൂപ പോലും വകമാറ്റിയിട്ടില്ല: പി.കെ ഫിറോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കത്‌വ-ഉന്നാവോ പീഡന സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇരകള്‍ക്ക് വേണ്ടി പിരിച്ച തുക ദുര്‍വിനിയോഗം ചെയ്‌തെന്ന യൂത്ത് ലീഗിന്റെ മുന്‍ ദേശീയ സമിതി അംഗം യൂസഫ് പടനിലത്തിന്റെ ആരോപണത്തിന് മറുപടിയുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്.

തനിക്കെതിരെ ഉന്നയിച്ച ആരോപണം ശുദ്ധ അസംബന്ധമാണെന്നും ഒരു രൂപ പോലും ദേശീയ കമ്മിറ്റിയുടെ ഏതെങ്കിലും ഫണ്ടില്‍ നിന്ന് സംസ്ഥാന കമ്മിറ്റി വാങ്ങിയിട്ടില്ലെന്നും പി.കെ ഫിറോസ് പ്രതികരിച്ചു.

കത്വയില്‍ ക്രൂരമായി കൊല്ലപ്പെട്ട പിഞ്ചുബാലികയുടെ കുടുംബത്തെ സഹായിക്കാനും നിയമസഹായം നല്‍കാനുമാണ് യൂത്ത്ലീഗ് ദേശീയ കമ്മിറ്റി ഫണ്ട് സമാഹരിച്ചത്.

കത്വ-ഉന്നാവോ വിഷയങ്ങളില്‍ നിയമസഹായം ഉള്‍പ്പെടെ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയ യൂത്ത്ലീഗിനെ പ്രശംസിച്ചുകൊണ്ട് നേരത്തെ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതുമാണ്.

യുവജന യാത്രയുടെ കടം വീട്ടുന്നതിനായി 15 ലക്ഷം രൂപ ഈ ഫണ്ടില്‍ നിന്നും വകമാറ്റി ചെലവഴിച്ചു എന്ന ആരോപണമാണ് ഈ വ്യക്തി എനിക്കെതിരെ ഉന്നയിച്ചത്. ഇത് ശുദ്ധ അസംബന്ധമാണ്. ഒരു രൂപ പോലും ദേശീയ കമ്മിറ്റിയുടെ ഏതെങ്കിലും ഫണ്ടില്‍ നിന്ന് സംസ്ഥാന കമ്മിറ്റി വാങ്ങിയിട്ടില്ല.

ആരോപണമുന്നയിച്ച വ്യക്തിയെ യൂത്ത് ലീഗ് നേതാവ്, ദേശീയ നിര്‍വാഹക സമിതി അംഗം എന്നൊക്കെയാണ് ചില മാധ്യമങ്ങള്‍ എഴുതിക്കാണിക്കുന്നതെന്നും ഇത് തെറ്റാണെന്നും ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തോല്‍ക്കുകയും പാര്‍ട്ടി പുറത്താക്കുകയും ചെയ്ത വ്യക്തിയാണ് ഇയാളെന്നും പി.കെ ഫിറോസ് പറഞ്ഞു.

സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയ ആളെന്നോ, അധികാരത്തിനായി പാര്‍ട്ടിയെ വഞ്ചിച്ച വ്യക്തി എന്നോ ഉള്ള ദുഷ്പേര് മാറ്റാനാണ് ഇപ്പോഴത്തെ കോപ്രായങ്ങള്‍. മാത്രവുമല്ല, നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ താനിപ്പോള്‍ ചവിട്ടി നില്‍ക്കുന്ന പാര്‍ട്ടിയില്‍ താരപരിവേഷം ഉണ്ടാക്കാനും ഇതുവഴി സാധിക്കുമെന്ന് അയാള്‍ കരുതുന്നുണ്ടാകാം. അദ്ദേഹത്തിന്റെ കഠിനശ്രമങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു.

തെരഞ്ഞെടുപ്പ് വേളയില്‍ സി.എച്ച് സെന്ററിനെതിരെയായിരുന്നു ഇദ്ദേഹം ആരോപണമുന്നയിച്ചിരുന്നത്. അത് ക്ലച്ച് പിടിക്കാതെ പോയപ്പോഴാണ് ഇപ്പോള്‍ കത്വ വിഷയവുമായി വരുന്നത്.

ഈ വിഷയം ആരോപണമുന്നയിച്ച വ്യക്തിക്ക് ശ്രദ്ധ കിട്ടുമെന്ന് കരുതി നിസ്സാരമായി കാണാനാവില്ല. മുസ്ലിംലീഗിന്റെ ജനകീയാടിത്തറയുടെ പ്രധാന കാരണം അതിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ്. അതിന്റെ മുകളില്‍ കരിനിഴല്‍ വീഴ്ത്താനാണ് ഈ വ്യക്തി ശ്രമിക്കുന്നത്.

