| Friday, 6th May 2022, 9:09 pm

ഏത് സര്‍ക്കാരായാലും എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുന്നതിനെ യൂത്ത് ലീഗ് സ്വാഗതം ചെയ്യുന്നു

അന്ന കീർത്തി ജോർജ്

‘എയ്ഡഡ് നിയമനം പി.എസ്.സിക്ക്, കേരളം പ്രതികരിക്കുന്നു’ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.

എയ്ഡഡ് നിയമനം പി.എസ്.സിക്കു വിടുന്നതിനോടുള്ള യൂത്ത് ലീഗിന്റെ പ്രതികരണമെന്താണ്?

എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇപ്പോള്‍ വീണ്ടും ആ ചര്‍ച്ച ഉയര്‍ന്നുവന്നു എന്ന് മാത്രമേയുള്ളു. യൂത്ത് ലീഗിനെ സംബന്ധിച്ചിടത്തോളം ഈ വിഷയം വളരെ നേരത്തെ തന്നെ സമഗ്രമായി ചര്‍ച്ച ചെയ്യുകയും പി.എസ്.സിക്കു വിടുന്നതാണ് ഉചിതമെന്ന നിഗമനത്തില്‍ എത്തുകയും ചെയ്തതാണ്. അതുകൊണ്ട് തന്നെ ഏത് ഗവണ്‍മെന്റ് ആയാലും അധികാരത്തിലിരിക്കുമ്പോള്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സിക്കു വിടുക എന്നത് സ്വാഗതാര്‍ഹമായ കാര്യമാണ്.

കാരണം നമ്മുടെ നാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മിച്ചവരുടെ ഉദ്ദേശം കച്ചവടമായിരുന്നില്ല. സമൂഹത്തിന്റെ വിദ്യാഭ്യാസ രംഗത്തെ പുരോഗതി മാത്രം ലക്ഷ്യമാക്കിക്കൊണ്ടാണ് മഹാഭൂരിപക്ഷവും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ സ്ഥാപിച്ചത്. പക്ഷെ പിന്നീട് വന്ന പുതിയ തലമുറ കച്ചവടം എന്ന നിലയിലേക്ക് മാറുകയും അതിനകത്തെ അധ്യാപകനിയമനങ്ങള്‍ വലിയ തോതില്‍ വില്‍പനക്ക് വെക്കുകയും ചെയ്യുന്ന ഒരു രീതി വന്നു. ഇന്നത്തെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിശോധിച്ചാല്‍, ഈ സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലത്തു നിന്നും മാറ്റി അവിടെ ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ ഉണ്ടാക്കുകയാണ്.

വാണിജ്യാവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ കച്ചവടം താല്‍പര്യം മാറുകയും വിദ്യാഭ്യാസ പുരോഗതി എന്ന ലക്ഷ്യത്തിലേക്ക് വീണ്ടും അത്തരം സ്ഥാപനങ്ങളെ കൊണ്ടുവരാനും സാധിച്ചാല്‍ മാത്രമേ എന്ത് ഉദ്ദേശത്തിലാണോ ഈ സ്ഥാപനങ്ങള്‍ നിര്‍മിച്ചത് ആ ഉദ്ദേശം പൂര്‍ത്തിയാവൂ. എല്ലാ വിഭാഗത്തെയും ഉള്‍ക്കൊള്ളാന്‍ അധ്യാപക നിയമനങ്ങള്‍ പി.എസ്.സിക്കു വിട്ടുകൊടുത്താലാണ് സാധ്യമാവുക. ആ അര്‍ത്ഥത്തില്‍ എയ്ഡഡ് നിയമനം പി.എസ്.സി വഴിയാക്കണമെന്ന തീരുമാനത്തെ യൂത്ത് ലീഗും സ്വാഗതം ചെയ്യുന്നതാണ്.

യുവാക്കളുടെ തൊഴില്‍ സാധ്യത വര്‍ധിക്കാനും ഈ തീരുമാനം സഹായകമാവില്ലേ?

