| Tuesday, 5th December 2017, 11:10 pm

പ്രിയ സൂരജ്, നിങ്ങള്‍ വിമര്‍ശനം തുടരൂ, ഞങ്ങള്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നു; ആര്‍.ജെ സൂരജിന് പിന്തുണയുമായി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്

എഡിറ്റര്‍

കോഴിക്കോട്: ആര്‍.ജെ സൂരജിന് പിന്തുണയുമായി പി.കെ ഫിറോസ്. മലപ്പുറത്തെ പെണ്‍കുട്ടികളുടെ ഫ്‌ളാഷ് മോബിനെ അഭിനന്ദിച്ചു കൊണ്ടുള്ള സൂരജിന്റെ വീഡിയോ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് സൂരജ് മാപ്പ് പറഞ്ഞ് രംഗത്തു വരികയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോള്‍ മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പിന്തുണയുമായി രംഗത്തെത്തിയത്.

ആര്‍.ജെ സൂരജ് മുസ്ലിം സുഹൃത്തുക്കളോട് മാപ്പ് ചോദിക്കുന്ന വീഡിയോ കണ്ടു. സങ്കടവും അമര്‍ഷവും അടക്കാനാവുന്നില്ല. മലപ്പുറത്ത് ഫ്ലാഷ് മോബ് നടത്തിയ ഏതാനും പെണ്‍കുട്ടികളെ അവഹേളിച്ചവരെ വിമര്‍ശിച്ചതിനാണ് സൂരജിന് ഈ ഗതി വന്നത്. വിശ്വാസികള്‍ എന്ന് സ്വയം മേനി നടിക്കുന്നവര്‍ ഈ നാടിനെ എങ്ങോട്ടാണ് കൊണ്ടു പോകുന്നത്?. ഫിറോസ് ചോദിക്കുന്നു.

“വീഡിയോയില്‍ നിങ്ങള്‍ പറയുന്നത് കേട്ടു. ഇനി മുതല്‍ ആരെയും വിമര്‍ശിക്കില്ല എന്ന്. റേഡിയോ ജോക്കി എന്ന ജോലി ഉപേക്ഷിക്കുകയാണ് എന്ന്. നിങ്ങള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ നിര്‍ത്തരുത്. ജോലി ഉപേക്ഷിക്കരുത്. നിങ്ങളെ പോലുള്ളവരുടെ നിലപാടുകളാണ് ഈ നാടിന് ഇപ്പോള്‍ ആവശ്യമായിട്ടുള്ളത്. നിങ്ങള്‍ ഭീരുവാകരുത്. നിങ്ങളുടെ ഭീരുത്വം പോലും ഉപയോഗപ്പെടുത്താന്‍ വര്‍ഗ്ഗീയ വാദികള്‍ കാത്തിരിക്കുകയാണ്. അതിനവസരം ഒരുക്കരുത്. ഒരു കാര്യം കൂടി, മാപ്പ് പറയേണ്ടത് നിങ്ങളല്ല, ഞങ്ങളാണ്. വിശ്വാസികള്‍ എന്ന പേരില്‍ ചിലര്‍ നടത്തിയ ആക്രമണത്തിന് ഒരു വിശ്വാസി എന്ന നിലയില്‍ മാപ്പു ചോദിക്കുന്നു.” എന്നും ഫിറോസ് സൂരജിനോടായി പറയുന്നു.


Also Read: ആര്‍.ജെ സൂരജിനെതിരെ നടപടിയുമായി റേഡിയോ മലയാളം 98.6;  നടപടി മലപ്പുറത്ത് ഫ്ളാഷ്മോബ് അവതരിപ്പിച്ച പെണ്‍കുട്ടികളെ പ്രശംസിച്ച വീഡിയോ വിവാദമായതിനെ തുടര്‍ന്ന്


ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആര്‍.ജെ സൂരജ് മുസ്ലിം സുഹൃത്തുക്കളോട് മാപ്പ് ചോദിക്കുന്ന വീഡിയോ കണ്ടു. സങ്കടവും അമര്‍ഷവും അടക്കാനാവുന്നില്ല. മലപ്പുറത്ത് ഫ്ലാഷ് മോബ് നടത്തിയ ഏതാനും പെണ്‍കുട്ടികളെ അവഹേളിച്ചവരെ വിമര്‍ശിച്ചതിനാണ് സൂരജിന് ഈ ഗതി വന്നത്. വിശ്വാസികള്‍ എന്ന് സ്വയം മേനി നടിക്കുന്നവര്‍ ഈ നാടിനെ എങ്ങോട്ടാണ് കൊണ്ടു പോകുന്നത്?

വികാരം വ്രണപ്പെട്ടു വ്രണപ്പെട്ടു എന്ന് പേര്‍ത്തും പേര്‍ത്തും പറയുന്നവരോട് ചോദിക്കട്ടെ. നിങ്ങള്‍ക്ക് വിശ്വാസം എന്നത് വ്രണപ്പെടുന്ന ഒരു വികാരം മാത്രമാണോ? വിമര്‍ശനത്തോട് എന്തിനാണ് നിങ്ങളിത്ര അസഹിഷ്ണുത കാണിക്കുന്നത്? വിമര്‍ശിച്ചതിന്റെ പേരില്‍ അയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഭാവിയെ വരെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്നത്?

പ്രിയപ്പെട്ട ആര്‍. ജെ സൂരജ്,

വീഡിയോയില്‍ നിങ്ങള്‍ പറയുന്നത് കേട്ടു. ഇനി മുതല്‍ ആരെയും വിമര്‍ശിക്കില്ല എന്ന്. റേഡിയോ ജോക്കി എന്ന ജോലി ഉപേക്ഷിക്കുകയാണ് എന്ന്. നിങ്ങള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ നിര്‍ത്തരുത്. ജോലി ഉപേക്ഷിക്കരുത്. നിങ്ങളെ പോലുള്ളവരുടെ നിലപാടുകളാണ് ഈ നാടിന് ഇപ്പോള്‍ ആവശ്യമായിട്ടുള്ളത്. നിങ്ങള്‍ ഭീരുവാകരുത്. നിങ്ങളുടെ ഭീരുത്വം പോലും ഉപയോഗപ്പെടുത്താന്‍ വര്‍ഗ്ഗീയ വാദികള്‍ കാത്തിരിക്കുകയാണ്. അതിനവസരം ഒരുക്കരുത്. ഒരു കാര്യം കൂടി, മാപ്പ് പറയേണ്ടത് നിങ്ങളല്ല, ഞങ്ങളാണ്. വിശ്വാസികള്‍ എന്ന പേരില്‍ ചിലര്‍ നടത്തിയ ആക്രമണത്തിന് ഒരു വിശ്വാസി എന്ന നിലയില്‍ മാപ്പു ചോദിക്കുന്നു.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more