രാഷ്ട്രീയത്തില്‍ താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി നട്ടാല്‍ കുരുക്കാത്ത ദുരാരോപണങ്ങള്‍ ഉന്നയിക്കുന്ന ചിലരുണ്ട്. എന്നാല്‍ കത്വ പെണ്കുട്ടിയ്ക്ക് സഹായഹസ്തം നീട്ടിയതിനെപ്പോലും നീചമായ ഒരാരോപണത്തിലേക്ക് വലിച്ചിഴച്ചത് വൃത്തികെട്ട രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അതിനെ ചെറുത്ത് തോല്‍പ്പിക്കേണ്ടത് അനിവാര്യമാണ്.

അത് കൊണ്ട് തന്നെ ആരോപണമുന്നയിച്ച വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് യൂത്ത് ലീഗ് തീരുമാനം. വരും ദിസവങ്ങളില്‍ അഭിഭാഷകരുമായി ആലോചിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പി.കെ ഫിറോസ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

Never Wrestle with a Pig.
You Both Get Dirty and the Pig Likes It
ബെര്‍ണാഡ് ഷാ ഇങ്ങനെ പറഞ്ഞ് വെച്ചിട്ടുണ്ടെങ്കിലും വിഷയം അഴിമതി ആരോപണമായതിനാല്‍ മറുപടി പറയേണ്ടതുണ്ടെന്ന് തോന്നുന്നു. ആരോപണമുന്നയിച്ച വ്യക്തിയെ യൂത്ത് ലീഗ് നേതാവ്, ദേശീയ നിര്‍വാഹക സമിതി അംഗം എന്നൊക്കെയാണ് കൈരളി ചാനല്‍ എഴുതിക്കാണിക്കുന്നത്. ഇത് തെറ്റാണ്.

ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തോല്‍ക്കുകയും പാര്‍ട്ടി പുറത്താക്കുകയും ചെയ്ത വ്യക്തിയാണ് ഇയാള്‍. സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയ ആളെന്നോ, അധികാരത്തിനായി പാര്‍ട്ടിയെ വഞ്ചിച്ച വ്യക്തി എന്നോ ഉള്ള ദുഷ്പേര് മാറ്റാനാണ് ഇപ്പോഴത്തെ കോപ്രായങ്ങള്‍. മാത്രവുമല്ല, നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ താനിപ്പോള്‍ ചവിട്ടി നില്‍ക്കുന്ന പാര്‍ട്ടിയില്‍ താരപരിവേഷം ഉണ്ടാക്കാനും ഇതുവഴി സാധിക്കുമെന്ന് അയാള്‍ കരുതുന്നുണ്ടാകാം. അദ്ദേഹത്തിന്റെ കഠിനശ്രമങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു.

തെരഞ്ഞെടുപ്പ് വേളയില്‍ സി.എച്ച് സെന്ററിനെതിരെയായിരുന്നു ഇദ്ദേഹം ആരോപണമുന്നയിച്ചിരുന്നത്. അത് ക്ലച്ച് പിടിക്കാതെ പോയപ്പോഴാണ് ഇപ്പോള്‍ കത്വ വിഷയവുമായി വരുന്നത്. കത്വയില്‍ ക്രൂരമായി കൊല്ലപ്പെട്ട പിഞ്ചുബാലികയുടെ കുടുംബത്തെ സഹായിക്കാനും നിയമസഹായം നല്‍കാനുമാണ് യൂത്ത്ലീഗ് ദേശീയ കമ്മിറ്റി ഫണ്ട് സമാഹരിച്ചത്.

കത്വ-ഉന്നാവോ വിഷയങ്ങളില്‍ നിയമസഹായം ഉള്‍പ്പെടെ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയ യൂത്ത്ലീഗിനെ പ്രശംസിച്ചുകൊണ്ട് നേരത്തെ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതുമാണ്.

യുവജന യാത്രയുടെ കടം വീട്ടുന്നതിനായി 15 ലക്ഷം രൂപ ഈ ഫണ്ടില്‍ നിന്നും വകമാറ്റി ചെലവഴിച്ചു എന്ന ആരോപണമാണ് ഈ വ്യക്തി എനിക്കെതിരെ ഉന്നയിച്ചത്. ശുദ്ധ അസംബന്ധമാണത്. ഒരു രൂപ പോലും ദേശീയ കമ്മിറ്റിയുടെ ഏതെങ്കിലും ഫണ്ടില്‍ നിന്ന് സംസ്ഥാന കമ്മിറ്റി വാങ്ങിയിട്ടില്ല.

പക്ഷേ, ഈ വിഷയം ആരോപണമുന്നയിച്ച വ്യക്തിക്ക് ശ്രദ്ധ കിട്ടുമെന്ന് കരുതി നിസ്സാരമായി കാണാനാവില്ല. മുസ്ലിംലീഗിന്റെ ജനകീയാടിത്തറയുടെ പ്രധാന കാരണം അതിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ്. അതിന്റെ മുകളില്‍ കരിനിഴല്‍ വീഴ്ത്താനാണ് ഈ വ്യക്തി ശ്രമിക്കുന്നത്.

