കോഴിക്കോട്: ഹാദിയ കേസില്‍ ലൗജിഹാദുണ്ടെന്ന് പറയാന്‍ താനും മുനവ്വറലി തങ്ങളും രാഹുല്‍ ഈശ്വറിനെ നിര്‍ബന്ധിച്ചുവെന്ന എസ്.ഡി.പി.ഐ വ്യാജപ്രചരണം നടത്തുന്നുവെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്.
ടെലിവിഷന്‍ ചര്‍ച്ചയില്‍ രാഹുല്‍ ഈശ്വര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചാണ് പ്രചാരണമെന്നും ഹാദിയ കേസില്‍ എസ്.ഡി.പി.ഐ നടത്തിയ ഉടായിപ്പുകള്‍ പൊളിഞ്ഞപ്പോള്‍ പുതിയ പ്രചരണവുമായി രംഗത്തെത്തിയിരിക്കുകയാണെന്നും ഫിറോസ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫിറോസിന്റെ പ്രതികരണം.
അഖില@ഹാദിയ കേസില്‍ എസ്.ഡി.പി.ഐ നടത്തിയ ഉടായിപ്പുകള്‍ ഓരോന്നും പുറത്ത് വരാന്‍ തുടങ്ങിയപ്പോള്‍ ഇപ്പോഴിതാ പുതിയ പ്രചരണവുമായി സുഡുക്കള്‍ രംഗത്തിറങ്ങിയിരിക്കുന്നു. രാഹുല്‍ ഈശ്വറിന്റെ ഒരു ടെലിവിഷന്‍ ചര്‍ച്ചയിലെ വോയ്‌സും പൊക്കിപ്പിടിച്ചാണ് ഇപ്പോഴത്തെ വരവ്. മുനവ്വറലി തങ്ങളും ഞാനും ലവ് ജിഹാദാണെന്ന് പറയിപ്പിക്കാന്‍ രാഹുല്‍ ഈശ്വറിനെ നിര്‍ബന്ധിച്ചു എന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞതായാണ് പ്രചരണം.
എന്നാല്‍ വാസ്തവം എന്താണ്?
ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ഈ വിഷയം സംസാരിച്ചു കൊണ്ടിരിക്കെ രാഹുല്‍ ഈശ്വര്‍ പറയുന്നത് ഇപ്രകാരമാണ്.
“ഒരു ജഡ്ജിയുടെ മേല്‍ നോട്ടത്തിലല്ലാതെ എന്‍.ഐ.എ ഈ കേസ് അന്വേഷിക്കരുത്. മാത്രമല്ല മുനവ്വറലി തങ്ങളോട്, ശ്രീ. പി. കെ ഫിറോസിനോട് അടക്കം ഈ വിഷയം സംസാരിച്ചു. ദേശീയ ചാനലിലിരുന്നപ്പോ അവരെന്നെക്കൊണ്ട് (ആര്? ദേശീയ ചാനലുകാര്) ലവ് ജിഹാദാണെന്ന് പറയിപ്പിക്കാന്‍ നിര്‍ബന്ധിച്ചു. ഞാന്‍ പറഞ്ഞു വേണമെങ്കില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന് ആരോപിക്കാം”
പച്ച നുണകള്‍ പ്രചരിപ്പിക്കുക എന്നത് സുഡുക്കളുടെ കൂടപ്പിറപ്പാണ്. പക്ഷേ നിങ്ങള്‍ക്ക് എത്ര കുരു പൊട്ടി ഒലിച്ചാലും നിങ്ങളുടെ എല്ലാ ഉടായിപ്പുകളും ഞങ്ങള്‍ പൊളിക്കും. എന്നിട്ട് വലിച്ച് കീറി ചുമരിലും ഒട്ടിക്കും. നിങ്ങള്‍ അത്ര മാത്രം വലിയ സംഭവമായിട്ടൊന്നുമല്ല. “നഞെന്തിന് നാനാഴി” എന്നാണല്ലോ ചൊല്ല്. ഇത്തിരിയെ ഉള്ളുവെങ്കിലും നിങ്ങള്‍ വിഷമാണ്. വര്‍ഗ്ഗീയ വിഷം. അത് ചെറുക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തവും.