| Monday, 19th March 2018, 6:24 pm

അധ്യാപകന്റെ പരാമര്‍ശം തികഞ്ഞ അശ്ലീലം; ഫാറൂഖ് കോളെജിനെ വെറുതെ വിടുക; പ്രതികരണവുമായി പി.കെ ഫിറോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഫാറൂഖ് ട്രെയിംനിംഗ് കോളേജില്‍ പെണ്‍കുട്ടികളെ അധ്യാപകന്‍ അധിക്ഷേപിച്ച് സംസാരിച്ച വിഷയത്തില്‍ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.

അധ്യാപകന്റെത് തികഞ്ഞ അശ്ലീലമാണെന്നും എന്നാല്‍ അധ്യാപകന്റെ തെറ്റിന്റെ പേരില്‍ ഫാറൂഖ് കോളെജിനെ കരിവാരി തേക്കരുതെന്നും ഫിറോസ് ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഫിറോസിന്റെ പ്രതികരണം.

ഫാറൂഖ് ട്രെയ്നിംഗ് കോളേജിലെ ഒരധ്യാപകന്‍ പ്രസംഗത്തിനിടയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം അശ്ലീലവും അധ്യാപക പദവിയെ കളങ്കപ്പെടുത്തുന്നതും സഭ്യതക്ക് നിരക്കാത്തതുമാണെന്നും എന്നാല്‍ ഒരധ്യാപകന്റെ തെറ്റിന്റെ പേരില്‍ മഹത്തായ ഒരു സ്ഥാപനത്തെ കരിവാരിത്തേക്കുകയും ഇകഴ്ത്തുകയും ചെയ്യാനുള്ള ശ്രമങ്ങള്‍ അത്ര നിഷ്‌കളങ്കമാണെന്ന് കരുതാന്‍ വയ്യെന്നും ഫിറോസ് പറയുന്നു.


RELATED NEWS ഡൂള്‍ന്യൂസ് വാര്‍ത്ത ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; വിദ്യാര്‍ഥിനികളെ അധിക്ഷേപിച്ച ഫാറൂഖ് കോളജ് അധ്യാപകനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകളും


കേരളത്തിലെ മറ്റു കോളേജുകളില്‍നിന്ന് വ്യത്യസ്തമായി ഫാറൂഖ് കോളേജില്‍ മാത്രം പ്രത്യേക സദാചാര വാദമുണ്ടെന്ന് പറയുന്നത് വസ്തുതാ വിരുദ്ധമാണെന്നും
വിമര്‍ശകര്‍ ഫാറൂഖിനെ മാത്രം ലക്ഷ്യമിടുന്നതില്‍ അജണ്ടകളുണ്ടെന്നും ഫിറോസ് പറയുന്നു.

ഫാറൂഖ് കോളേജില്‍ പഠിക്കാനാവാത്തത് വലിയ നഷ്ടമായിക്കാണുന്ന വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും നമുക്കിടയിലുണ്ടെന്നും ഫാറൂഖ് കോളേജിനെ മാത്രം കോര്‍ണര്‍ ചെയ്ത്, അപമാനിക്കാന്‍ ശ്രമിക്കുന്നതിന് പിന്നിലെ രാഷ്ട്രീയം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം.