രാഷ്ട്രീയത്തില്‍ താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി നട്ടാല്‍ കുരുക്കാത്ത ദുരാരോപണങ്ങള്‍ ഉന്നയിക്കുന്ന ചിലരുണ്ട്. എന്നാല്‍ കത്വ പെണ്കുട്ടിയ്ക്ക് സഹായഹസ്തം നീട്ടിയതിനെപ്പോലും നീചമായ ഒരാരോപണത്തിലേക്ക് വലിച്ചിഴച്ചത് വൃത്തികെട്ട രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അതിനെ ചെറുത്ത് തോല്‍പ്പിക്കേണ്ടത് അനിവാര്യമാണ്.

അത് കൊണ്ട് തന്നെ ആരോപണമുന്നയിച്ച വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് യൂത്ത് ലീഗ് തീരുമാനം. വരും ദിസവങ്ങളില്‍ അഭിഭാഷകരുമായി ആലോചിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കും’, പി.കെ ഫിറോസ് ഫേസ്ബുക്കില്‍ പറഞ്ഞു.

കത്‌വ -ഉന്നാവോ സംഭവങ്ങളുമായി ബന്ധപ്പെട്ട് 2018 ഏപ്രില്‍ 20ന് പളളികളില്‍ അടക്കം യൂത്ത് ലീഗ് പിരിവ് നടത്തിയിരുന്നെന്നും പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ പരിരക്ഷയും നിയമസഹായവും ഉദ്ദേശിച്ചായിരുന്നു ഏകദിന ഫണ്ട് സമാഹരണമെന്നും. എന്നാല്‍ ഈ തുക വകമാറ്റി ചിലവഴിച്ചെന്നുമായിരുന്നു യൂസഫ് പടനിലത്തിന്റെ ആരോപണം.

യൂത്ത് ലീഗന്റെ ദേശീയ ജനറല്‍ സെക്രട്ടറി സി.കെ. സുബൈറിനും പി.കെ.ഫിറോസിനും എതിരായാണ് യൂസഫ് പടനിലം ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ കോടിക്കണക്കിന് രൂപ പിരിച്ചെടുത്തിരുന്നെന്നും എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് യാതൊരു കണക്കുമില്ലെന്നും യൂസഫ് പടനിലം പറഞ്ഞു.

കമ്മിറ്റിയില്‍ 48 ലക്ഷം രൂപ പിരിച്ചു എന്ന അനൗദ്യോഗിക കണക്കുമാത്രമാണ് പറഞ്ഞത്. ലഭിച്ച തുകയുടെ രേഖകളോ വിശദാംശകളോ ഒരു അവസരത്തിലും വെളിപ്പെടുത്തിയിരുന്നില്ലെന്നും കണക്ക് ചോദിച്ചപ്പോള്‍ പറഞ്ഞത് കേരളയാത്രയുടെ കടംതീര്‍ക്കാന്‍ 15 ലക്ഷം രൂപ പി.കെ ഫിറോസിന് നല്‍കിയെന്നാണെന്നും യൂസഫ് പടനിലം പറഞ്ഞു.

യൂത്ത് ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ ഉത്തരേന്ത്യന്‍ പര്യടനത്തിന് വേണ്ടി തുക വകമാറ്റി ചിലവഴിച്ചിട്ടുണ്ട്. ഇക്കാര്യം ലീഗ് നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരോട് ചൂണ്ടിക്കാണിച്ചിരുന്നു. തുടര്‍ന്ന് സി.കെ സുബൈറിനെ വിളിച്ചുവരുത്തി ആറ് മാസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കണമെന്നും കണക്ക് കാണിക്കണമെന്നും കുഞ്ഞാലിക്കുട്ടി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇന്നുവരെ ഇതിന്റെ കണക്ക് കാണിച്ചിട്ടില്ലെന്ന് യൂസഫ് പടനിലം പറഞ്ഞു.

കത്‌വ കേസ് നടത്തുന്നത് പത്താന്‍കോട്ട് കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. കേസ് നടത്തുന്നത് പഞ്ചാബ് മുസ്‌ലീം ഫെഡറേഷന്‍ ആണ്. ഈ കേസുമായി ബന്ധപ്പെട്ട് യൂത്ത് ലീഗിന് യാതൊരുവിധത്തിലുള്ള പങ്കാളിത്തവുമില്ല. പിരിച്ചെടുത്ത പണം ആ വിധത്തില്‍ ചിലവഴിച്ചു എന്ന് പറയുന്നതിലും യുക്തിയില്ല എന്ന് തന്റെ അന്വേഷണത്തില്‍ വ്യക്തമായെന്നും സംസ്ഥാന യൂത്ത് ലീഗ് നേതാക്കളുടെ ഇതര ഇടപാടുകള്‍ക്ക് വേണ്ടി
കത്‌വ ഇരകള്‍ക്ക് വേണ്ടി പിരിച്ചെടുത്ത പണം ദുരുപയോഗം ചെയ്യുകയായിരുന്നെന്നും യൂസഫ് പറഞ്ഞു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യൂസഫ് പടനിലം യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ വിമതനായി മത്സരിച്ചിരുന്നു. ഇതിന് പിന്നാലെ അച്ചടക്ക നടപടിയുടെ ഭാഗമായി ഇയാളെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PK Firos Reply Kathua Fund Fraud Case

We use cookies to give you the best possible experience. Learn more