കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ മുസ്‌ലീം ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുതിര്‍ന്ന നേതാവുമായ പി.കെ അബ്ദുറബ്ബ്. നിയമനിര്‍മാണ സഭകളിലേക്ക് ജനം തെരഞ്ഞെടുത്ത് അയക്കുന്നത് അഞ്ചു വര്‍ഷത്തേക്ക് അവരുടെ ശബ്ദം അവിടെ മുഴങ്ങാനാണ് എന്നും യുദ്ധമുഖത്ത് നിന്ന് പിന്തിരിഞ്ഞോടുന്നവരെ കുറിച്ച് പ്രവാചകന്‍ വിശേഷിപ്പിച്ചത് മറക്കരുത് എന്നും അബ്ദുറബ്ബ് ഓര്‍മിപ്പിച്ചു.
‘പൊതു സമൂഹം കുറ്റാരോപിതരായി കാണുന്നവരെ അവര്‍ നിരപരാധിത്വം തെളിയിക്കുന്നതിനു മുന്നേ സംഘടനയുടെ അടിസ്ഥാന ഘടകങ്ങളുടെ അഭിപ്രായം പോലും മാനിക്കാതെ മണ്ഡലങ്ങളുടെ ശിരസ്സില്‍ കെട്ടി വെച്ചാല്‍ ഏതു മഹാനാണെങ്കിലും ജനം അതിന്റെ മറുപടി തന്നിരിക്കുമെന്നതും ഈ തെരഞ്ഞെടുപ്പു നമ്മെ ഉണര്‍ത്തുന്നു, ‘- അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി.
നേരത്തെ എം.എല്‍.എയായിരുന്ന കുഞ്ഞാലിക്കുട്ടി സ്ഥാനം രാജിവെച്ച് ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നു. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ എം.പി സ്ഥാനം രാജിവെക്കുകയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കേരളത്തില്‍ പതിവ് തെറ്റിച്ചുള്ള ഒരു തെരഞ്ഞെടുപ്പു ഫലം വന്നിരിക്കുമ്പോള്‍ നാം ആഴത്തില്‍ ആത്മ വിശകലനം നടത്തേണ്ടതിന്റെ ആവശ്യകത പൂര്‍വ്വാധികം ശക്തമായിരിക്കുന്നു.
ഈ പരാജയത്തില്‍ ഞാനടക്കമുള്ള നേതൃത്വത്തിന്റെ പങ്ക് നിഷേധിക്കുന്നതിനു പകരം ജനഹിതം തിരിച്ചറിഞ്ഞു വീഴ്ചകള്‍ തിരുത്തിയുള്ള മുന്നോട്ട് പോക്കാണ് ആവശ്യം.
തെരെഞ്ഞെടുപ്പുകളില്‍ ജയ പരാജയങ്ങള്‍ സ്വഭാവികമാണ്. ഇതിലും വലുതും ഭീകരവുമായ പരാജയങ്ങള്‍ ഇരു മുന്നണികള്‍ക്കും സംഭവിച്ചിട്ടുമുണ്ട്. അതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് പൂര്‍വ്വാധികം ശക്തിയില്‍ ഫീനിക്‌സ് പക്ഷിയെ പോലെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ഉയര്‍ത്തെഴുന്നേറ്റിട്ടുമുണ്ട്.ഇനിയും നാം അതിനു ശക്തരുമാണ്.
എങ്കിലും, അനുകൂല സാഹചര്യത്തിലും സ്വയം കൃതാനര്‍ത്ഥത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ഈ ഭീമന്‍ പരാജയം മുന്നണിയിലെ സര്‍വ്വ കക്ഷികളെയും, വിശിഷ്യ ലീഗിനെയും കോണ്‍ഗ്രസ്സിനെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതും തെറ്റു തിരുത്തി മുന്നോട്ട് പോകാനുള്ള ആര്‍ജ്ജവവും വിശാലതയും നേതൃത്വവും അണികളും കാണിക്കേണ്ടതും അനിവാര്യമാണ്.
