| Tuesday, 21st September 2021, 5:05 pm

പാലാ ബിഷപ്പിന് ഹാലിളകിയെന്നു കരുതി എല്ലാ ക്രിസ്തീയ പുരോഹിതരെയും അങ്ങനെ കാണരുത്: പി.കെ. അബ്ദുറബ്ബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന്മേല്‍ വിവാദത്തിലായ പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുസ്‌ലിം ലീഗ് നേതാവ് പി.കെ. അബ്ദുറബ്ബ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അബ്ദുറബ്ബിന്റെ പ്രതികരണം.

പാലാ ബിഷപ്പിന് ഹാലിളകിയതാണെന്നും എല്ലാ ക്രിസ്തീയ പുരോഹിതന്മാരും അങ്ങനെയല്ലെന്നും പറഞ്ഞ അബ്ദുറബ്ബ്, ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തെ എതിര്‍ക്കുന്നവരായ ഒരുപാട് പുരോഹിതന്‍മാരും സഭാപിതാക്കളും ഈ നാട്ടിലുണ്ടെന്നും തന്റെ പോസ്റ്റില്‍ പറയുന്നു.

പാല ബിഷപ്പിന്റെ പ്രസ്താവനയുടെ പേരില്‍ ക്രിസ്തീയ സമുദായം തെറ്റിദ്ധരിക്കപ്പെടാതിരിക്കാന്‍
കര്‍ദ്ദിനാള്‍ മാര്‍ ബസേലിയസ് ബാവ വിളിച്ചു ചേര്‍ത്ത സമുദായ നേതാക്കളുടെ യോഗത്തെ അബ്ദുറബ്ബ് തന്റെ പോസ്റ്റില്‍ എടുത്തുപറഞ്ഞ് പ്രശംസിക്കുന്നുമുണ്ട്.

”പാലാ ബിഷപ്പിന്റെ വിഷലിപ്തമായ ഒരു പ്രസ്താവനയുടെ പേരില്‍ സ്വസമുദായം തെറ്റിദ്ധരിക്കപ്പെടരുതെന്ന ഉത്തമബോധ്യത്തോടെ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയസ് ബാവ വിളിച്ചു ചേര്‍ത്ത സമുദായ നേതാക്കളുടെ യോഗം എന്തുകൊണ്ടും പ്രശംസനീയമാണ്,” അബ്ദുറബ്ബ് പറഞ്ഞു.

കേരളത്തില്‍ ക്രിസ്ത്യന്‍ യുവാക്കള്‍ക്കെതിരെ ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക്സ് ജിഹാദും നടക്കുന്നുവെന്നും ചെറിയ പ്രായത്തില്‍ തന്നെ മറ്റു മതത്തിലെ കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് നാര്‍കോട്ടിക്സ് ജിഹാദ് നടക്കുന്നതെന്നുമായിരുന്നു ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന.


വിഷയം വിവാദമായതിന് പിന്നാലെ ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് കെ.സി.ബി.സിയും പാല രൂപതയും കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള ദീപിക ദിനപ്പത്രവും രംഗത്തുവന്നിരുന്നു.

കേരളസമൂഹം നേരിടുന്ന കടുത്ത വെല്ലുവിളികള്‍ തുറന്നുപറയുന്നത് ഏതെങ്കിലും സമുദായത്തിനെതിരായ ആരോപണമല്ല. അത്തരം തുറന്നുപറച്ചിലുകള്‍ വര്‍ഗീയ ലക്ഷ്യത്തോടെയാണെന്ന് മുന്‍വിധി ആശാസ്യമല്ല. പകരം, ഇത്തരം അപചയങ്ങള്‍ പരിഹരിച്ച് സാമൂഹിക മൈത്രി നിലനിര്‍ത്താനുള്ള ചുമതല സമുദായ നേതൃത്വങ്ങള്‍ ഏറ്റെടുക്കണമെന്നായിരുന്നു കെ.സി.ബി.സിയുടെ പ്രസ്താവന.

എന്നാല്‍ പാല ബിഷപ്പിന്റെ പ്രസ്താവന തള്ളി കല്ദായ സുറിയാനി സഭാധ്യക്ഷന്‍ ബിഷപ് മാര്‍ അപ്രേം, മലങ്കര യാക്കോബായ സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തുടങ്ങിയവര്‍ രംഗത്ത് എത്തിയിരുന്നു.

നാര്‍ക്കോട്ടിക് ജിഹാദ് ആരോപണം ഉന്നയിച്ച പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സിറോ മലബാര്‍ സഭ മുന്‍ വക്താവ് പോള്‍ തേലക്കാട്ടും രംഗത്തെത്തിയിരുന്നു. നാര്‍ക്കോട്ടിക്‌സ് ജിഹാദ് പരാമര്‍ശം സംഘപരിവാര്‍ അജണ്ടയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: PK Abdu Rabb against Pala Bishop

We use cookies to give you the best possible experience. Learn more