| Thursday, 18th April 2019, 9:15 pm

വ്യക്തമായി കേള്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് പ്രസംഗം പരിഭാഷപ്പെടുത്തുന്നതില്‍ പിഴവ് പറ്റിയത്; വിശദ്ധീകരണവുമായി പി.ജെ കുര്യന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പത്തനംതിട്ടയിലെ പ്രസംഗം പരിഭാഷപ്പെടുത്തുന്നതില്‍ ഉണ്ടായ പിഴവ്, പ്രസംഗം വ്യക്തമായി കേള്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്‍.

പരിഭാഷയിലെ പാകപ്പിഴ എന്ന തലക്കെട്ടോടു കൂടി പി.ജെ.കുര്യന്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് വിശദ്ധീകരണവുമായി എത്തിയത്. പരിഭാഷപ്പെടുത്തുന്നതിലെ പിഴവ് മൂലം തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവരോട് പരാതിയില്ലെന്നും പി.ജെ. കുര്യന്‍ ഫേസ്ബുക്കില്‍ പറഞ്ഞു.

താന്‍ ആദ്യമായിട്ടല്ല പരിഭാഷപ്പെടുത്തുന്നതെന്നും പത്തനംതിട്ടയില്‍ തന്നെ രാഹുല്‍ഗാന്ധിയുടേയും സോണിയ ഗാന്ധിയുടേയും കോട്ടയത്ത് മന്‍മോഹന്‍സിങ്ങിന്റെയും പ്രസംഗം അപാകതകള്‍ ഇല്ലാതെ പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്നും പി.ജെ കുര്യന്‍ പറയുന്നു.

രാഹുല്‍ ഗാന്ധിയുടെ പത്തനംതിട്ടയിലെ പ്രസംഗത്തിന് ശേഷം വ്യപക വിമര്‍ശനമായിരുന്നു പി.ജെ.കുര്യന് നേരിടേണ്ടി വന്നത്. പ്രധാനമന്ത്രി ഘട്ടംഘട്ടമായി പല പദ്ധതികളും വാഗ്ദാനം നല്‍കുന്നുണ്ട് എന്നത് പ്രധാനമന്ത്രി പടിപടിയായി പല പദ്ധതികളും നടപ്പിലാക്കുന്നുണ്ട് എന്നാക്കിയാണ് കുര്യന്‍ തര്‍ജ്ജമ ചെയ്തത്.

അതുപോലെ പ്രധാനമന്ത്രി പറയുന്നത് താന്‍ കാവല്‍ക്കാരനാണ്, ആരുടെ കാവല്‍ക്കാരന്‍ എന്ന് രാഹുല്‍ ചോദിച്ചത് പി.ജെ.പി കുര്യന്‍ ആരാണ് കാവല്‍ക്കാരന്‍ എന്നതരത്തിലാണ് തര്‍ജ്ജമ ചെയ്തത്.രാഹുലിന്റെ വാക്കുകളുടെ ഉദ്ദേശശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു കുര്യന്റെ പരിഭാഷ.

ആര്‍.എസ്.എസിനും ബി.ജെ.പിക്കുമെതിരായ ഒരു പോരാട്ടത്തിലാണ് നമ്മളിപ്പോള്‍ എന്നാണ് രാഹുല്‍ ഗാന്ധി ഇംഗ്ലീഷില്‍ പറഞ്ഞത്. എന്നാല്‍ ഇതില്‍ ആര്‍.എസ്.എസ് എന്നതിനെ പി.ജെ കുര്യന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്നാക്കി തര്‍ജ്ജമ ചെയ്യുകയായിരുന്നു.

We use cookies to give you the best possible experience. Learn more