മറിച്ച്, ഇനിയും പരിഹാസ്യമായ ന്യായീകരണങ്ങളുമായി ജനതയുടെ മുന്നില്‍ പ്രത്യക്ഷപ്പെടാനാണ് തീരുമാനമെങ്കില്‍ തഴുകിയ കൈകള്‍ തന്നെ തല്ലാനും മടിക്കില്ലെന്ന് മറക്കരുത്.
പ്രസ്ഥാനമാണ് പരമമെന്ന ബോധത്തില്‍ നിന്നു തുടങ്ങണം തെറ്റു തിരുത്തല്‍.
പൂര്‍വസൂരികള്‍ അവരുടെ ചിന്തയും വിയര്‍പ്പും രക്തവും നല്‍കി പതിറ്റാണ്ടുകളായി പടുത്തുയര്‍ത്തിയ പ്രസ്ഥാനം സ്വകാര്യ ലാഭങ്ങള്‍ക്കു വേണ്ടി തട്ടിക്കളിക്കാനുള്ളതല്ല എന്ന തിരിച്ചറിവുള്ള അണികള്‍ പ്രതികരിക്കും, രൂക്ഷമായി പ്രതിഷേധിക്കും.
അതിനെ ‘തന്നിഷ്ടം പൊന്നിഷ്ടം, ആരാന്റിഷ്ടം വിമ്മിഷ്ടം’ എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ അഭിമുഖീകരിക്കാന്‍ മുതിര്‍ന്നാല്‍ പ്രസ്ഥാനത്തിനെ തന്നേക്കാള്‍ സ്‌നേഹിക്കുന്ന അണികള്‍ കയ്യും കെട്ടി നോക്കി നില്‍ക്കുമെന്ന് കരുതുന്നവര്‍ ആരായാലും അവര്‍ മൂഢ സ്വര്‍ഗ്ഗത്തിലാണ് എന്നതാണ് സത്യം.
ജനാധിപത്യ ശ്രീകോവിലുകളിലേക്ക് ജനം അവരുടെ പ്രതിനിധികളെ തെരെഞ്ഞെടുക്കുന്നത് അഞ്ചു വര്‍ഷം അവരുടെ ശബ്ദം നിയമനിര്‍മ്മാണ സഭകളില്‍ മുഴങ്ങാനാണെന്നതാണ് യാഥാര്‍ഥ്യം. അതു മറക്കുന്നിടത്ത് മൂര്‍ദ്ധാവിനുള്ള അടിയുടെ ആഘാതം വീണ്ടും കൂടുന്നു.
യുദ്ധ മുഖത്തു നിന്നും പിന്തിരിഞ്ഞോടുന്നവരെ പ്രവാചകന്‍ തിരുമേനി(സ. അ )വിശേഷിപ്പിച്ചത് നാം ഇത്തരുണത്തില്‍ മറക്കരുത്.
ജനാധിപത്യത്തെയും മതേതരത്വത്തെയും മനസ്സിലാക്കിയിടത്തു നമ്മില്‍ പലര്‍ക്കും തെറ്റു പറ്റിയെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. ജനങ്ങളുടെ മേലുള്ള ആധിപത്യമല്ല ജനങ്ങളുടെ ആധിപത്യമാണ് ജനാധിപത്യം.
സ്വത്വത്തിലുറച്ച് അന്യന്റെ വിശ്വാസങ്ങളെ ബഹുമാനിക്കലാണ് യഥാര്‍ത്ഥ മതേതരത്വം എന്ന തിരിച്ചറിവ് ഏതൊരാള്‍ക്കും ഗുണം ചെയ്യും. അവനവന്റെ സ്വത്വം പണയം വെച്ച് അപരന്റെ വിശ്വാസ പ്രതീകങ്ങളെ പുല്‍കുന്ന കപട പ്രകടനം നടത്തിയാല്‍ മതേതരത്വം ആകുമെന്നും അതിലൂടെ തെരഞ്ഞെടുപ്പു കടമ്പ കടക്കാമെന്നും കരുതിയാല്‍ ഇനിയും തോല്‍വിയുടെ ശീവേലി ആയിരിക്കും ഫലം.
