'800 പേര്‍ക്കുണ്ടാക്കിയ സദ്യ 1300 പേരെ കഴിപ്പിക്കാമെന്നത് വിശ്വാസം, സ്പീക്കര്‍ക്കും ആ സദ്യ കിട്ടുമെന്നത് മിത്ത്'
തിരുവനന്തപുരം: നിയമസഭാ ജീവനക്കാര്‍ക്കായി സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഒരുക്കിയ ഓണസദ്യ പകുതിയോളം പേര്‍ക്ക് വിളമ്പിയപ്പോള്‍ തീര്‍ന്ന സംഭവത്തില്‍ പരിഹാസവുമായി മുസ്‌ലിം ലീഗ് നേതാവ് പി.കെ അബ്ദുറബ്ബ്. മിത്ത് വിവാദവുമായി ബന്ധപ്പെടുത്തിയാണ് സംഭവത്തെ പരിഹസിച്ച് അബ്ദുറബ്ബ് എത്തിയിരിക്കുന്നത്. നിയമസഭയിലെ ഓണസദ്യ എന്നത് ഒരു റിയാലിറ്റിയാണെന്നും 800 പേര്‍ക്കുണ്ടാക്കിയ സദ്യ 1300 പേരെ കഴിപ്പിക്കാമെന്നത് വിശ്വാസമാണെന്നും അബ്ദുറബ്ബ് പരിഹസിച്ചു.
‘നിയമസഭയിലെ ഓണസദ്യ എന്നത് ഒരു റിയാലിറ്റിയാണ്. 800 പേര്‍ക്കുണ്ടാക്കിയ സദ്യ 1300 പേരെ കഴിപ്പിക്കാം എന്നത് വിശ്വാസമാണ്. സ്പീക്കര്‍ക്കും ആ സദ്യ കിട്ടും എന്നത് മിത്താണ്,’ അബ്ദുറബ്ബ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് നിയമസഭയിലെ ജീവനക്കാര്‍ക്കായി സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഓണസദ്യ ഒരുക്കിയത്. 1300 പേര്‍ക്ക് സദ്യ തയ്യാറാക്കാനായിരുന്നു ഓര്‍ഡര്‍ നല്‍കിയിരുന്നത്. എന്നാല്‍ 800 പേര്‍ക്ക് വിളമ്പിയപ്പോഴേക്കും സദ്യ തീര്‍ന്നുപോകുകയായിരുന്നു. കാട്ടാക്കട മുതിയാവിളയിലെ കേറ്ററിങ്ങ് ഏജന്‍സിക്കായിരുന്നു സദ്യക്കുള്ള ഓര്‍ഡര്‍ നല്‍കിയിരുന്നത്. സദ്യ തീര്‍ന്നുപോയതിനെ തുടര്‍ന്ന് സ്പീക്കര്‍ക്കും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും ഭക്ഷണം ലഭിച്ചില്ല. അര മണിക്കൂറോളം കാത്തുനിന്നതിന് ശേഷം പായസം കഴിച്ചായിരുന്നു സ്പീക്കര്‍ മടങ്ങിയത്. ഓണ സദ്യ തികയാതെ വന്നതിനെ കുറിച്ച് പരിശോധിക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
400 പേര്‍ക്ക് ഇരിക്കാവുന്ന നിയമസഭാ കോംപ്ലക്‌സിലെ ഹാളിലായിരുന്നു സദ്യ വിളമ്പിയത്. ആദ്യത്തെ പന്തിയില്‍ ഇരുന്നവര്‍ക്കെല്ലാം ഭക്ഷണം ലഭിച്ചിരുന്നു. രണ്ടാമത്തെ പന്തി പിന്നിട്ടതോടെ സദ്യ തീരുകയായിരുന്നു. അപ്പോഴായിരുന്നു സ്പീക്കര്‍ ഭക്ഷണം കഴിക്കാനായി എത്തിയത്. തുടര്‍ന്ന് 20 മിനിട്ടോളം കാത്തുനിന്നിട്ടും സദ്യ കിട്ടാതെ വന്നതോടെ സ്പീക്കര്‍ മടങ്ങുകയായിരുന്നു.
Content Highlights: PK Abdurabb redicule AN shamseer