| Friday, 14th September 2018, 7:42 am

ടി.പി രാമകൃഷ്ണന്‍ കോഴിക്കോട് എന്ന നാട്ടുരാജ്യത്തെ രാജാവല്ല: പി.കെ ഫിറോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കരിഞ്ചോലക്കാരുടെ ദുരിതമറിയിക്കാന്‍ പോയ യൂത്ത് ലീഗ് ഭാരവാഹികളെ മന്ത്രി ടി.പി രാമകൃഷ്ണന്‍ അവഗണിച്ചെന്ന് പരാതി. കാണാന്‍ സമ്മതിച്ചില്ലെന്ന് മാത്രമല്ല പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് ചെയ്തതെന്നും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

മൂന്നു മാസത്തിന് മുമ്പ് കട്ടിപ്പാറയിലെ കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരിക്കുകയും 30 ഓളം കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിരുന്നു. മരണപ്പെട്ടവര്‍ക്കുള്ള 4 ലക്ഷമല്ലാതെ മറ്റൊന്നും നല്‍കിയിട്ടില്ല.

30 ഓളം കുടുംബങ്ങള്‍ വാടക വീട്ടിലാണ് കഴിയുന്നത്. വാടക കൊടുക്കാനാവാതെ അവിടെ നിന്നുമിറങ്ങേണ്ട ഗതികേടിലാണവര്‍. കരിഞ്ചോലക്ക് അടുത്തുള്ള താമരശ്ശേരിയില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ എത്തിയിരുന്നു. ഈ കുടുംബങ്ങളുടെ സങ്കടം പറയാന്‍ യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് മെമ്പറുമായ നജീബ് കാന്തപുരവും സഹപ്രവര്‍ത്തകരും മന്ത്രിയെ കാണാന്‍ ശ്രമിച്ചു. എന്നാല്‍ ധാര്‍ഷ്ട്യം കലര്‍ന്ന രീതിയില്‍ കാണാനാവില്ലെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.

ALSO READ: ദല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിന് ഇ.വി.എം നല്‍കിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ജനപ്രതിനിധിയെ കാണാന്‍ സമ്മതിച്ചില്ലെന്ന് മാത്രമല്ല പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് ചെയ്തത് എന്ന ഫിറോസ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

സംസ്ഥാനത്ത് രൂക്ഷമായ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുമുണ്ടായിട്ട് ഒരു മാസമായി. മഹാഭൂരിപക്ഷം പേര്‍ക്കും നാളിതു വരെയായി നഷ്ടപരിഹാരമൊന്നും നല്‍കിയിട്ടില്ല. അടുത്ത പ്രവൃത്തി ദിവസം 10000 രൂപ അക്കൗണ്ടിലിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ട് രണ്ടാഴ്ച കഴിഞ്ഞു.

പരാതികള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി സ്ഥലത്തില്ലാത്തത് കൊണ്ട് മന്ത്രിസഭാ യോഗം പോലും ചേരാനാവുന്നില്ല. ഇതിനൊക്കെ ഇനിയും സമയമെടുക്കും എന്നായിരിക്കും ഭക്തുക്കള്‍ പറയാന്‍ പോവുന്നത് എന്നും പി.കെ ഫിറോസ് എഴുതി.

ALSO READ: രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; ഒക്ടോബര്‍ മൂന്നിന് ചുമതലയേല്‍ക്കും

ടി.പി രാമകൃഷ്ണന്‍ കോഴിക്കോട് എന്ന നാട്ടു രാജ്യത്തെ രാജാവല്ല. ജനാധിപത്യ കേരളത്തിലെ ഒരു മന്ത്രിയാണ്. അത് മറക്കണ്ട! ഈ ദുരിത ബാധിതരുടെ കണ്ണുനീരൊപ്പാതെ അധിക കാലം വിലസാമെന്ന് നിങ്ങളാരും കരുതുകയും വേണ്ട എന്ന് ഓര്‍മ്മപ്പെടുത്തിയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more