| Sunday, 25th June 2023, 3:16 pm

മന്ത്രിപ്പണി നഷ്ടപ്പെട്ട ടിയാനോട്, പാണക്കാട് തങ്ങന്മാരുടെ ചെലവില്‍ ഖാദി വിറ്റോളൂ, കമ്മ്യൂണിസം വില്‍ക്കേണ്ട; ജലീലിനോട് ഫിറോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ഖാദി ബക്രീദ് മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ച പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ അഭിനന്ദിച്ച് കെ.ടി. ജലീല്‍ എം.എല്‍.എ രംഗത്തെത്തിയ വിഷയത്തില്‍ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ്.

സി.പി.ഐ.എം നേതാക്കളെ പുകഴ്ത്താനും കോണ്‍ഗ്രസിനെ ഇകഴ്ത്താനും ശ്രമിക്കുന്നതാണ് ജലീലിന്റെ പോസ്‌റ്റെന്ന് ഫിറോസ് പറഞ്ഞു. പാണക്കാട് തങ്ങന്മാരെ ചെലവില്‍ ഖാദി വിറ്റാലും കമ്മ്യൂണിസം വില്‍ക്കണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.ടി. ജലീലിന്റെ പേരെടുത്ത് പറയാതെ ‘മന്ത്രിപ്പണി നഷ്ടപ്പെട്ട ടിയാന്‍’ എന്ന് പരിഹസിച്ച് വിളിച്ചായിരുന്നു പി.കെ. ഫിറോസിന്റെ പ്രതികരണം.

തനിക്ക് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടപ്പോള്‍ ‘എന്നെ മന്ത്രിയാക്കിയത് പാണക്കാട്ട് നിന്നല്ലെടോ’ എന്നായിരുന്നു ജലീല്‍ പറഞ്ഞതെന്നും ഫിറോസ് ഓര്‍മിപ്പിച്ചു.

‘സ്വജനപക്ഷപാതവും അഴിമതിയും കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ മുമ്പൊരു മന്ത്രി അലറിയത് എന്നെ മന്ത്രിയാക്കിയത് പാണക്കാട്ട് നിന്നല്ലെടോ എന്നായിരുന്നു. അതിനെ തുടര്‍ന്ന് മന്ത്രി സ്ഥാനം തെറിച്ചപ്പോള്‍ അങ്ങിനെ പറഞ്ഞത് കൊണ്ടോ മറ്റോ ആണെന്ന് കരുതിയിട്ടാണെന്നറിയില്ല അങ്ങേര്‍ക്കിപ്പോള്‍ പാണക്കാടിനോട് വല്ലാത്ത മുഹബ്ബത്താണ്. കുത്തിത്തിരിപ്പാണ് ഉദ്ദേശമെങ്കിലും പാണക്കാട് തങ്ങന്‍മാരെ പ്രകീര്‍ത്തിക്കുകയാണ് എന്ന മട്ടിലായിരിക്കും പോസ്റ്റ്.

ഏറ്റവുമൊടുവില്‍ ഖാദിയുടെ പ്രചരണത്തിന് ബഹുമാന്യനായ സാദിഖലി തങ്ങള്‍ പങ്കെടുത്തതിനെ പറ്റിയാണ് എഴുത്ത്. ഔചിത്യബോധം കൊണ്ടാണത്രേ ക്ഷണിച്ചത്! അത് വഴി സി.പി.ഐ.എം നേതാക്കളെ പുകഴ്ത്താനും കോണ്‍ഗ്രസിനെ ഇകഴ്ത്താനും അങ്ങേര് ശ്രമിച്ചു നോക്കുന്നുണ്ട്.

മാസത്തില്‍ നൂറുകണക്കിന് സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന തങ്ങള്‍, ഖാദി വിപണന മേളയുടെ ഉദ്ഘാടനത്തിന് പങ്കെടുത്തതാണ് ഔചിത്യ ബോധം. അല്ലാതെ ക്ഷണിച്ചതല്ല. മഹാത്മാഗാന്ധി പ്രോത്സാഹിപ്പിച്ച ഒരു സംവിധാനത്തിന് തന്റെ സാന്നിധ്യം കൊണ്ട് ഏതെങ്കിലും നിലക്ക് ഗുണമുണ്ടായാല്‍ പങ്കെടുക്കാം എന്ന് കരുതാനേ പാണക്കാട് തങ്ങന്‍മാര്‍ക്ക് കഴിയൂ.

അതുകൊണ്ടാണ് മതപണ്ഡിതരുടെ തലപ്പാവടക്കം ഖാദിയില്‍ നിര്‍മിക്കാന്‍ ശ്രമിക്കണമെന്ന് തങ്ങളവിടെ പ്രസംഗിച്ചത്.
അതുകൊണ്ട് മന്ത്രിപ്പണി നഷ്ടപ്പെട്ട ടിയാനോട് ഒന്നേ പറയാനുള്ളൂ. പാണക്കാട് തങ്ങന്‍മാരെ ചെലവില്‍ ഖാദി വിറ്റോളൂ. പക്ഷേ കമ്മ്യൂണിസം വില്‍ക്കേണ്ട,’ പി.കെ. ഫിറോസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, സാദിഖലി തങ്ങളെ സംസ്ഥാന സര്‍ക്കാരിന്റെ 2023ലെ ഖാദി ബക്രീദ് മേളയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ച ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ പ്രകടിപ്പിച്ച ഔചിത്യം മാതൃകാപരമാണെന്നായിരുന്നു ജലീല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.

യു.ഡി.എഫ് ഭരിക്കുമ്പോള്‍ പോലും ഇത്തരമൊരു ഔദ്യോഗിക പരിപാടിയുടെ ഉദ്ഘാടകനായി ലീഗ് സംസ്ഥാന അധ്യക്ഷന്മാരെ വിളിച്ചത് ഓര്‍മ്മയിലില്ലെന്നും ജലീല്‍ പറഞ്ഞിരുന്നു.

Content Highlight: PK Firos replied  KT Jaleel on Panakkad thangal issue

We use cookies to give you the best possible experience. Learn more