ഏറ്റവും അടിത്തട്ടിലുള്ള പ്രവര്‍ത്തകരാണ് പ്രസ്ഥാനത്തിന്റെ കരുത്ത്. അവരുടെ അഭിപ്രായം കേള്‍ക്കാനും വിമര്‍ശനങ്ങള്‍ ഉള്‍കൊള്ളാനും അതിനനുസരിച്ചു കാര്യങ്ങള്‍ നയിക്കാനും ഉള്ള മനസ്സാണ് ഞാനടക്കമുള്ള നേതൃത്വത്തിന് വേണ്ടത്. അല്ലാതെ പ്രസ്ഥാന സ്‌നേഹത്താല്‍ അഭിപ്രായം പറയുന്നവനെയും തെറ്റ് ചൂണ്ടി കാട്ടുന്നവരെയും പ്രതിഷേധിക്കുന്നവരെയും ശത്രുവായി കാണാനും ഇല്ലായ്മ ചെയ്യാനും ഉള്ള ത്വര പ്രസ്ഥാനത്തെ ക്ഷയിപ്പിക്കുമെന്നതില്‍ രണ്ടഭിപ്രായമില്ല.
പൊതു സമൂഹം കുറ്റാരോപിതരായി കാണുന്നവരെ അവര്‍ നിരപരാധിത്വം തെളിയിക്കുന്നതിനു മുന്നേ സംഘടനയുടെ അടിസ്ഥാന ഘടകങ്ങളുടെ അഭിപ്രായം പോലും മാനിക്കാതെ മണ്ഡലങ്ങളുടെ ശിരസ്സില്‍ കെട്ടി വെച്ചാല്‍ ഏതു മഹാനാണെങ്കിലും ജനം അതിന്റെ മറുപടി തന്നിരിക്കുമെന്നതും ഈ തെരഞ്ഞെടുപ്പു നമ്മെ ഉണര്‍ത്തുന്നു. മണ്ഡലം അറിയാത്തവരെയും മണ്ഡലത്തിലുള്ളവര്‍ക്ക് അറിയാത്തവരെയും സാധാരണ ജനം തിരസ്‌കരിക്കുമെന്നതും ഓര്‍ക്കേണ്ടതായിരുന്നു.
പൂര്‍വ്വികര്‍ നമ്മെ ഏല്‍പ്പിച്ച ഈ പ്രസ്ഥാനത്തെ കേടുപാടുകള്‍ കൂടാതെ പൂര്‍വാധികം ശോഭയോടെ അടുത്ത തലമുറയ്ക്ക് കൈമാറലാണ് നമ്മുടെ ദൗത്യം. അതിനായി തെറ്റുകള്‍ മനസ്സിലാക്കി സ്വയം തിരുത്തുക. അതിനു തയ്യാറല്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തിരുത്തിക്കുക. രണ്ടും സാധ്യമല്ലെങ്കില്‍ സ്വയം മാറി നില്‍ക്കാനുള്ള ദയയെങ്കിലും നമ്മളെ നമ്മളാക്കിയ ഈ പ്രസ്ഥാനത്തോട് കാണിക്കുക…
ഈ പരാജയത്തിന്റെ ഉത്തരവാദികള്‍ ഞാനടക്കമുള്ള നേതൃത്വം ആണെന്നതും ഞഞ്ഞാപിഞ്ഞാ കാരണങ്ങള്‍ പറയാതെ അത് ഉള്‍കൊള്ളാനുള്ള ചങ്കുറപ്പ് നാം കാണിക്കേണ്ടതാണെന്നും ഒന്നു കൂടെ ഓര്‍മ്മിപ്പിക്കുന്നു.
ലോക നിയന്താവായ പടച്ചവന്‍ നന്മകള്‍ ചൊരിയട്ടെ…
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക