പാലാ: പാര്‍ട്ടിക്കുള്ളിലുണ്ടായ അഭിപ്രായ വ്യത്യാസം ഇന്നല്ലെങ്കില്‍ നാളെ തീരുമെന്നാണു തന്റെ പ്രതീക്ഷയെന്ന് പി.ജെ ജോസഫ്. പാലായില്‍ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘പാര്‍ട്ടിക്കകത്തെ മത്സരത്തില്‍ നമ്മള്‍ സ്വീകരിക്കുന്ന ചില നിലപാടുകളുണ്ട്. അതിന്റെ ഭാഗമായിട്ടുണ്ടായതാണ്. ജോസ് കെ. മാണിയുമായുള്ള അഭിപ്രായ വ്യത്യാസം ഇന്നല്ലെങ്കില്‍ നാളെ തീരുമെന്നാണെന്റെ പ്രതീക്ഷ. അഭിപ്രായ വ്യത്യാസങ്ങള്‍ സ്ഥിരമായിട്ടുള്ളതല്ല.’- അദ്ദേഹം പറഞ്ഞു.
ജോസ് ടോമിനെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച ജോസഫ്, ഇന്നുമുതല്‍ തെരഞ്ഞെടുപ്പ് വേദിയില്‍ താനുണ്ടാവുമെന്നു വ്യക്തമാക്കുകയും ചെയ്തു.
‘ഈയവസരത്തില്‍ ഐക്യജനാധിപത്യ മുന്നണിയെടുക്കുന്ന ഏതു തീരുമാനവും ഞാന്‍ അംഗീകരിക്കുമെന്നു പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ജോസ് ടോമിനെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇന്നുമുതല്‍ ഞങ്ങള്‍ തെരഞ്ഞെടുപ്പ് വേദിയിലുണ്ടാവും.’- അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം വേദിയിലേക്ക് കടന്നു വന്നപ്പോള്‍ത്തന്നെ ജോസഫിനെതിരെ ഗോ ബാക്ക് വിളികള്‍ ഉയര്‍ന്നിരുന്നു.
പാലാ കുരിശുപള്ളിയുടെ കഥ പറഞ്ഞുതുടങ്ങിയ ജോസഫിനു തുടക്കം മുതല്‍ക്കു തന്നെ പ്രവര്‍ത്തകരുടെ രോഷത്തിനിരയാകേണ്ടി വന്നു. മാധ്യമപ്രവര്‍ത്തകര്‍ നില്‍ക്കുന്ന സദസ്സിന്റെ മുന്‍വശത്തേക്കെത്തിയ ചില പ്രവര്‍ത്തകര്‍ മുഷ്ടി ചുരുട്ടി ഗോ ബാക്ക് വിളിച്ചത് ഏറെനേരം ആശങ്ക സൃഷ്ടിച്ചു.
തുടര്‍ന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമിനും ജോസ് കെ. മാണിക്കും ജയ് വിളിച്ചാണ് ജോസഫിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചത്. ഉടന്‍തന്നെ ജോസ് കെ. മാണി ഇടപെട്ട് അവരോട് നിര്‍ത്താനും അവിടെയിരിക്കാനും ആംഗ്യം കാണിച്ചെങ്കിലും വീണ്ടും ഇതു തുടര്‍ന്നു.
തുടര്‍ന്നു നിങ്ങളുടെ എല്ലാ വികാരങ്ങളും താന്‍ മനസ്സിലാക്കുന്നുവെന്നു പറഞ്ഞ ജോസഫിനെ കൂവിവിളിച്ചും ചീത്ത പറഞ്ഞുമാണ് പ്രവര്‍ത്തകര്‍ എതിരേറ്റത്. ചീത്തവിളിയില്‍ അസ്വസ്ഥത പ്രകടിപ്പിച്ച ജോസ് കെ. മാണി വീണ്ടും ഇടപെട്ടെങ്കിലും കാര്യമുണ്ടായില്ല.
നേരത്തേ ജോസഫിന്റെ ഇടപെടലായിരുന്നു ജോസ് ടോമിന് രണ്ടില ചിഹ്നം ലഭിക്കാതെ പോയത്. പാര്‍ട്ടിയില്‍ ജോസഫ്-ജോസ് കെ. മാണി വിഭാഗങ്ങള്‍ തമ്മിലുള്ള പോര് തെരഞ്ഞെടുപ്പിലുടനീളം ദൃശ്യമാകുമെന്ന് ഇതോടെ ഉറപ്പായി.
സ്ഥാനാര്‍ഥിയെ അനുകൂലിക്കുന്നവരാണു തന്നെ ചീത്ത വിളിച്ചതെന്നു കരുതുന്നില്ലെന്നായിരുന്നു ജോസഫിന്റെ പ്രതികരണം. ജോസ് കെ. മാണിയുമായുള്ള പ്രശ്നത്തെക്കുറിച്ചു സംസാരിച്ചു തുടങ്ങവെ, ‘ഞങ്ങളെ വിഡ്ഢികളാക്കേണ്ട’ എന്നായിരുന്നു സദസ്സില്‍ നിന്നു വന്ന പ്രതികരണം.
ഒടുവില്‍ അധികം ദീര്‍ഘിപ്പിക്കാതെ പ്രസംഗം അവസാനിപ്പിക്കുന്നതായി ജോസഫ് പറഞ്ഞു. അതിനും മറുപടി കൂവലായിരുന്നു. ഇതിനിടയിലുടനീളം ഗോ ബാക്ക് വിളികളും തുടര്‍ന്നു.