എയ്ഡഡ് നിയമനം പി.എസ്.സിക്കു വിടുന്നതുവഴി തൊഴില്‍ സാധ്യത കൂടുമെന്നു ഞാന്‍ കരുതുന്നില്ല. കാരണം എയ്ഡഡ് നിയമനം നടത്തിയാലും പി.എസ്.സി നിയമനം നടത്തിയാലും നിലവിലുള്ളതും അല്ലെങ്കില്‍ ഒഴിവുകളിലേക്കും മാത്രമേ നിയമനം നടത്താന്‍ സാധിക്കുകയുള്ളൂ എന്നത് കൊണ്ട് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല. മറ്റൊരു ആശങ്ക ഇതിനകത്തുള്ളത് സാധാരണ ഗതിയില്‍ സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി വരുമ്പോള്‍ പി.എസ്.സിക്കു ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെയാണ് പലപ്പോഴും സര്‍ക്കാര്‍ ഈ സാമ്പത്തിക ബുദ്ധിമുട്ടിനൊരു പരിഹാരം കണ്ടെത്താറുള്ളത്.

നിലവില്‍ മാനേജ്മെന്റ് ഒരു നിയമനം നടത്തുമ്പോള്‍ ഒരു ഒഴിവുവരുന്ന സമയത്ത് ഇവര്‍ നേരത്തെ നിയമനം നടത്തും. പിന്നീട് അവര്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി അതല്ലെങ്കില്‍ കോടതിയില്‍ പോയി നിയമനങ്ങള്‍ക്ക് അംഗീകാരം വാങ്ങുന്ന ഒരു സ്ഥിതിയാണുള്ളത്. അതുകൊണ്ട് ഒഴിവുകള്‍ വന്നാല്‍ അവിടെ പെട്ടെന്ന് തന്നെ നിയമനം നടത്തുന്ന ഒരു രീതിയുണ്ടായിരുന്നു. അതേസമയം ഇത് പി.എസ്.സിക്കു വിടുമ്പോള്‍ സര്‍ക്കാര്‍ കൃത്യ സമയങ്ങളില്‍ നിയമനം നടത്താതെ വരുമോ എന്നത് ആശങ്ക ഉയര്‍ത്തുന്നതാണ്.

കാരണം ഇപ്പോള്‍ തന്നെ ഒഴിവുള്ള ഗവണ്‍മെന്റ് കോളേജുകളിലും ഗവണ്‍മെന്റ് സ്‌കൂളികളിലുമൊക്കെ സര്‍ക്കാര്‍ പി.എസ്.സിക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയും ആ ഒഴിവില്‍ ഗസ്റ്റിനെ നിയമിക്കുകയുമാണെന്ന ഒരു ആക്ഷേപം നിലവിലുണ്ട്. അത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. ഇപ്പോള്‍ എങ്ങനെയാണോ നിയമനം നടക്കുന്നത് അതുപോലെ തന്നെ ഒരു ഒഴിവും വരാത്ത രീതിയില്‍ സര്‍ക്കാര്‍ നിയമനങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. അല്ലെങ്കില്‍ തീര്‍ച്ചയായും യുവാക്കള്‍ക്ക് അത് വിപരീത ഫലമാണുണ്ടാക്കുക.

നിയമനം പി.എസ്.സി വഴിയാക്കിയാല്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ സംവരണ വിഭാഗങ്ങള്‍ക്ക് പ്രാധിനിത്യം ലഭിക്കില്ലേ?

എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നത് സംവരണ വിഭാഗങ്ങള്‍ക്ക് ഉപകാരപെടുമെന്നാണ് തീര്‍ച്ചയായും യൂത്ത് ലീഗും വിശ്വസിക്കുന്നത്. കേരളത്തില്‍ ഒരു പ്രത്യേക വിഭാഗങ്ങളുടെ കയ്യിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്ളത്. പിന്നാക്ക സമൂഹങ്ങള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും മുന്നില്‍ കൊട്ടിയടക്കപ്പെട്ട വാതിലുകളാണ് എയ്ഡഡ് നിയമനങ്ങള്‍ എന്ന് പറയുന്നത്.

