കൊച്ചി: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിച്ചതില്‍ വിശദീകരണവുമായി പി.കെ ഫിറോസ്. പരാതിയില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുന്നതിന് സര്‍ക്കാറിന്റെ അനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ഗവര്‍ണര്‍ക്കും ഹരജി നല്‍കിയിട്ടുണ്ട്. ഇതില്‍ തീരുമാനമാകുന്നത് വരെ കോടതിയില്‍ നല്‍കിയ ഹരജിയുമായി മുന്നോട്ടുപോകുന്നത് അനുചിതമാണെന്ന നിയമവിദഗ്ധരുടെ അഭിപ്രായം മാനിച്ചാണ് ഹരജി പിന്‍വലിച്ചതെന്നാണ് ഫിറോസ് പറഞ്ഞത്.
‘സര്‍ക്കാര്‍ തീരുമാനം വരുന്ന മുറക്ക് വീണ്ടും കോടതിയെ സമീപിക്കാനുള്ള സാഹചര്യം നമ്മുടെ മുന്നിലുണ്ട്. പഴുതുകളടച്ച് കേസ് മുന്നോട്ടു കൊണ്ടു പോകേണ്ടത് യൂത്ത് ലീഗിന്റെ ആവശ്യമല്ല ലക്ഷോപലക്ഷം ഉദ്യോഗാര്‍ത്ഥികളുടെ താല്‍പ്പര്യമാണ്. ‘ അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
മന്ത്രി കെ.ടി ജലീല്‍ നടത്തിയ ബന്ധു നിയമനത്തിനെതിരെ വിജിലന്‍സിനു നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താത്ത സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് യൂത്ത് ലീഗ് ബഹു. ഹൈക്കോടതിയെ സമീപിച്ചത്. നിയമനം നടത്തിയതുമായി ബന്ധപ്പെട്ട പരാതി ലോകായുക്തയിലും നല്‍കിയിട്ടുണ്ട്.
ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ, അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം വിജിലന്‍സ് അന്വേഷണത്തിനായി സര്‍ക്കാറിന്റെ അനുമതി തേടിയിരുന്നോ എന്ന് ചോദിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ സര്‍ക്കാറിന്റെ തന്നെ ഭാഗമായ ഒരു മന്ത്രിക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കില്ല എന്ന് ബോധ്യമുള്ളത് കൊണ്ട് അത്തരമൊരു ആവശ്യം യൂത്ത് ലീഗ് ഉന്നയിച്ചിരുന്നില്ല. എന്നാല്‍ കോടതി ഇത്തരമൊരു സാങ്കേതികത്വം ചൂണ്ടിക്കാട്ടിയ ഉടനെ സെക്ഷന്‍ 17അ പ്രകാരം വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുന്നതിന് സര്‍ക്കാറിന്റെ അനുമതി ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ഇപ്പോള്‍ ഹരജി നല്‍കിയിട്ടുണ്ട്.
ഈ ഹരജിയില്‍ തീരുമാനമാകുന്നത് വരെ കോടതിയില്‍ ഇപ്പോള്‍ നല്‍കിയ ഹരജിയുമായി മുന്നോട്ടു പോകുന്നത് അനുചിതമാണ് എന്ന നിയമ വിദഗ്ദരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ബഹു. ഹൈക്കോടതിയിലുള്ള കേസ് താല്‍ക്കാലികമായി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇത് തികച്ചും സാങ്കേതികമായ നടപടിക്രമം മാത്രമാണ്.
സര്‍ക്കാര്‍ തീരുമാനം വരുന്ന മുറക്ക് വീണ്ടും കോടതിയെ സമീപിക്കാനുള്ള സാഹചര്യം നമ്മുടെ മുന്നിലുണ്ട്. പഴുതുകളടച്ച് കേസ് മുന്നോട്ടു കൊണ്ടു പോകേണ്ടത് യൂത്ത് ലീഗിന്റെ ആവശ്യമല്ല ലക്ഷോപലക്ഷം ഉദ്യോഗാര്‍ത്ഥികളുടെ താല്‍പ്പര്യമാണ്. യൂത്ത് ലീഗിന് ഈ കേസില്‍ തോല്‍വിയും ജയവുമില്ല. പക്ഷേ പഠിച്ചിട്ടും പരീക്ഷ പാസായിട്ടും തൊഴില് കിട്ടാതെ പോകുന്ന ചെറുപ്പക്കാരുടെ പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. അതിനായി നമ്മളിനിയും മുന്നോട്ടു പോയേ തീരൂ…