| Tuesday, 12th June 2012, 9:46 am

'സാക്ഷി പറയാന്‍ പോയാല്‍ കയ്യുംകാലും വെട്ടിയെടുക്കും'; ബഷീര്‍ എം.എല്‍.എയുടെ ഭീഷണി പ്രസംഗം മുമ്പും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: കൊന്നതിന്റെ കണക്കുകള്‍ എണ്ണിയെണ്ണി പറഞ്ഞതാണ് ഇടുക്കി സി.പി.ഐ.എം മുന്‍ ജില്ലാ സെക്രട്ടറി എം.എം മണി കുടുങ്ങാന്‍ കാരണമായത്. ഇപ്പോഴിതാ ഒരു ജനപ്രതിനിധി കൊലവിളി നടത്തി കുടുങ്ങിയിരിക്കുകയാണ്. ഈ കൊലവിളിക്ക് പിന്നാലെ രണ്ട് സഹോദരന്‍മാര്‍ കൊലക്കത്തിക്ക് ഇരയാവുകയും ചെയ്തു.

മലപ്പുറത്ത് സഹോദരങ്ങള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുസ്‌ലീം ലീഗ് എം.എല്‍.എ പി.കെ ബഷീറിനെതിരെ കേസെടുത്തിരിക്കുകയാണ്. ഇവരുടെ കൊലയ്ക്ക് ആഹ്വാനം നല്‍കുന്ന വിധത്തില്‍ പരസ്യമായി പ്രസ്താവന നടത്തിയെന്നാണ് എം.എല്‍.എയ്‌ക്കെതിരെയുള്ള ആരോപണം.

എന്നാല്‍ പി.കെ ബഷീര്‍ ഇത്തരത്തില്‍ കൊലവിളി നടത്തുന്നത് ആദ്യമായല്ല. 2009ലും ഈ നേതാവിനെതിരെ സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പുറത്തിറങ്ങിയ വിവാദ പാഠപുസ്തകത്തിനെതിരെ യൂത്ത് ലീഗ് നടത്തിയ സമരത്തില്‍ മലപ്പുറത്ത് ഒരു അധ്യാപകന്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ ഏതാനും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കുടുങ്ങുകയും ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ആരെങ്കിലും സാക്ഷി പറയാന്‍ പോയാല്‍ കയ്യുംകാലും വെട്ടിയെടുക്കുമെന്നായിരുന്നു ബഷീറിന്റെ പ്രസംഗം.

” കേരളം മുഴുവന്‍ ഉറ്റുനോക്കിയിരുന്ന സംഭവം നടന്നത് കിരിശേരിയിലാണ്. ക്ലസ്റ്റര്‍ ഉപരോധത്തോടനുബന്ധിച്ച് നടന്ന സമരത്തില്‍ നമ്മുടെ നിര്‍ഭാഗ്യത്തിന് ഒരു മാസ്റ്റര്‍ മരണപ്പെട്ടു. ആ മരണം മുസ്‌ലീം ലീഗുകാര്‍ ചവിട്ടി കൊന്നതാണ് എന്ന തരത്തിലാണ് നാട് നീളെ ഗവണ്‍മെന്റും, സി.പി.ഐ.എമ്മും അവരുടെ പോഷക സംഘടനകളും അധ്യാപക സംഘടനകളും പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തൊട്ടാകെ എന്‍.ജി.ഒക്കാരുടെ പണിമുടക്കും നടന്നു. അതിന്റെ പേരില്‍ നിരപരാധികളായ നമ്മുടെ അഞ്ച് ആളുകളുടെ പേരില്‍ 302 പ്രകാരം കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തു. അതുപോലെ നമ്മുടെ പത്ത് ആളുകളെയും പിന്നീട് നാലാളുകളെയും അങ്ങനെ മൊത്തം പതിനാലാളുകളുടെ പേരില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുക്കുകയുണ്ടായി. നമ്മുടെ രണ്ടാളുകളെ സംഭവം നടന്ന ദിസവം രാത്രി പോലീസ് റെയ്ഡ് നടത്തി പിടിക്കുകയും പിന്നീട് മൂന്നാളെ നമ്മള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. അങ്ങനെ അഞ്ചാളുകള്‍ കൊലക്കേസില്‍ പ്രതിയാവുകയും ഒരുമാസം ജയിലില്‍ കിടക്കുകയും ചെയ്തു. ഇങ്ങനെയൊരു സംഭവം നടന്നുവെന്നത് എനിക്കും നിങ്ങള്‍ക്കും നന്നായി അറിയാം. അദ്ദേഹം മുമ്പ് അസുഖമുള്ളയാളായിരുന്നു. അങ്ങനെ അദ്ദേഹം മരണപ്പെട്ടു. ഞാന്‍ അഴീക്കോട് നിന്ന് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് ചെയ്യാത്ത സംഭവം കാണാത്ത സംഭവം അതിന് കമ്മ്യൂണിസ്റ്റ് കാരന്‍ സാക്ഷിപറയാന്‍ പോകരുതെന്ന്. ശങ്കരപണിക്കര്‍പോയാല്‍ കാലുവെട്ടുമെന്ന് പറഞ്ഞിട്ടുണ്ട് അത് ഞാനിപ്പോഴും ആവര്‍ത്തിക്കുകയാണ്.

