| Friday, 8th June 2018, 11:39 am

നിശ്ചയിച്ചുറപ്പിച്ച തിരക്കഥ: ഉമ്മന്‍ ചാണ്ടി സൂത്രധാരന്‍; പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ എടുത്ത തീരുമാനമെന്ന് പി.ജെ കുര്യന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പി.ജെ കുര്യന്‍. സീറ്റ് കൈമാറ്റം ഉമ്മന്‍ ചാണ്ടിയുടെ ബുദ്ധിയിലുദിച്ച ആശയമാണെന്ന് പി.ജെ. കുര്യന്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് ചില വ്യക്തിതാത്പര്യം ഉണ്ട്. ഇത് പാര്‍ട്ടി തീരുമാനമല്ല. പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്യാതെ എടുത്ത തീരുമാനമാണ് ഹൈക്കമാന്‍ഡിനെ
തെറ്റിദ്ധരിപ്പിക്കുകയായിരുന്നു അദ്ദേഹം.

യുവനേതാക്കന്‍മാരുടെ വിമര്‍ശനം ഉമ്മന്‍ ചാണ്ടി അറിയാതെയല്ല. അപ്പോള്‍ ഇവര്‍ ഇതെല്ലാം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചതാണ്. ജോസ് കെ മാണി രാജ്യസഭാ സീറ്റ് പ്രതീക്ഷിച്ചിരുന്നില്ലെന്നും പി.ജെ കുര്യന്‍ പറഞ്ഞു.


Dont Miss ഇന്ത്യയെ ഒരു തീവ്രവാദരാഷ്ട്രമായി ചിത്രീകരിക്കുന്നു; പ്രിയങ്ക ചോപ്രക്കെതിരെ ഇന്ത്യന്‍ ആരാധകരുടെ പ്രതിഷേധം


കേരള കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ കോണ്‍ഗ്രസില്‍ കലാപം രൂക്ഷമാവുകയാണ്. കോണ്‍ഗ്രസിന്റെ ആത്മാഭിമാനം ലീഗിനും മാണിക്കും കീഴില്‍ അടിയറവ് വെച്ചുവെന്ന് ആരോപിച്ച് ഇന്നലെ മുതല്‍ തന്നെ പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധം ഉയര്‍ന്ന് വന്നിരുന്നു. പലയിടങ്ങളിലും പ്രതിഷേധ പ്രകടനവും നേതാക്കളുടെ കോലം കത്തിക്കല്‍ അടക്കമുള്ളവയും നടന്നിരുന്നു.

ആലപ്പുഴയില്‍ ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യം അര്‍പ്പിച്ച് സ്ഥാപിച്ച ഫ്‌ളെക്‌സ് ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ചാണ് ചിലര്‍ പ്രതിഷേധിച്ചത്. ഇന്ന് പുലര്‍ച്ചയോടെയാണ് ഇക്കാര്യം പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെട്ടത്. ഇതുകൂടാതെ മലപ്പുറത്തെ ഡി.സി.സി ഓഫീസിലെ കൊടിമരത്തില്‍ ലീഗിന്റെ കൊടി ഉയര്‍ത്തിക്കെട്ടുകയും ചെയ്തിരുന്നു.

ഇതിനിടെ ലീഗിനും മാണിക്കും വഴങ്ങിക്കൊടുത്ത കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെതിരെ കോണ്‍ഗ്രസ് നേതാക്കളടക്കം പരസ്യമായി രംഗത്തെത്തിത്തുടങ്ങി.

സീറ്റ് സംബന്ധിച്ച് പാര്‍ട്ടിയില്‍ പൊട്ടിത്തെറി കൂടുതല്‍ രൂക്ഷമാവുന്നതിനിടെ ഇന്ന് നടക്കുന്ന യു.ഡി.എഫ് യോഗം പല നേതാക്കളും ബഹിഷ്‌ക്കരിക്കുമെന്നുള്ള വിവരവും ലഭിക്കുന്നുണ്ട്. ജോണി നെല്ലൂര്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല എന്നാണ് അറിയുന്നത്.

We use cookies to give you the best possible experience. Learn more