|

അധികാരത്തിന്റെ നക്കാപ്പിച്ച കാണിച്ച് ഞങ്ങളെയിങ്ങനെ ക്ഷണിക്കേണ്ട; എല്‍.ഡി.എഫിനോട് പി.കെ ബഷീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുസ്‌ലീം ലീഗ് കോണ്‍ഗ്രസിനൊപ്പം യു.ഡി.എഫില്‍ തന്നെ തുടരുമെന്ന് പി.കെ ബഷീര്‍ എം.എല്‍.എ. നിയമസഭയില്‍ നന്ദിപ്രമേയ പ്രസംഗത്തിലായിരുന്നു ബഷീറിന്റെ പരാമര്‍ശം.

‘ലീഗ് 52 കൊല്ലമായി യു.ഡി.എഫിലാണ്.എന്തെങ്കിലും അധികാരത്തിന്റെ നക്കാപ്പിച്ച കിട്ടിയാല്‍ ഞങ്ങള്‍ അങ്ങോട്ട് വരുമെന്ന് കരുതേണ്ട. ഞങ്ങള്‍ ഇതില്‍ തന്നെയുണ്ടാകും. ഞങ്ങളെയിങ്ങനെ ക്ഷണിക്കേണ്ട,’ ബഷീര്‍ എല്‍.ഡി.എഫ് അംഗങ്ങളോടായി പറഞ്ഞു.

16 കക്ഷികള്‍ക്കൊപ്പം മത്സരിച്ചാണ് എല്‍.ഡി.എഫ് വീണ്ടും അധികാരത്തിലെത്തിയതെന്നും അത് വലിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ധര്‍മ്മം തങ്ങളെ ആരും പഠിപ്പിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സര്‍ക്കാരിന്റെ എല്ലാ നല്ല കാര്യങ്ങളേയും ഞങ്ങള്‍ പിന്തുണയ്ക്കും. എന്നുവെച്ച് അഴിമതി നടത്തുന്നതിന് കൂട്ടുനില്‍ക്കില്ല,’ ബഷീര്‍ പറഞ്ഞു. മന്ത്രിമാര്‍ വകുപ്പിനെക്കുറിച്ച് പഠിച്ചിട്ട് മതി ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

എ.എന്‍ ഷംസീറിനെ ഓര്‍ത്താണ് തനിക്ക് സങ്കടമെന്നും അദ്ദേഹം പറഞ്ഞു. ഏട്ടത്തിയെ നിര്‍ത്തി അനിയത്തിയെ കെട്ടിച്ചതുപോലെയാണ് ഷംസീറിനെ ഒഴിവാക്കി അദ്ദേഹത്തെക്കാള്‍ ജൂനിയറായ വ്യക്തിയെ മന്ത്രിയാക്കിയത്.

പാര്‍ട്ടി ക്ലാസുകളെടുക്കുന്ന എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഇതിനെക്കുറിച്ച് ഷംസീറിന് ഒന്ന് വിശദീകരിച്ചു കൊടുക്കണമെന്നും ബഷീര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: PK Basheer LDF UDF Muslim League Kerala Niyamasabha