ആമിര്‍ഖാന്‍ രാജ്കുമാര്‍ ഹിറാനി കൂട്ട് കെട്ട് വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പണം നേടുന്ന സിനിമ എന്ന ബഹുമതിയാണ് പി.കെ യെ തേടിയെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ മാത്രമായി ചിത്രം നേടിയത് മുന്നുറ് കോടിയാണ്. ഇതാദ്യമായാണ് ഒരു ബോളിവുഡ് ചിത്രം ഇന്ത്യയില്‍ നിന്നു മാത്രമായി മുന്നൂറ് കോടി തികക്കുന്നത്.
നേരത്തെ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ സിനിമ എന്ന ഖ്യാതി ആമിര്‍ തന്നെ അഭിനയിച്ച “ധൂം3” ക്കായിരുന്നു. 284 കോടിയായിരുന്നു ചിത്രം നേടിയിരുന്നത്.
ഇത് കൂടാതെ നേരത്തെ 100 കോടി, 200 കോടി എന്നിങ്ങനെ ലാഭക്കണക്കില്‍ ബോളിവുഡില്‍ എന്നും റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നത് ആമിര്‍ സിനിമകള്‍ തന്നെയായിരുന്നു.
2008ല്‍ എ.ആര്‍ മുരുഗ ദാസ് സംവിധാനം ചെയ്ത “ഗജനി”യാണ് 100 കോടി തികച്ചിരുന്ന ആദ്യ ബോളിവുഡ് സിനിമ. തുടര്‍ന്ന് 2009 ല്‍ ആമിര്‍ ഹിറാനി കൂട്ട് കെട്ടില്‍ പിറന്ന “ത്രീ ഇഡിയറ്റ്‌സാ”യിരുന്നു 200 കോടിയുടെ റെക്കോര്‍ഡില്‍ ആദ്യമെത്തിയിരുന്നത്.
കഴിഞ്ഞ ഡിസംബര്‍ 19 നായിരുന്നു രാജ്യത്താകെ 4000 തിയറ്ററുകളിലായി ചിത്രം റിലീസ് ചെയ്തിരുന്നത്. ചിത്രത്തില്‍ ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാരോപിച്ച് കൊണ്ട് നിരവധി പ്രതിഷേധങ്ങളും അതിക്രമങ്ങളും അരങ്ങേറിയിരുന്നു.
അതെ സമയം വിവാദങ്ങളെല്ലാം ചിത്രത്തിന് അനുകൂലമായി വന്ന് ഭവിച്ചതിന്റെ വ്യക്തമായ സൂചനയാണ് ഇപ്പോള്‍ വന്നിരിക്കുന്ന കണക്കുകള്‍. ഇത് കൂടാതെ സിനിമക്ക് യു.പിയില്‍ അഖിലേഷ് യാദവിന്റെ വക നികുതിയിളവടക്കം ലഭിച്ചിരുന്നു.