| Tuesday, 8th October 2024, 2:14 pm

ഇവനാരാ ഈ 'എരപ്പന്‍'; നിയമസഭയില്‍ കെ.ടി. ജലീലിനെ അധിക്ഷേപിച്ച് പി.കെ. ബഷീര്‍ എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭയില്‍ തവനൂര്‍ എം.എല്‍.എ കെ.ടി. ജലീലിനെ അധിക്ഷേപിച്ച് പി.കെ. ബഷീര്‍ എം.എല്‍.എ. ഇവനാരാ ഈ എരപ്പന്‍ എന്നാണ് പി.കെ. ബഷീര്‍ കെ.ടി. ജലീലിനെ വിളിച്ചത്. മലപ്പുറം ജില്ല രൂപീകരണത്തെ കോണ്‍ഗ്രസും ജനസംഘവും ഒരുമിച്ച് എതിര്‍ത്തിരുന്നെന്നും അന്ന് സി.എച്ച് താനൂര്‍ കടപ്പുറത്ത് വെച്ച് നടത്തിയ പ്രസംഗവും സൂചിപ്പിക്കവെയായിരുന്നു ഇരുവരും തമ്മില്‍ കൊമ്പുകോര്‍ത്തത്.

സി.എച്ചിന്റെ എല്ലാ പ്രസംഗങ്ങളും ലേഖനങ്ങളും താന്‍ വായിച്ചിട്ടുണ്ടെന്നും സി.എച്ചിന്റെ മകനായ മുനീര്‍ ഇത് എതിര്‍ക്കുമോ എന്ന് കെ.ടി. ജലീല്‍ ചോദിച്ചു. ഈ സമയത്ത് ബഹളം വെച്ച പി.കെ. ബഷീര്‍ എം.എല്‍.എയെ ചൂണ്ടി പി.കെ. ബഷീര്‍ സി.എച്ചിന്റെ പ്രസംഗങ്ങള്‍ മാത്രമല്ല ഒന്നും വായിച്ചിട്ടുണ്ടാകില്ലെന്നും കെ.ടി. ജലീല്‍ പറഞ്ഞു. ഈ സമയത്താണ് പി.കെ. ബഷീര്‍ പ്രകോപിതനായിക്കൊണ്ട് ‘ പി.കെ. ബഷീര്‍ വായിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് ചോദിക്കാന്‍ ഇവനേതാ ഈ എരപ്പന്‍’ എന്ന് ചോദിച്ചത്.

നിയമസഭയില്‍ മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ നടക്കുന്ന അടിയന്തര പ്രമേയ ചര്‍ച്ചക്കിടെയാണ് സംഭവങ്ങള്‍. പിന്നീട് പാര്‍ലമെന്ററി കാര്യ മന്ത്രി എം.ബി. രാജേഷ് പി.കെ ബഷീര്‍ നടത്തിയ പരാമര്‍ശങ്ങള്‍ പരിശോധിക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു. കെ.ടി. ജലീലിന്റെ പ്രസംഗത്തെ തുടക്കം മുതല്‍ പ്രതിപക്ഷ അംഗങ്ങള്‍ തടസ്സപ്പെടുത്തിയിരുന്നു.

മലപ്പുറം ജില്ല രൂപീകരണത്തിന്റെ ഘട്ടത്തില്‍ ജനസംഘത്തോടൊപ്പം ചേര്‍ന്ന് കുട്ടിപ്പാക്കിസ്ഥാന്‍ രൂപീകരിക്കുകയാണോ എന്ന് കോണ്‍ഗ്രസ് ചോദിച്ചിരുന്നു എന്ന് കെ.ടി. ജലീല്‍ പ്രസംഗിച്ചപ്പോള്‍, പ്രതിപക്ഷ നേതാവ് തന്നെ അതിനെ എതിര്‍ത്തുകൊണ്ട് രംഗത്ത് വന്നു. ജലീലിന്റേത് ഗാന്ധി നിന്ദയാണെന്നും നെഹ്‌റു നിന്ദയാണെന്നും പറഞ്ഞു.

എന്നാല്‍ കെ.ടി. ജലീല്‍ വീണ്ടും ഈ പരാമര്‍ശം ആവര്‍ത്തിച്ചു. പ്രതിപക്ഷ നേതാവ് വീണ്ടും ഇതിനെതിരെ രംഗത്തെത്തിയപ്പോള്‍ കെ.ടി. ജലീലിന്റെ പരാമര്‍ശങ്ങള്‍ പരിശോധിക്കാമെന്ന് സ്പീക്കര്‍ ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്‌.

content highlights: PK basheer insult KT Jaleel in the assembly

We use cookies to give you the best possible experience. Learn more