| Monday, 14th September 2020, 7:49 pm

കാന്തപുരം ജലീലിനെ ന്യായീകരിച്ചത് ദുരൂഹം; ജലീലിനെ സഹായിക്കുന്ന മതനേതാക്കളുടെ ഇടപെടലും അന്വേഷിക്കണമെന്ന് പി.കെ ഫിറോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആരോപണങ്ങളില്‍ നിന്ന് രക്ഷനേടാന്‍ കെ.ടി ജലീല്‍ മതനേതാക്കളോട് സഹായം തേടുന്നുവെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ ജലീലിനെ ന്യായീകരിച്ചതിന് പിന്നിലെ കാരണങ്ങളും അന്വേഷിക്കണമെന്നും ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഒരു മത ആചാര്യന്‍ ജലീലിനെ ന്യായീകരിച്ചുകൊണ്ട് രംഗത്ത് വന്നുവെന്നും അതിനെ എങ്ങനെയാണ് യൂത്ത് ലീഗ് നോക്കികാണുന്നതെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ആ മതാചാര്യന്‍ കാന്തപുരമാണെന്നും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചു.

‘അത് പരിശോധിക്കണം. കാന്തപുരം…  അത് അന്വേഷിക്കണം. കാരണം അതാണ് ഞാന്‍ പറഞ്ഞത്. മതനേതാക്കളെയൊക്കെ ഫോണില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുകയാണ്. അതിന്റെ സാധൂകരണമാണ് നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞത്’, ഫിറോസ് പറഞ്ഞു.


സ്വര്‍ണ്ണ കള്ളക്കടത്തിനെ ന്യായീകരിക്കാന്‍ എങ്ങനെയാണ് മതനേതാക്കള്‍ക്ക് സാധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അങ്ങനെ ആരെങ്കിലും ന്യായീകരിക്കുന്നുണ്ടെങ്കില്‍ അവരുടെ ഇടപാടും ദുരൂഹമാണെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.

‘മന്ത്രി അധികാരത്തില്‍ തുടരുന്നത് തെളിവ് നശിപ്പിക്കാനാണ്. ഓഗസ്റ്റ് 6 ന് പറഞ്ഞത് യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന അയച്ച ഖുറാന്‍ എടപ്പാളിലും ആലത്തൂരിലും ഉണ്ടെന്നാണ്. എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തപ്പോള്‍ അയച്ച സാധനവും കിട്ടിയ സാധനവും തമ്മില്‍ 20 കിലോയുടെ വ്യത്യാസമുണ്ട്. 24 എണ്ണം ജീവനക്കാര്‍ എടുത്തെന്ന് പറയുന്നു’, ഫിറോസ് പറഞ്ഞു.

ഇത് കാണാതായ 20 കിലോ എന്നത് മറച്ച് പിടിക്കാന്‍ വേണ്ടിയാണെന്നും ഫിറോസ് ആരോപിച്ചു. ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരും തോറും കേസ് അട്ടിമറിക്കുന്നതിന്റെ വ്യാപ്തി കൂടുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധങ്ങളെ ചോരയില്‍ മുക്കാനാണ് സര്‍ക്കാര്‍ ശ്രമം. ആയുധം കൊണ്ട് സമരത്തെ പിന്തിരിപ്പിക്കാനാവില്ലെന്നും ഫിറോസ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PK Firos on Kanthapuram Aboobacker Msuliyar KT Jaleel

We use cookies to give you the best possible experience. Learn more