കിരിശേരിയിലെ അഞ്ച് മുസ്‌ലീം ലീഗ് പ്രവര്‍ത്തകരാണ് 302 പ്രകാരം പെട്ടത്. ഇവിടെ ആലിന്‍ചോട്ടിലുള്ളൊരു കമ്മ്യൂണിസ്റ്റ് കാരനുണ്ട് ഒരു മാര്‍ക്‌സിസ്റ്റ് മെമ്പര്‍ക്ക് കുട്ട്യാളെ പേര് കൊടുക്കുന്നത്. വളരെ കരുതി നിന്നോളീ. ലിസ്റ്റ് കൊടുക്കുന്ന പൂതി ഇതില് കഴിയും. കാരണം പോലീസ് വന്ന് നായാട്ട് നടത്തി ഞങ്ങളെ കുട്ട്യാളെ എന്തെങ്കിലും ചെയ്താല്‍ ആദ്യം ഞങ്ങള് നിങ്ങളെയാണ് കൈകാര്യം ചെയ്യുക. അതുകഴിഞ്ഞിട്ടേ ബാക്കിയുള്ള കാര്യം ആലോചിക്കൂ. ”

“ഇനി മൂന്നാളെ തിരിച്ചറിയാന്‍ വേണ്ടി ഒരു വിജയന്‍ എന്നു പറഞ്ഞയാളുംകൂടി പേര് കൊടുത്തിട്ടുണ്ട്. ആ വിജയനും അധ്യാപകനാണ്. അധ്യാപകനോട് ഞാന്‍ പറയാം തിരിച്ച് നിങ്ങള് വീട്ടിലെത്തില്ലയെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ഏറനാട് നിയോജകമണ്ഡലം മുസ്‌ലീം ലീഗ് കമ്മിറ്റിയൊരു തീരുമാനമെടുത്തിട്ടുണ്ട്. ഇതിന്റെ പ്രസിഡന്റ് എന്നനിലക്ക് ഞാന്‍ പറയുന്നത് ഈ കേസ് കോടതിയില്‍ എന്നെങ്കിലും വരുകയാണെങ്കില്‍ ഇതിന് സാക്ഷിപറയാന്‍ ആരെങ്കിലും എത്തിയാല്‍ അവന്‍ ജീവനോടെ തിരിച്ചുപോകില്ലയെന്ന കാര്യം യാതൊരു സംശയവുമില്ല. നിങ്ങള് ചെയ്‌തോളീ ബാക്കി ഞാനേറ്റു നിങ്ങള് യാതോരു ബേജാറുമാവേണ്ട.

പോലീസ് കാരോട് ഒരു കാര്യം പറയാം. നിങ്ങള് രാത്രി രണ്ടരയ്ക്കും മൂന്നരയ്ക്കും വന്ന നടത്തുന്നൊരു റെയ്ഡുണ്ടല്ലോ ആ പരിപാടിയങ്ങ് നിര്‍ത്തിക്കോളണം. ഞങ്ങളുടെ സ്ത്രീകളും ഞങ്ങളുടെ കുട്ടികളും കൂടി നിങ്ങളെയങ്ങ് കൈകാര്യം ചെയ്യും. ”  ഇതായിരുന്നു ബഷീറിന്റെ ആദ്യകൊലവിളി.

ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തില്‍ മതമില്ലാത്ത ജീവന്‍ എന്ന അദ്ധ്യായം ചേര്‍ത്തതിനെതിരെയുള്ള സമരത്തിനിടയില്‍ കിരിശേരി ഗവ. സ്‌കൂളില്‍ നടന്ന ക്ലസ്റ്റര്‍ മീറ്റിംഗില്‍ പങ്കെടുക്കാന്‍ പോയ അധ്യാപകന്‍ ജയിംസ് അഗസ്റ്റിന്‍ കൊല്ലപ്പെട്ടിരുന്നു. മീറ്റിംഗ് നടന്നുകൊണ്ടിരിക്കെ ഒരുകൂട്ടം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ക്ലാസ് റൂമിലേക്ക് ഇരച്ചുകയറുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അധ്യാപകന്‍ കൊല്ലപ്പെടുകയുമായിരുന്നു.

അത്തീഖുറഹ്മാന്‍ വധക്കേസ് പ്രതികളായ കൊളക്കാടന്‍ അബൂബക്കര്‍ എന്ന കുഞ്ഞാപ്പു (48) സഹോദരന്‍ ആസാദ് (37) എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍  ഏറനാട് എം.എല്‍.എ പി.കെ. ബഷീറടക്കം 11 പേര്‍ക്കെതിരെ അരീക്കോട് പൊലീസ് കേസെടുത്തിട്ടുണ്ട്. അക്രമികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയ മൊഴിപ്രകാരമാണിത്. പാറമ്മല്‍ മണ്ണില്‍ത്തൊടി അഹമ്മദ്കുട്ടി, ഇര്‍ഷാദ്, സുഡാനി റഷീദ്, മുഖ്താര്‍, എന്‍.കെ.അഷ്‌റഫ്, പി.കെ. ബഷീര്‍ എം.എല്‍.എ എന്നിവരെ ഒന്നുമുതല്‍ ആറുവരെ പ്രതികളായും അജ്ഞാതരായ അഞ്ച് പേര്‍ക്കുമെതിരെയുമാണ് കേസ്.

We use cookies to give you the best possible experience. Learn more