സംവരണ വിഭാഗങ്ങള്‍ക്ക് ഇത്തരം സ്ഥാപനങ്ങളിലേക്ക് കയറിച്ചെല്ലാന്‍ കഴിയുമെന്നൊരു സ്ഥിതി പി.എസ്.സിക്ക് വിടുമ്പോള്‍ ഉണ്ടാകും. അതേസമയത്ത് അവിടെയും ആശങ്കയുള്ളത് ഇന്ന് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി, ആര്‍.എസ്.എസ് ഗവണ്‍മെന്റ് ആണെങ്കിലും കേരളത്തിലെ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ ഗവണ്‍മെന്റ് ആണെങ്കിലും സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം എന്ന താല്‍പര്യവും നിലപാടുമുള്ളവരാണ്. ഇപ്പോള്‍ തന്നെ സംവരണത്തില്‍ വെള്ളം ചേര്‍ക്കുന്ന സ്ഥിതിയുണ്ടായിരുന്നു.

പത്ത് ശതമാനം മുന്നാക്ക വിഭാഗങ്ങള്‍ക്ക് നീക്കിവെച്ച് കഴിഞ്ഞു. അതുകൊണ്ട് അത്തരം ആശങ്കകള്‍ക്ക് അറുതി വരുത്തേണ്ടത് ഭരിക്കുന്ന ഭരണകൂടമാണ്. പക്ഷെ ഭരണകൂടങ്ങള്‍ക്ക് എത്രത്തോളം ആശങ്ക പരിഹരിക്കാന്‍ കഴിയുമെന്ന് അറിയില്ല. നിലവിലുള്ള അവസ്ഥയില്‍ തുടരുകയാണെങ്കിലോ നേരത്തെ ഉണ്ടായിരുന്ന ഒരു അവസ്ഥയിലേക്ക് പോവുകയാണെങ്കിലോ തീര്‍ച്ചയായും അത് സംവരണ സമുദായങ്ങള്‍ക്ക് വലിയ രീതിയില്‍ ഗുണം ചെയ്യുമെന്നതില്‍ സംശയമില്ല. പിന്നാക്ക വിഭാഗത്തിലുള്ളവര്‍ക്കും ദളിതര്‍ക്കും ആദിവാസി വിഭാഗങ്ങള്‍ക്കുമൊക്കെ അവസരം ലഭിക്കുന്ന ഒരു സ്ഥിതി വരണം. സംവരണം ഏതുനിലക്കാണോ ഭരണഘടനാ ശില്‍പികള്‍ ഉദ്ദേശിച്ചത് അത് എയ്ഡഡ് അധ്യാപക മേഖലയില്‍ കൂടെ നടപ്പിലാക്കുമെന്നത് തീര്‍ച്ചയായും നല്ല കാര്യമാണ്.

ഈ തീരുമാനത്തെ മാനേജ്‌മെന്റുകള്‍ എതിര്‍ക്കാനുള്ള സാധ്യതയില്ലേ?

എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സി വഴിയാക്കുന്നതിനോടുള്ള എതിര്‍പ്പ് മാനേജ്‌മെന്റുകളുടെ ഭാഗത്തു നിന്നും ഉണ്ടാവാന്‍ സാധ്യതയുണ്ട്. മാനേജ്‌മെന്റിന്റെ അധികാരം സര്‍ക്കാര്‍ കൈവശം വെക്കുന്നു എന്ന രീതിയിലുള്ള വിമര്‍ശനമായിരിക്കും പ്രധാനമായും അവരുടെ ഭാഗത്തുനിന്നും ഉണ്ടാവാന്‍ പോവുന്നത്. ഇത് മാനേജ്‌മെന്റിനെ ബാധിക്കാന്‍ പോകുന്നത് രണ്ടു നിലക്കാണ്, ഒന്ന് അവര്‍ക്കിഷ്ടമുള്ള ആളെ നിയമിക്കാനുള്ള ആധികാരം നഷ്ടമാകും എന്നത്. രണ്ടാമത്തേത് മാനേജ്‌മെന്റിന് പണം വാങ്ങാന്‍ കഴിയില്ലെന്ന സ്ഥിതി.

