| Thursday, 29th June 2023, 7:15 pm

ലീഗുമായി ഒന്നിച്ചുപോകാന്‍ ആഗ്രഹമുണ്ടെന്ന് കാന്തപുരം; സ്വാഗതം ചെയ്ത് പി.കെ. അബ്ദുറബ്ബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാന്തപുരം: മുസ്‌ലിം ലീഗുമായി ഒന്നിച്ചുപോകാന്‍ ആഗ്രഹമുണ്ടെന്ന കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ നിലപാടിനെ സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗ് നേതാവ് പി.കെ. അബ്ദുറബ്ബ്. സമുദായ ഐക്യത്തിന് കരുത്തും ഊര്‍ജ്ജവും നല്‍കുന്ന കാന്തപുരത്തിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു.

സമുദായത്തിനകത്തും, സമുദായങ്ങള്‍ തമ്മിലും വിള്ളലുകള്‍ വീഴാതെ കാത്തു സൂക്ഷിക്കേണ്ട ബാധ്യത മത പണ്ഡിതന്മാര്‍ക്കുണ്ട്. കാന്തപുരം ആ കടമ നിറവേറ്റിയിരിക്കുന്നു. സമുദായ ഐക്യത്തിന് കരുത്തും, ഊര്‍ജ്ജവും നല്‍കുന്ന കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരുടെ നിലപാടിനെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെയെന്നും പി.കെ. അബ്ദുറബ് ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ, മുസ്‌ലിം ലീഗും കാന്തപുരം വിഭാഗവും തമ്മില്‍ ഐക്യമുണ്ടാകണമെന്നാണ് തന്റെ അഭിലാഷമെന്ന് കാന്തപുരം മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ലീഗ് അധ്യക്ഷനായി പാണക്കാട് സാദിഖലി തങ്ങള്‍ ചുമതലയേറ്റയുടനെ ലീഗ് സംഘടിപ്പിച്ച സുഹൃദ് സംഗമത്തില്‍ കാന്തപുരം പങ്കെടുത്തിരുന്നു.

സമസ്ത ഇരുവിഭാഗവും ഒന്നിച്ചുപോകണം എന്നത് തന്റെ ജീവിതാഭിലാഷമാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങളുമായി സംസാരിക്കാറുണ്ടെന്നും കാന്തപുരം അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ‘എനിക്ക് അസുഖം ബാധിച്ചപ്പോള്‍ സാദിഖലി ശിഹാബ് തങ്ങളും പാണക്കാട്ടുള്ളവരും കുഞ്ഞാലിക്കുട്ടിയുമെല്ലാം എന്നെ കാണാന്‍ വന്നു.

ഇവിടെ എപ്പോഴും മുസ്‌ലിം സംഘടനകളും രാഷ്ട്രീയക്കാരും അല്ലാത്തവരും യോജിച്ച് പോയാല്‍ മാത്രമെ നമ്മുടെ രാജ്യത്തിന് പുരോഗതി ഉണ്ടാവുകയുള്ളൂ. അത് ചിന്തിക്കാത്ത ചില ആളുകള്‍ ഇപ്പോഴും ബാക്കിയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അതില്ലാതാകണമെന്നാണ് ഞങ്ങളുടെ അഭിപ്രായം

മതവിദ്വേഷം വെച്ച് തമ്മിലടിക്കുന്നത് രാജ്യത്തിന് ഗുണകരമാകില്ല. അതൊരു രാഷ്ട്രീയ പാര്‍ട്ടിക്കും മുസ്‌ലിംകള്‍ക്കും ഗുണമുണ്ടാക്കില്ല. ഈ സംഘട്ടനം ഒഴിവാക്കാന്‍ എല്ലാ മതക്കാരും ശ്രമിക്കേണ്ടതാണെന്ന് അഭ്യര്‍ത്ഥിക്കുന്നു,’ കാന്തപുരം പറഞ്ഞു.

Content Highlights: pk abdu rabb welcomes the statement of kanthapuram ap aboobaker musliar

We use cookies to give you the best possible experience. Learn more