കോഴിക്കോട്: ലീഗിന് നേരെ മാധ്യമശ്രദ്ധ തിരിച്ചുവിടുന്നത് സര്‍ക്കാരാണെന്ന് മുന്‍ മന്ത്രി പി.കെ. അബ്ദുറബ്ബ്. ഹരിതയിലെയും എം.എസ്.എഫിലെയും ലീഗിലെയും പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ലീഗിനറിയാമെന്നും അബ്ദുറബ്ബ് പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു അബ്ദുറബ്ബിന്റെ പ്രതികരണം. ലീഗിന് നേരെ മാധ്യമശ്രദ്ധ തിരിച്ചുവിടുന്നത് സര്‍ക്കാരാണെന്നും അബ്ദുറബ്ബ് പറഞ്ഞു.
ലീഗിനു നേരെ മാധ്യമശ്രദ്ധ തിരിച്ചുവിട്ടാല്‍ കുഴല്‍പ്പണക്കടത്തും, സ്വര്‍ണക്കടത്തും, ഡോളര്‍ കടത്തും, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പും, മരം മുറിയും, കൊവിഡ് നിയന്ത്രണം കൈവിട്ടു പോയതും, എ.എം. ആരിഫ് എം.പി ഉന്നയിച്ച അരൂരിലെ ദേശീയപാത അഴിമതിയും, ഓണക്കിറ്റിലേക്ക് ഏലയ്ക്കാ വാങ്ങിയതില്‍ കയ്യിട്ട് വാരിയതും, എന്തിനേറെ പ്ലസ് വണ്‍ പ്രവേശനത്തിലെ കമ്മ്യൂണിറ്റി ക്വാട്ട വെട്ടിച്ചുരുക്കിയതുമടക്കം എല്ലാത്തില്‍ നിന്നും രക്ഷപ്പെടാമെന്നാണോ സര്‍ക്കാര്‍ കരുതുന്നതെന്നും അബ്ദുറബ്ബ് ചോദിച്ചു.
ചെമ്പിനില്ലാത്ത ചൂടൊന്നും ഒരു മൂടിക്കും വേണ്ടെന്നും അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം എം.എസ്.എഫ് നേതാക്കളുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതികരിച്ചതുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ ക്രൂരമായ വ്യക്തിഹത്യയ്ക്ക് ഹരിത നേതാക്കള്‍ ഇരയാകുന്നുവെന്ന് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ പറഞ്ഞു. തങ്ങളുന്നയിച്ച വിഷയങ്ങളില്‍ മാതൃകാപരമായ നടപടി ലീഗ് നേതൃത്വം സ്വീകരിക്കുമെന്നുറപ്പുണ്ടെന്നും തഹ്ലിയ പറഞ്ഞു.
ഹരിതയെ മരവിപ്പിച്ച നടപടി പ്രയാസമുണ്ടാക്കിയെന്നും തഹ്ലിയ പറഞ്ഞു. എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ച പത്ത് പേരും സംസ്ഥാന ഭാരവാഹികളാണെന്നും തഹ്ലിയ പറഞ്ഞു. ഹരിതയ്ക്ക് പിന്തുണയര്‍പ്പിച്ച് എം.എസ്.എഫിന്റെ 12 ജില്ലാ കമ്മിറ്റികള്‍ രംഗത്ത് വന്നിട്ടുണ്ട്.
സ്ത്രീത്വത്തെ അപമാനിച്ച സംസ്ഥാന നേതൃത്വത്തിനെതിരെ നടപടി വേണമെന്ന് ജില്ലാ കമ്മിറ്റികള്‍ ലീഗ് നേതൃത്വത്തിന് കത്ത് നല്‍കി. ലീഗിന്റെ നടപടിയ്‌ക്കെതിരെ പാര്‍ട്ടിക്കുള്ളിലും എം.എസ്.എഫിലും പ്രതിഷേധം ശക്തമാണ്.
ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ലൈംഗികാധിക്ഷേപം നടത്തിയെന്നാണ് ഹരിത നേതാക്കളുടെ പരാതി. എന്നാല്‍ പാര്‍ട്ടിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയം സംഘടനയുടെ പുറത്തേക്ക് കൊണ്ടുപോയത് അച്ചടക്കലംഘനമാണ് എന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
പി.കെ. അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പൂര്‍ണരൂപം,
ഹരിതയിലെയും, എം.എസ്.എഫിലെയും ലീഗിലെയും പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ലീഗിനറിയാം. ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് ലീഗിന് മരുന്നെഴുതുന്ന ചാനല്‍ ജീവികളുടെയും, ദിവസവും മൂന്നു വീതം ലീഗ് വിരുദ്ധ പോസ്റ്റിടുന്ന മേസ്തിരിക്കൊച്ചാപ്പമാരുടെയും, സൗജന്യ ഉപദേശങ്ങളൊന്നും ലീഗ് പാര്‍ട്ടിക്കു വേണ്ട.
ലീഗിനു നേരെ മാധ്യമശ്രദ്ധ തിരിച്ചുവിട്ടാല്‍ കുഴല്‍പ്പണക്കടത്തും, സ്വര്‍ണക്കടത്തും, ഡോളര്‍ കടത്തും, കരുവന്നൂര്‍ ബേങ്ക് തട്ടിപ്പും, മരം മുറിയും, കൊവിഡ് നിയന്ത്രണം കൈവിട്ടു പോയതും, എ.എം. ആരിഫ് എം.പി ഉന്നയിച്ച അരൂരിലെ ദേശീയപാത അഴിമതിയും, ഓണക്കിറ്റിലേക്ക് ഏലയ്ക്കാ വാങ്ങിയതില്‍ കയ്യിട്ട് വാരിയതും, എന്തിനേറെ പ്ലസ് വണ്‍ പ്രവേശനത്തിലെ കമ്മ്യൂണിറ്റി ക്വാട്ട വെട്ടിച്ചുരുക്കിയതുമടക്കം എല്ലാത്തില്‍ നിന്നും രക്ഷപ്പെടാമെന്നാണോ സര്‍ക്കാര്‍ കരുതുന്നത്.
ലീഗിനെതിരെ വാര്‍ത്തകള്‍ പടച്ചുണ്ടാക്കി എത്ര എരിവും മസാലയും ചേര്‍ത്താലും കേരളമിതൊന്നും മറക്കില്ല സഖാക്കളേ..
‘ലീഗിതാ തീര്‍ന്ന്’ എന്നും കരുതി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന എല്ലാവരോടുമാണ്.
ചെമ്പിനില്ലാത്ത ചൂടൊന്നും ഒരു മൂടിക്കും വേണ്ട.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
PK Abdu Rabb league know how to solve the problems of the league