| Wednesday, 9th November 2022, 7:55 pm

ആര്‍.എസ്.എസിനെ സംരക്ഷിക്കേണ്ട ബാധ്യത ആര്‍ക്കാണ്? ഓട്ടോറിക്ഷയിടിച്ചല്ല മഹാത്മാവ് പിടഞ്ഞുവീണത്: അബ്ദുറബ്ബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: കണ്ണൂരില്‍ ആര്‍.എസ്.എസ് ശാഖ സംരക്ഷിക്കാന്‍ താന്‍ ആളെ അയച്ചുവെന്ന കെ. സുധാകരന്റെ പ്രസ്താവനയില്‍ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി.കെ. അബ്ദുറബ്ബ്.

ആര്‍.എസ്.എസ് എപ്പോഴെങ്കിലും മറ്റുള്ളവരുടെ മൗലികാവകാശങ്ങള്‍ക്ക് വില കല്‍പ്പിച്ചിട്ടുണ്ടോ? എന്ന് പി.കെ. അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു. ‘മഹാത്മാവേ, മാപ്പ്’ എന്ന അടിക്കുറിപ്പുള്ള, മഹാത്മാ ഗാന്ധി വെടിയേറ്റ് കിടക്കുന്ന ചിത്രത്തോടൊപ്പമാണ് അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് കുറിപ്പ്.

‘മത ന്യൂനപക്ഷങ്ങള്‍ക്കും,
മര്‍ദ്ദിത പീഡിത വിഭാഗങ്ങള്‍ക്കും
ജീവിക്കാനും, വിശ്വസിക്കാനും,
ആരാധിക്കാനും,
പ്രബോധനം ചെയ്യാനും
ഇഷ്ടഭക്ഷണം കഴിക്കാനും വരെ
ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുകയും, അവരെ
ഉന്‍മൂലനം ചെയ്യാന്‍
പദ്ധതിയിടുകയും ചെയ്യുന്ന
ആര്‍.എസ്.എസിനെ സംരക്ഷിക്കേണ്ട
ബാധ്യത ആര്‍ക്കാണ്,’ എന്നും അബ്ദുറബ്ബ് ചോദിച്ചു.

‘ഹേ റാം’ എന്നുച്ചരിച്ച് മഹാത്മാവ് പിടഞ്ഞുവീണത് ഓട്ടോറിക്ഷയിടിച്ചല്ലെന്നും ആര്‍.എസ്.എസുകാരന്‍ വെടിയുതിര്‍ത്തിട്ടാണെന്നും അതെങ്കിലും മറക്കാതിരുന്നുകൂടെയെന്നും അബ്ദുറബ്ബ് ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആര്‍.എസ്.എസുമായി ബന്ധപ്പെട്ട കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. സുധാകരന്റെ പ്രസ്താവനയില്‍ അത്ഭുതമില്ലെന്നാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞത്. കണ്ണൂരില്‍ ആര്‍.എസ്.എസും കോണ്‍ഗ്രസും തമ്മില്‍ പരസ്പര സഹകരണമാണെന്നും എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കെ.എസ്.യു പ്രവര്‍ത്തകനായിരിക്കെ ആര്‍.എസ്.എസ് ശാഖകള്‍ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ടെന്നാണ് കെ. സുധാകരന്‍ പറഞ്ഞത്. ആര്‍.എസ്.എസുകാര്‍ ആരംഭിച്ച ശാഖകളെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ അടിച്ചുപൊളിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആളെയയച്ച് സംരക്ഷിച്ചിട്ടുണ്ടെന്നാണ് സുധാകരന്റെ പരാമര്‍ശം. കണ്ണൂരില്‍ എം.വി.ആര്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു വിവാദ പരാമര്‍ശം.

അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ആര്‍.എസ്.എസിന്റെ മൗലികാവകാശങ്ങള്‍ക്കു
വേണ്ടി ശബ്ദിക്കാന്‍,
ആര്‍.എസ്.എസിന്റെ ശാഖകള്‍ക്കു സംരക്ഷണം
നല്‍കാന്‍..
ആര്‍.എസ്.എസ് എപ്പോഴെങ്കിലും മറ്റുള്ളവരുടെ മൗലികാവകാശങ്ങള്‍ക്കു
വില കല്‍പ്പിച്ചിട്ടുണ്ടോ..!
മത ന്യൂനപക്ഷങ്ങള്‍ക്കും,
മര്‍ദ്ദിത പീഢിത വിഭാഗങ്ങള്‍ക്കും
ജീവിക്കാനും, വിശ്വസിക്കാനും,
ആരാധിക്കാനും,
പ്രബോധനം ചെയ്യാനും
ഇഷ്ടഭക്ഷണം കഴിക്കാനും വരെ
ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുകയും, അവരെ
ഉന്‍മൂലനം ചെയ്യാന്‍
പദ്ധതിയിടുകയും ചെയ്യുന്ന
ആര്‍.എസ്.എസിനെ സംരക്ഷിക്കേണ്ട
ബാധ്യത ആര്‍ക്കാണ്.
ആര്‍.എസ്.എസ് അന്നും, ഇന്നും ആര്‍.എസ്.എസ്
തന്നെയാണ്.
‘ഹേ റാം’ എന്നുച്ചരിച്ച് മഹാത്മാവ്
പിടഞ്ഞു വീണത് ഓട്ടോറിക്ഷയിടിച്ചല്ല.
ആര്‍.എസ്.എസുകാരന്‍ വെടിയുതിര്‍ത്തിട്ടാണ്.
അതെങ്കിലും മറക്കാതിരുന്നു കൂടെ.

Content Highlight: PK Abdu Rabb’s Reaction on K Sudharan’s Statement about RSS

We use cookies to give you the best possible experience. Learn more