പൂര്‍ണമായും മെറിറ്റ് എന്ന നിലക്ക് വിവിധ സമൂഹങ്ങള്‍ക്ക് അര്‍ഹമായ പ്രാധിനിത്യം നല്‍കുന്ന രീതിയിലേക്ക് മാറുമ്പോള്‍ മാനേജ്‌മെന്റുകള്‍ എതിര്‍ക്കും എന്നതില്‍ യാതൊരു സംശയവുമില്ല. പ്രത്യേകിച്ച് ക്രിസ്ത്യന്‍, സവര്‍ണ സമൂഹങ്ങള്‍ കൈവശം വെക്കുന്ന സ്ഥാപങ്ങള്‍ക്കാവും വലിയ എതിര്‍പ്പുകള്‍ക്ക് സാധ്യത.

ഒരുപക്ഷെ സമുദായത്തെ കൂടെ കൂട്ടാന്‍ സാധ്യതയുണ്ട്. അതേസമയം സമുദായങ്ങള്‍ക്ക് ഇതിനകത്ത് പ്രത്യേകിച്ച് എന്തെങ്കിലും നഷ്ടമുണ്ടാകുമെന്ന് തോന്നുന്നില്ല. സമുദായങ്ങള്‍ അവരുടെ ബന്ധുക്കള്‍ക്കോ മാനേജ്‌മെന്റിന്റെ ഇഷ്ടക്കാര്‍ക്കോ ഒക്കെയാണ് നല്‍കുക. എല്ലാവരും അങ്ങനെയാണെന്നല്ല പറയുന്നത്. ഇപ്പോഴും നല്ല രീതിയില്‍ നിയമനം നടത്തുന്ന ഒട്ടനവധി മാനേജ്‌മെന്റുകള്‍ ഉണ്ട്. പൂര്‍ണമായും മെറിറ്റിനെ മാത്രം ആശ്രയിച്ചുകൊണ്ട് മറ്റു താല്‍പര്യങ്ങള്‍ ഒന്നും കാണാതെ, ഒരുരൂപ പോലും വാങ്ങാതെ നിയമനം നടത്തുന്ന മാനേജ്‌മെന്റുകളുണ്ട്. വളരെ അപൂര്‍വമാണ്, എങ്കിലും അത്തരം മാനേജ്‌മെന്റുകള്‍ ഉണ്ട്. അവരെ കൂടെ നമ്മള്‍ ഇതിനകത്തേക്ക് ചേര്‍ത്ത് പറയുന്നത് ശരിയല്ല.

എയ്ഡഡ് നിയമനം പി.എസ്.സിക്കു വിടാന്‍ സര്‍ക്കാര്‍ തയ്യാറുകുമെന്ന് കരുതുന്നുണ്ടോ?

സര്‍ക്കാരിന്റെ നിലപാട് നമ്മള്‍ പലപ്പോഴും കാണുന്നതാണ്. നിലപാട് പറയേണ്ട സമയങ്ങളില്‍ ഒന്നും തന്നെ ഇടതുപക്ഷ സര്‍ക്കാര്‍ നിലപാട് പറയാറില്ല. എപ്പോഴും എല്ലാവരെയും ബാലന്‍സ് ചെയ്യുന്ന ഒരു സമീപനമാണ് അവര്‍ സ്വീകരിക്കാറുള്ളത്. ഒരു ആം ആദ്മി സ്‌റ്റൈലില്‍ ബി.ജെ.പിയെ ശക്തമായി വിമര്‍ശിക്കേണ്ട സമയങ്ങളില്‍ വിമര്‍ശിക്കാതിരിക്കുക, തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മാത്രം ചിലപ്പോള്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുക എന്നൊരു ആക്ഷേപം ഇടതുപക്ഷ ഗവണ്‍മെന്റിന് എതിരെയുമുണ്ട്. അതുകൊണ്ട് ഈ ഗവണ്‍മെന്റ് നിലപാടുകള്‍ ശക്തമായി സ്വീകരിക്കുമോ എന്നത് അവരാണ് ബോധ്യപ്പെടുത്തേണ്ടത്. കാലം അതിനുമറുപടി പറയും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

Content Highlights: PK Firos says Youth League welcomes leaving the aided appointment to PSC

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more