കോഴിക്കോട്: സൈന്യത്തിലേക്കുള്ള നിയമനം കരാര്‍വത്കരിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെ പ്രതികരണവുമായി മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ പി.കെ. അബ്ദുറബ്ബ്. അഗ്നിപഥിനെതിരെയുള്ള പ്രതിഷേധം ഫാസിസ്റ്റ് സിംഹാസനങ്ങളുടെ അടിക്കല്ലിളക്കട്ടെയെന്ന് അബ്ദുറബ്ബ് പറഞ്ഞു. ഫേസ്ബുക്ക് പേസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ആര്‍.എസ്.എസില്‍ നിന്നും ഇന്ത്യന്‍ സേനയിലേക്കുള്ള ദൂരം കുറയുമ്പോള്‍ ഇന്ത്യാ മഹാരാജ്യത്തെ സ്‌നേഹിക്കുന്ന എല്ലാ വിഭാഗം ജനങ്ങളെയും അതു ഭയപ്പെടുത്തുന്നുണ്ട്.
മതത്തിന്റെയും, ജാതിയുടെയും പേരില്‍ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുകയും, വംശീയമായ ഉന്മൂലനങ്ങള്‍ക്ക് പദ്ധതിയിടുകയും ചെയ്യുന്ന സംഘപരിവാരങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യം പരിശീലനം നല്‍കുന്ന ഭയാനകമായ
ഒരു സ്ഥിതിവിശേഷമാണ് രാജ്യത്ത് സംജാതമാവാന്‍പോവുന്നത്.
സംഘപരിവാരത്തിനും ഇന്ത്യന്‍ സൈന്യത്തിനുമിടയിലെ ട്രയിനിങ് സെന്ററായി അഗ്നിപഥ് മാറും.
അഗ്നിപഥിനെതിരെ രാജ്യത്തുടനീളം ഉയരുന്ന പ്രതിഷേധാഗ്‌നി അനുദിനം ഇരുളിലേക്ക് മറയുന്ന മഹാരാജ്യത്തിന് വെളിച്ചമാവട്ടെ. ഫാസിസ്റ്റ് സിംഹാസനങ്ങളുടെ അടിക്കല്ലിളകട്ടെ,’ എന്നാണ് അബ്ദുറബ്ബ് എഴുതിയത്.
അതേമസയം, ഉത്തര്‍പ്രദേശ്, ബിഹാര്‍, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ട്രെയിനുകള്‍ക്ക് അഗ്നിപഥിനെതിരെയുള്ള പ്രതിഷേധക്കാര്‍ തീയിട്ടു. രാജ്യത്തെ മുന്നൂറിലധികം തീവണ്ടി സര്‍വീസുകളെ ബാധിച്ചിട്ടുണ്ട് പ്രതിഷേധം.
പലയിടത്തും പൊലീസിന് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കേണ്ടിവന്നു. ബിഹാറില്‍ ശനിയാഴ്ച വിദ്യാര്‍ഥി സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 12 ജില്ലകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഞായറാഴ്ച വരെ വിച്ഛേദിച്ചിട്ടുണ്ട്. 316 ട്രെയിനുകളാണ് രാജ്യവ്യാപകമായി റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തത്.