കോഴിക്കോട്: ഹാദിയയുമായി ബന്ധപ്പെട്ട വിഷയം മതത്തിന്റെ അഭിമാന പ്രശ്‌നമല്ല മറിച്ച് മനുഷ്യാവകാശ പ്രശ്‌നമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. മനുഷ്യാവകാശ ലംഘനത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പ് എന്ന നിലയിലാണ് ഹാദിയ വിഷയത്തില്‍ യൂത്ത് ലീഗ് ഇടപെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന് യൂത്ത് ലീഗ് കഴിഞ്ഞദിവസം പരാതി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച കാര്യങ്ങള്‍ ഫേസ്ബുക്കിലൂടെ വിശദീകരിച്ചുകൊണ്ടാണ് പി.കെ ഫിറോസ് നിലപാട് വ്യക്തമാക്കിയത്.
ഹാദിയയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ തലശേരിയില്‍ ഹിന്ദു യുവാവിനെ വിവാഹം കഴിച്ച് മതംമാറിയ റാഹിലയുടെ കാര്യം യൂത്ത് ലീഗ് ചര്‍ച്ച ചെയ്തില്ല എന്ന വിമര്‍ശനമുന്നയിക്കുന്നവര്‍ക്കും ഹാദിയ വിഷയത്തെ കേവലം മതത്തിന്റെ അഭിമാന പ്രശ്‌നമായി പരിഗണിക്കുന്നവര്‍ക്കുമുള്ള മറുപടിയെന്ന നിലയിലാണ് ഫിറോസ് നിലപാട് വ്യക്തമാക്കിയത്.
ഹാദിയയുടേത് മതപ്രശനമാക്കി ചുരുക്കുന്നവര്‍ ഹാദിയയെ കരുവാക്കുകയാണെന്നും ഫിറോസ് കുറ്റപ്പെടുത്തി. ഇത് മനുഷ്യാവകാശത്തിന്റെയും ഭരണഘടനാ ലംഘഘനത്തിന്റെയും പ്രശ്‌നമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
“റാഹിലയുടെ വാപ്പയുടെ നിലവിളി കേള്‍ക്കുന്നില്ലേ എന്ന് പോസ്റ്റിട്ടവര്‍ ദയവ് ചെയ്ത് ഇത് വഴി വരരുത്. ഇത് അവര്‍ക്കുള്ളതല്ല. ഇതൊരു മതത്തിന്റെ അഭിമാന പ്രശ്‌നമായി കാണുന്നവരും വരണ്ട. ഇത് അത്തരക്കാര്‍ക്കുള്ളതുമല്ല. ഇത് മനുഷ്യാവകാശ ലംഘനത്തിനെതിരെയുള്ള ചെറുത്ത് നില്‍പ്പാണു. ഫണ്ടമെന്റല്‍ റൈറ്റ്‌സ് സംരക്ഷിക്കാനുള്ള എളിയ ശ്രമമാണു.അങ്ങിനെ മനസ്സിലാക്കാനാവുന്നവര്‍ക്ക് ഈ പോരാട്ടത്തില്‍ അണി നിരക്കാം….” അദ്ദേഹം പറയുന്നു.
അതിനിടെ, ഹാദിയയുടെ വീട് സന്ദര്‍ശിക്കണമെന്ന യൂത്ത് ലീഗ് ആവശ്യം മനുഷ്യാവകാശ കമ്മീഷന്‍ അംഗീകരിച്ചിട്ടുണ്ടെന്നും ചെയര്‍മാനോ കമ്മീഷന്‍ അംഗമോ ഏറ്റവും അടുത്ത ദിവസം തന്നെ ഹാദിയയുടെ വീട് സന്ദര്‍ശിക്കുമെന്നും പി.കെ ഫിറോസ് അറിയിച്ചു.