| Sunday, 26th May 2019, 11:18 am

ഒരു ബൂത്തില്‍ ഒരു വോട്ട് പോലും നേടാനാവാതെ പികെ ബിജു; സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 2 വോട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് വമ്പന്‍ വിജയമാണ് നേടിയത്. 1,52,000 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായിരുന്ന പികെ ബിജുവിനെ പരാജയപ്പെടുത്തിയത്.

മണ്ഡലത്തിലെ 55 പഞ്ചായത്തുകളിലും മൂന്ന് നഗരസഭയിലും രമ്യ ഹരിദാസ് ആണ് ലീഡ് നേടിയത്. ഒരു പഞ്ചായത്തില്‍ മാത്രമാണ് ബിജുവിന് ലീഡ് നേടാനായത്. ചുവപ്പ് കോട്ടകളായ ആലത്തൂരും തരൂരും കൊല്ലങ്കോടും ബിജുവിനെ കൈവിട്ടതോടെയാണ് രമ്യക്ക് ഇത്രയും വലിയ വോട്ടിന്റെ വിജയം കണ്ടെത്താനായത്.

മണ്ഡലത്തിലെ ഒരു ബൂത്തില്‍ പികെ ബിജുവിന് ഒരു വോട്ടും നേടാനായില്ല. നെല്ലിയാമ്പതി പഞ്ചായത്തിലെ 138ാം ബൂത്തിലാണ് ബിജുവിന് വോട്ടൊന്നുമില്ലാത്തത്. രമ്യ ഹരിദാസിന് 32 വോട്ടാണ് ഈ ബൂത്തില്‍ ലഭിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കൃഷ്ണന്‍കുട്ടി കുനിശേരിക്ക് 2 വോട്ടാണ് ഈ ബൂത്തില്‍ നിന്ന് ലഭിച്ചത്. ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്താണ് നെല്ലിയാമ്പതി.

കോട്ടകളായ പാലക്കാടും ആലത്തൂരും കൈവിട്ടതിനെ കുറിച്ച് പഠിക്കുന്നതിന് വേണ്ടി പ്രത്യേക സമിതിയെ നിയോഗിക്കുവാന്‍ ഒരുങ്ങുകയാണ് സിപിഐഎം. ബ്രാഞ്ച്, ലോക്കല്‍, ഏരിയ കമ്മറ്റികള്‍ തരംതിരിച്ച് വിശദ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കും. ഓരോ ബൂത്തിലെയും വോട്ടില്‍ വന്ന കുറവ് പരിശോധിക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തിന്റെ നേതൃത്വത്തിലായിരിക്കും പ്രത്യേക സമിതി.

എംബി രാജേഷ് 25000-45000 വോട്ടുകള്‍ക്കും ആലത്തൂരില്‍ പികെ ബിജു 20000-30000 വോട്ടുകള്‍ക്കും ജയിക്കുമെന്നായിരുന്നു ഏരിയ കമ്മറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സിപിഐഎം കണക്കൂകൂട്ടിയിരുന്നത്. എന്നാല്‍ പാലക്കാടും ആലത്തൂരും എല്‍ഡിഎഫിനെ കൈവിടുകയായിരുന്നു.

We use cookies to give you the best possible experience. Learn more