ഫാറൂഖ് ട്രെയ്നിംഗ് കോളേജിലെ ഒരധ്യാപകന്‍ പ്രസംഗത്തിനിടയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം അശ്ലീലവും അധ്യാപക പദവിയെ കളങ്കപ്പെടുത്തുന്നതും സഭ്യതക്ക് നിരക്കാത്തതുമാണെന്ന് സമ്മതിച്ചു കൊണ്ട് തന്നെ ചില കാര്യങ്ങള്‍ പറയേണ്ടതുണ്ടെന്ന് തോന്നുന്നു. ഒരധ്യാപകന്റെ തെറ്റിന്റെ പേരില്‍ മഹത്തായ ഒരു സ്ഥാപനത്തെ കരിവാരിത്തേക്കുകയും ഇകഴ്ത്തുകയും ചെയ്യാനുള്ള ശ്രമങ്ങള്‍ അത്ര നിഷ്‌കളങ്കമാണെന്ന് കരുതാന്‍ വയ്യ. കേരളത്തിലെ മറ്റു കോളേജുകളില്‍നിന്ന് വ്യത്യസ്തമായി ഫാറൂഖ് കോളേജില്‍ മാത്രം പ്രത്യേക സദാചാര വാദമുണ്ടെന്ന് പറയുന്നത് വസ്തുതാ വിരുദ്ധമാണ്. സി.സി.ടി.വിയുടെ വിലങ്ങുവെച്ച് വിദ്യാര്‍ഥികള്‍ക്ക് മിണ്ടാനും കാണാനും കഴിയാത്ത തരത്തില്‍ സദാചാര അധ്യാപക പോലീസ് ഉണ്ടെങ്കില്‍ വിമര്‍ശന വിധേയമാക്കുക തന്നെ വേണം. വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയവും സാമൂഹികവുമായ പ്രബുദ്ധത നേടിയാല്‍ മാത്രമേ ഇത്തരം മനുഷ്യത്വവിരുദ്ധമായ കടന്നുകയറ്റങ്ങളെ അതിജീവിക്കാന്‍ കഴിയൂ. കേരളത്തിലെ മുഴുവന്‍ കാമ്പസുകളിലേക്കും വ്യാപിപ്പിക്കേണ്ട ഒരു ചര്‍ച്ചയാണിത്.

വിമര്‍ശകര്‍ ഫാറൂഖിനെ മാത്രം ലക്ഷ്യമിടുന്നതില്‍ അജണ്ടകളുണ്ട്. താലിബാന്‍, മദ്രസ തുടങ്ങിയ പ്രയോഗങ്ങള്‍ വാരിവിതറുന്നതില്‍നിന്നു തന്നെ ഇവരുടെ ഉദ്ദേശ്യം വ്യക്തമാണ്. ആക്ഷേപിക്കുന്നവര്‍ അറിയേണ്ട ഒരു ഫാറൂഖ് കോളേജുണ്ട്. ഒരു കൂട്ടം നല്ല അധ്യാപകരുള്ള, ബി.സോണിലും ഇന്റര്‍സോണിലും മറ്റു കലാലയങ്ങളെ പിന്തള്ളി ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കുന്ന, അക്കാദമിക, അക്കാദമികേതര രംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിച്ച/ കൈവരിച്ചു കൊണ്ടിരിക്കുന്ന ഒരു ഫാറൂഖ് കോളേജ്. പുറം തിരിഞ്ഞ് നിന്ന ഒരു സമൂഹത്തെ വിദ്യാഭ്യാസത്തോട് ചേര്‍ത്ത് നിര്‍ത്തിയ ഫാറൂഖ് കോളേജ്. വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങള്‍ക്ക് പേര് കേട്ട കലാലയങ്ങള്‍ക്കിടയില്‍ സൗഹൃദവും സമാധാനവും ഉയര്‍ത്തിപ്പിടിച്ച ഫാറൂഖ് കോളേജ്. തങ്ങളുടെ കോളേജിനെ ഇക്കോലത്തില്‍ അവമതിപ്പുണ്ടാക്കുന്നതില്‍ മനസ്സ് വിഷമിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുള്ള ഫാറൂഖ് കോളേജ്.

ഫാറൂഖ് കോളേജില്‍ പഠിക്കാനാവാത്തത് വലിയ നഷ്ടമായിക്കാണുന്ന വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. ഫാറൂഖ് കോളേജിനെ മാത്രം കോര്‍ണര്‍ ചെയ്ത്, അപമാനിക്കാന്‍ ശ്രമിക്കുന്നതിന് പിന്നിലെ രാഷ്ട്രീയം കണ്ടില്ലെന്ന് നടിക്കാനാവില്ല. പ്രതികരണ തൊഴിലാളികള്‍ ആദ്യം ചെയ്യേണ്ടത് തങ്ങളുടെ തൊട്ടടുത്തുള്ളതോ മുമ്പ് പഠിച്ചതോ ആയ ഒരു കാമ്പസ് സന്ദര്‍ശിക്കുക എന്നതാണ്. അവിടെനിന്നു കിട്ടും മാറിയ കാലത്തെ വിശേഷങ്ങള്‍. അപ്പോള്‍ നിങ്ങള്‍ ഫാറൂഖ് കോളജിന് സല്യൂട്ടടിക്കും.

DOOL VIDEO

We use cookies to give you the best possible experience. Learn more